സർക്കാർ ജീവനക്കാർക്ക് ലോട്ടറി; പന്ത്രണ്ടാം ശമ്പള കമ്മീഷനും ഡിഎ കുടിശ്ശികയും പ്രഖ്യാപിച്ചു; ബജറ്റിൽ വൻ ആനുകൂല്യങ്ങൾ

രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വൻ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഏറെക്കാലമായുള്ള കാത്തിരിപ്പിന് വിരാമമിട്ട് പന്ത്രണ്ടാം ശമ്പള കമ്മീഷനെ പ്രഖ്യാപിച്ചതിനൊപ്പം, കുടിശ്ശികയുള്ള ഡിഎ ഘട്ടം ഘട്ടമായി നൽകുമെന്നും ബജറ്റിൽ ഉറപ്പുനൽകി.
Also Read : ഇലക്ട്രിക് ഓട്ടോ വാങ്ങാൻ 40,000 രൂപ ബോണസ്; ഓട്ടോ തൊഴിലാളികൾക്ക് ആശ്വാസം
സംസ്ഥാന ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിനായി പന്ത്രണ്ടാം ശമ്പള കമ്മീഷനെ നിയോഗിച്ചു. മൂന്നു മാസത്തിനകം കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കണം. ഇത് സമയബന്ധിതമായി നടപ്പിലാക്കുമെന്ന് മന്ത്രി അറിയിച്ചു. ഡിഎ കുടിശ്ശികയുടെ ഒരു ഗഡു ഫെബ്രുവരി മാസത്തെ ശമ്പളത്തിനൊപ്പം നൽകും. അവശേഷിക്കുന്ന ഡിഎ, മാർച്ച് മാസത്തെ ശമ്പളത്തോടൊപ്പം നൽകി തീർപ്പാക്കും. നിലവിൽ ആകെ 15 ശതമാനത്തോളം കുടിശ്ശികയാണ് നൽകാനുള്ളത്.
പങ്കാളിത്ത പെൻഷന് പകരമായി തമിഴ്‌നാട് മാതൃകയിൽ ‘അഷ്വേർഡ് പെൻഷൻ പദ്ധതി’ ഏപ്രിൽ 1 മുതൽ നടപ്പിലാക്കും. ഇത് പ്രകാരം അവസാന ശമ്പളത്തിന്റെ 50 ശതമാനം പെൻഷനായി ഉറപ്പാക്കും. നിർത്തലാക്കിയിരുന്ന ഹൗസ് ബിൽഡിംഗ് അഡ്വാൻസ് സ്കീം പുനഃസ്ഥാപിച്ചു. കൂടുതൽ ആനുകൂല്യങ്ങളുമായി മെഡിസെപ്പ് 2.0 (MEDISEP 2.0) നടപ്പിലാക്കും. തിരഞ്ഞെടുപ്പ് വർഷം മുന്നിൽക്കണ്ട് സർക്കാർ ജീവനക്കാരെയും പെൻഷൻകാർക്കും ഒപ്പം നിർത്താനുള്ള നിർണ്ണായക നീക്കമായാണ് ഈ പ്രഖ്യാപനങ്ങൾ വിലയിരുത്തപ്പെടുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here