ബജറ്റിൽ ജമാഅത്തെ ഇസ്ലാമിക്ക് പരോക്ഷവിമര്‍ശനം; ചാപ്പകുത്തലില്‍ തളര്‍ന്നുപോവില്ലെന്ന് ധനമന്ത്രി

സി.പി.എമ്മിനെ സംഘപരിവാറുമായി കൂട്ടിചേര്‍ത്ത് നടത്തുന്ന പ്രചാരണങ്ങള്‍ക്കും ജമാ അത്തെ ഇസ്ലാമിക്കും മറുപടി പറയാൻ രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന ബജറ്റ് അവസരമാക്കി ധനമന്ത്രി. മതരാഷ്ട്രവാദം മുന്നോട്ടുവയ്ക്കുന്നവര്‍, കേരളീയരുടെ ഒത്തൊരുമയെ തകര്‍ക്കാന്‍ വിഷം ചീറ്റി രംഗത്തുണ്ട് എന്നാണ് മന്ത്രി പറഞ്ഞത്. ഇതിനെ എതിര്‍ക്കുന്നവരെ ചാപ്പകുത്തുക എന്നതാണ് തിരഞ്ഞെടുപ്പ് തന്ത്രം ഒരുക്കികൊടുക്കുന്നവര്‍ നല്‍കിയിരിക്കുന്ന ഉപദേശം. ആ ചാപ്പകുത്തലുകളെ അവജ്ഞയോടെ തള്ളിക്കളയുന്നതായും ബജറ്റ് പ്രസംഗത്തില്‍ മന്ത്രി പറയുന്നു. ബജറ്റ് പ്രസംഗങ്ങളിൽ പതിവില്ലാത്തതാണ് ഇത്തരം വിമർശനങ്ങൾ.
മന്ത്രിയുടെ വാക്കുകൾ ഇങ്ങനെ: “കഴിഞ്ഞ ബജറ്റിൻ്റെ തുടക്കത്തില്‍ ദീര്‍ഘകാലമായി കേരളം നേരിട്ടിരുന്ന ധനവൈഷമ്യത്തില്‍ നിന്നും നാം കരകയറി എന്ന് സൂചിപ്പിച്ചിരുന്നു. കേരളം സാമ്പത്തിക വളര്‍ച്ചയുടെ ഒരു ഉയര്‍ന്ന ഘട്ടത്തിലേക്ക് കടക്കാനുള്ള ടേക്ക് ഓഫിനു സജ്ജമായിരിക്കുന്നു എന്ന കാര്യവും അന്ന് എടുത്തു പറഞ്ഞിരുന്നു. പുതിയ ബജറ്റ് പ്രസംഗത്തില്‍ കൂടുതല്‍ സന്തോഷ വര്‍ത്തമാനങ്ങള്‍ പങ്കുവയ്ക്കാനുമുണ്ട്. എന്നാല്‍ അവയിലേക്ക് കടക്കുന്നതിന് മുമ്പ് കേരളീയരെ ആശങ്കപ്പെടുത്തുന്ന എന്നാല്‍ ജാഗ്രതയോടെ നീങ്ങിയാല്‍ ഒഴിവാക്കാനാകുന്ന ഒരു അപകടത്തെക്കുറിച്ച് പറയേണ്ടതുണ്ട്….
എത്ര ബജറ്റ് അവതരിപ്പിച്ചാലും എത്ര ലക്ഷം കോടി ചെലവാക്കിയാലും കിട്ടാത്ത ഒത്തൊരുമ എന്നൊരു മഹത്തായ സ്വത്ത് കേരളത്തിനുണ്ട്. ശാന്തിയും സമാധാനവും മതസൗഹാര്‍ദവും നിലനിര്‍ത്താനാവുന്നു എന്നതാണ് നമ്മുടെ ഭാവിവളര്‍ച്ചയുടെയും ഐശ്വര്യത്തിന്റെയും വലിയ ഉറപ്പ്. വിദേശ സഞ്ചാരികളേയും സംരംഭകരെയും മൂലധനത്തെയും മറ്റും നമ്മുടെ നാട്ടിലേക്ക് ആകര്‍ഷിക്കാന്‍ ഇതിനേക്കാള്‍ മെച്ചപ്പെട്ട ഒരു ഘടകത്തെക്കുറിച്ചും ആലോചിക്കാനാകില്ല. പക്ഷേ കേരളത്തിന്റെ ഈ കൂട്ടായ്മയെ തകര്‍ക്കാന്‍ ഉഗ്രവിഷമുള്ള വര്‍ഗീയ സര്‍പ്പങ്ങള്‍ തക്കംപാര്‍ക്കുന്നുണ്ട്. കേരളീയ ജീവിതത്തിന്റെ സ്വച്ഛതയിലേക്ക് വിഷം പകരാന്‍ അവര്‍ പലവുരു പരിശ്രമിച്ചിട്ടുണ്ട്. സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും പ്രതിരോധം സൃഷ്ടിച്ച് വിഷബാധകളെ ചെറുക്കാന്‍ നമുക്ക് ഇതുവരെ കഴിഞ്ഞു. പക്ഷേ പെട്ടെന്ന് പരാജയം സമ്മതിച്ചു പിന്‍വാങ്ങുന്നവരല്ല മതരാഷ്ട്രവാദം ചീറ്റുന്ന വിഷസര്‍പ്പങ്ങള്‍ എന്ന് നാം തിരിച്ചറിയണം. കേരളത്തെ വര്‍ഗീയമായി വിഭജിച്ചും ധ്രുവീകരിച്ചും കീഴ്‌പ്പെടുത്താന്‍ പുതിയ തന്ത്രങ്ങളുമായി അവര്‍ സജീവമാണ്. വര്‍ഗീയതയ്‌ക്കെതിരെ ജനകീയ ഐക്യത്തിന്റെ പ്രതിരോധം തീര്‍ക്കുന്നവരെ ചാപ്പകുത്തുക എന്നതാണ് തിരഞ്ഞെടുപ്പ് വിദഗ്ധര്‍ ഓതിക്കൊടുക്കുന്ന പുതിയ തന്ത്രം….
ചാപ്പകുത്തലുകളെ അവജ്ഞയോടെ തള്ളിക്കളയുന്നു. തീക്കട്ടയില്‍ ചിതലരിക്കില്ല എന്ന് മനസിലാക്കിക്കൊള്ളണം. കുറഞ്ഞത് ഒരു നൂറ്റാണ്ടുകാലമായി തങ്ങള്‍ ഇവിടെ ജനങ്ങള്‍ക്കിടയിലുണ്ട്. സാമ്രാജ്യത്വത്തിന് എതിരായ സമരങ്ങളില്‍ തുടങ്ങി ഭൂപരിഷ്‌കരണത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങളിലും നിയമനിര്‍മ്മാണത്തിലും കൂടി വളര്‍ന്ന് എണ്ണമറ്റ തൊഴില്‍ സമരങ്ങളിലൂടെ ശക്തി പ്രാപിച്ച് ക്ഷേമപെന്‍ഷനുകളുടെ വിതരണത്തിലും ജനകീയാസൂത്രണത്തിലും അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിലും എത്തിനില്‍ക്കുന്ന തങ്ങള്‍ക്ക് ഒരു മത-ജാതി വിഭാഗവും അപരരല്ല. എല്ലാവരും ചേര്‍ന്നതാണ് ഞങ്ങള്‍ ഇടതുപക്ഷമെന്നും മന്ത്രി വ്യക്തമാക്കി.”

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here