‘കോൺഗ്രസിന് വോട്ട് ചെയ്തിട്ടെന്ത് കിട്ടി? മുസ്ലിങ്ങൾ ബിജെപിക്ക് വോട്ട് ചെയ്യണം’: രാജീവ് ചന്ദ്രശേഖർ

കേന്ദ്രമന്ത്രിസഭയിൽ മുസ്ലിം മന്ത്രിമാരുടെ അസാന്നിധ്യം ചൂണ്ടിക്കാട്ടി, ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് മുസ്ലിം സമുദായത്തോട് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മുസ്ലിങ്ങൾ ബിജെപിക്ക് വോട്ട് ചെയ്യാത്തതുകൊണ്ടാണ് കേന്ദ്രത്തിൽ മന്ത്രിമാരില്ലാത്തതെന്ന് കോഴിക്കോട് പ്രസ്ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വോട്ടു ചെയ്താലല്ലേ മുസ്‌ലിം എംപിയുണ്ടാകൂ എന്ന ചോദ്യവും അദ്ദേഹം ഉയർത്തി. എംപി ഇല്ലെങ്കിൽ എങ്ങനെ മന്ത്രിയുണ്ടാകുമെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു.
Also Read : ‘ഹിന്ദു വോട്ട് കിട്ടാനാണോ അയ്യപ്പസംഗമം; വിശ്വാസിയല്ലാത്തവർ എന്തിന് പരിപാടി നടത്തുന്നു?’; രാജീവ് ചന്ദ്രശേഖർ
മുസ്ലീങ്ങൾ ബിജെപിക്ക് വോട്ട് തരുന്നില്ല. എന്തിനാണ് കോൺഗ്രസിന് വോട്ട് നൽകുന്നത്. കോൺഗ്രസിന് വോട്ട് കൊടുത്താൽ എന്തെങ്കിലും ഗുണം കിട്ടുമോ എന്ന ചോദ്യവും രാജീവ് ചന്ദ്രശേഖർ ഉയർത്തി. കോഴിക്കോട് മുസ്‌ലിംങ്ങൾ വോട്ട് ചെയ്‌താൽ മാത്രമെ മുസ്‌ലിം എംപി ഉണ്ടാവുകയുള്ളൂ. വരുന്ന തിരഞ്ഞെടുപ്പിനെ ബിജെപി സെമി ഫൈനലായിട്ടല്ല, മറിച്ച് ഫൈനലായിട്ടാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ഭരണമാറ്റം മാത്രമല്ല, ഭരണശൈലിയിലുള്ള മാറ്റമാണ് ബിജെപി മുന്നോട്ട് വക്കുന്നത്. കേരളത്തിലെ 95 ശതമാനം വികസന പ്രവർത്തനങ്ങളും നടപ്പിലാക്കുന്നത് കേന്ദ്രസർക്കാരാണ്. സംസ്ഥാന സർക്കാരാണ് ഇതിനാവശ്യമായ ഫണ്ട് അനുവദിക്കാത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിന് ഇനി വേണ്ടത് ഒരു ഡബിൾ എഞ്ചിൻ സർക്കാർ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിലെ കേന്ദ്ര മന്ത്രിസഭയിൽ മുസ്ലീം സമുദായത്തിൽ നിന്നുള്ള മന്ത്രിമാരാരും ഇല്ല. സ്വാതന്ത്ര്യത്തിന് ശേഷം രൂപീകരിക്കുന്ന കേന്ദ്ര മന്ത്രിസഭയിൽ ഒരു മുസ്ലീം എംപിയെയും ഉൾപ്പെടുത്താത്തത് ഇത് ആദ്യമായാണ്. പതിനെട്ടാം ലോക്‌സഭയിലേക്ക് എൻഡിഎ സഖ്യത്തിൽ മത്സരിച്ച ഒരു മുസ്ലീം സ്ഥാനാർത്ഥിയും വിജയിച്ചിട്ടില്ല. മുൻ മോദി സർക്കാരിൽ, മുഖ്താർ അബ്ബാസ് നഖ്‌വി ആയിരുന്നു മുസ്ലീം മന്ത്രി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here