കേരള അതിർത്തിയിൽ പോലീസ് വെടിവയ്പ്; മലയാളി ഡ്രൈവർക്ക് പരിക്ക്

അനധികൃത കന്നുകാലിക്കടത്ത് തടയുന്നതിനിടെ കർണാടകയിൽ പോലീസ് നടത്തിയ വെടിവയ്പ്പിൽ മലയാളി ലോറി ഡ്രൈവർക്ക് പരിക്ക്. വെടിവയ്പ്പിൽ പരിക്കേറ്റ കാസർകോട് സ്വദേശി അബ്ദുള്ളയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അബ്ദുള്ള നിലവിൽ പോലീസ് കസ്റ്റഡിയിലാണെന്നാണ് സൂചന. കേരളത്തിലേക്ക് കന്നുകാലികളെ അനധികൃതമായി കടത്താൻ ശ്രമിച്ച ലോറി തടയാൻ ശ്രമിക്കുന്നതിനിടെയാണ് വെടിവയ്പ്പ് ഉണ്ടായത്. ലോറിയിൽ കെട്ടിയിട്ട നിലയിൽ ഏകദേശം 15 ഓളം കന്നുകാലികൾ ഉണ്ടായിരുന്നു.
കർണാടകയിലെ അതിർത്തി പ്രദേശത്ത് വച്ച് പോലീസിൻ്റെ നിർദ്ദേശം അവഗണിച്ച് ഡ്രൈവർ മുന്നോട്ട് പോകാൻ ശ്രമിച്ചു. പോലീസുകാരെ ഇടിച്ചിടാൻ ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്. തുടർന്ന് പുത്തൂർ റൂറൽ പോലീസ് സബ് ഇൻസ്പെക്ടർ രാഘവേന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘം വെടിവയ്ക്കുകയായിരുന്നു. അബ്ദുള്ളയുടെ കാലിനാണ് വെടിയേറ്റതെന്നാണ് വിവരം.
Also Read : യുവാക്കൾ വെടിയേറ്റ് മരിച്ച നിലയിൽ; സ്ഥലത്ത് നിന്ന് നാടൻ തോക്ക് കണ്ടെത്തി
പരിക്കേറ്റ അബ്ദുള്ളയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയും പ്രാഥമിക ചികിത്സ നൽകുകയും ചെയ്തു. ജീവന് ഭീഷണിയുണ്ടായ സാഹചര്യത്തിലാണ് വെടിവെപ്പ് ഉണ്ടായതെന്ന് ഉദ്യോഗസ്ഥർ അവകാശപ്പെടുന്നു. ലോറിയിൽ ഒപ്പമുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു.
അനധികൃത കന്നുകാലിക്കടത്ത്, പോലീസിൻ്റെ ജോലി തടസ്സപ്പെടുത്തൽ, വധശ്രമം എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തിട്ടുണ്ട്. ആശുപത്രിയിൽ ചികിത്സയ്ക്ക് ശേഷം ഇദ്ദേഹത്തെ ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തും. ലോറിയിൽ ഉണ്ടായിരുന്ന കന്നുകാലികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി കർണാടക പോലീസ് അറിയിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here