ശമ്പളപരിഷ്‌ക്കരണം അടക്കം അടുത്ത സർക്കാരിൻ്റെ തലയിലിട്ടു!! തിരഞ്ഞെടുപ്പ് ബജറ്റ് എന്ന് വരുത്താതെ ഒരു ഞാണിന്‍മേല്‍ കളി

തിരഞ്ഞെടുപ്പിലേയ്ക്ക് പോകുന്ന ഒരു സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ബജറ്റ് എന്നതിലുപരി സര്‍ക്കാര്‍ ഒരു തുടര്‍പ്രതിഭാസമെന്ന മട്ടിലാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. പ്രതീക്ഷിച്ചതു പോലെ ക്ഷേമപെന്‍ഷന്‍, റബ്ബര്‍ വിലവര്‍ദ്ധന ഒന്നുമുണ്ടായില്ല എങ്കിലും പല വിഭാഗങ്ങളേയും തൃപ്തിപ്പെടുത്താനുള്ള തന്ത്രവും കാണാം. പ്രത്യേകിച്ച് തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക ശക്തിയാകാന്‍ കഴിയുന്ന ജീവനക്കാരെ ഒപ്പം നിര്‍ത്താനുള്ള പദ്ധതികളും പ്രഖ്യാപനങ്ങളുമാണ് ബജറ്റിന്റെ ഒരു പ്രത്യേകത. അതേസമയം വിദ്യാര്‍ത്ഥികള്‍ മുതല്‍ ഇടഞ്ഞുനില്‍ക്കുന്ന ആശ പ്രവര്‍ത്തകരെ വരെ ഒപ്പം നിര്‍ത്താനുള്ള കാര്യങ്ങളും ബജറ്റില്‍ ഉള്‍പ്പെടുത്തി എന്നതാണ് ഈ സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ തെളിയുന്നത്.
മൂലധന ചെലവിനും അതോടൊപ്പം ക്ഷേമത്തിനും ഊന്നല്‍ നല്‍കുന്നതാണ് ബജറ്റ് എന്ന് ഒറ്റനോട്ടത്തില്‍ പറയാനാകും. ഇടക്കാല ബജറ്റ് എന്ന നിലയില്‍ നിന്നുകൊണ്ടല്ല മന്ത്രി ബാലഗോപാല്‍ ഇത് അവതരിപ്പിച്ചത് എന്നതും ശ്രദ്ധേയമാണ്. സര്‍ക്കാര്‍ ആരംഭിച്ചതും പ്രഖ്യാപിച്ചതുമായ പദ്ധതികളുടെ തുടര്‍ച്ചയ്ക്കാണ് ഈ ബജറ്റിലും പ്രാധാന്യം നല്‍കിയിരിക്കുന്നത്. അതുപോലെ സംഘടിത വോട്ടുബാങ്കായ സര്‍ക്കാര്‍ ജീവനക്കാരുടെ അതൃപ്തി പരിഹരിക്കാനുള്ള ശ്രമവും ബജറ്റിലുണ്ട്. അതില്‍ ഏറ്റവും പ്രധാനം ശമ്പളപരിഷ്‌ക്കരണ കമ്മിഷനെ നിയമിച്ചുകൊണ്ടുള്ള പ്രഖ്യാപനം തന്നെയാണ്. മൂന്നുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ടുവാങ്ങി ശമ്പളപരിഷ്‌ക്കരണം നടപ്പാക്കുക എന്നതിനാണ് ബജറ്റില്‍ ഊന്നല്‍ നല്‍കിയിട്ടുള്ളത്. അതുപോലെ ഡി.എ കുടിശിക നല്‍കുന്നതും ബജറ്റില്‍ പ്രഖ്യാപു. അതുപോലെ തന്നെയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പുതിയ പെന്‍ഷന്‍ പദ്ധതിയുടെ പ്രഖ്യാപനവും.
ക്ഷേമപെന്‍ഷനില്‍ വര്‍ദ്ധന വരുത്തിയിട്ടില്ല എങ്കിലും മറ്റെല്ലാ വിഭാഗങ്ങളുടെയും ആനുകൂല്യങ്ങളില്‍ കൃത്യമായ വര്‍ദ്ധനയും ബജറ്റിലൂടെ വരുത്തിയിട്ടുണ്ട് എന്നതാണ് ഏറെ ശ്രദ്ധേയം. ചുരുക്കത്തില്‍ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കികൊണ്ടുള്ള ഒരു ബജറ്റല്ല അവതരിപ്പിച്ചതെന്ന് പറഞ്ഞുകൊണ്ട് എല്ലാ വിഭാഗങ്ങളേയും കൈയിലൊതുക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തിയിരിക്കുന്നത് എന്ന് വ്യക്തമാകും.
തൊഴിലുറപ്പു തൊഴിലാളികള്‍, ആശാവര്‍ക്കര്‍മാര്‍ മുതല്‍ മാധ്യമ പ്രവര്‍ത്തകരെ വരെ കൈയിലെടുക്കാനുള്ള വകുപ്പുകള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം തന്നെ കഴിഞ്ഞ അഞ്ചുവര്‍ഷവും നടത്തികൊണ്ടിരുന്നതു പോലെ അടിസ്ഥാനസൗകര്യ, വ്യവസായ, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ കൂടുതല്‍ വിഹിതങ്ങള്‍ വകയിരുത്താനും ശ്രമിച്ചിട്ടുണ്ട്. ചുരുക്കത്തില്‍ തിരഞ്ഞെടുപ്പില്‍ ജനങ്ങളോട് പലതും പറയാനുള്ള വകയാണ് ബജറ്റിലുള്ളത്.
എന്നാല്‍ പുതിയ സര്‍ക്കാര്‍ ആണ് ഈ ബജറ്റ് നടപ്പാക്കേണ്ടത് എന്നതാണ് ഏറ്റവും പ്രധാന കാര്യം. അതുപോലെ തന്നെ നിലവിലെ കേരളത്തിന്റെ സാമ്പത്തിക നിലയില്‍ ഇത്തരം പ്രഖ്യാപനങ്ങള്‍ എത്രത്തോളം ഫലപ്രദമാകുമെന്ന ആശങ്കയും സാമ്പത്തിക വിദഗ്ധര്‍ ഉള്‍പ്പെടെ പങ്കുവയ്ക്കുന്നുണ്ട്. കമ്മി നിയന്ത്രിച്ചുനിര്‍ത്താനും ബജറ്റിലെ പ്രഖ്യാപനങ്ങള്‍ നടപ്പാക്കാനുമായി ഏകദേശം 42,000 കോടി രൂപയാണ് അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ വായ്പയായി കേരളം പ്രതീക്ഷിക്കുന്നത്. എന്നാല്‍ കേന്ദ്രം ഇപ്പോള്‍ സ്വീകരിച്ചുവരുന്ന നയങ്ങളുടെ അടിസ്ഥാനത്തില്‍ അത് എത്രത്തോളം പ്രാവര്‍ത്തികമാകുമെന്ന ആശങ്കയാണ് പലരും പ്രകടിപ്പിക്കുന്നത്. സമസ്തമേഖലകളേയും ബജറ്റിലൂടെ അഭിസംബോധന ചെയ്തുവെങ്കിലും ഇതിനൊക്കെയുള്ള വിഹിതം ഏത് തരത്തില്‍ കണ്ടെത്തും എന്നതും ശ്രദ്ധേയമാകും.
അതിനെല്ലാമുപരി മൂന്നുമാസത്തിനുള്ളില്‍ ശമ്പളപരിഷ്‌ക്കരണം നടപ്പാക്കുമെന്ന പ്രഖ്യാപനം ജീവനക്കാരുടെ കണ്ണിൽ പൊടിയിടാൻ മാത്രമാണെന്ന് ആക്ഷേപം വ്യാപകമാകുന്നുണ്ട്. മാര്‍ച്ച് മാസം ആദ്യം തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കാനുള്ള സാദ്ധ്യതയാണ് ഉള്ളത്. ഇതുകഴിഞ്ഞാൽ പിന്നെ ഈ സര്‍ക്കാര്‍ എങ്ങനെ ശമ്പളപരിഷ്‌ക്കരണം നടപ്പാക്കുമെന്ന ചോദ്യമാണ് ഉയരുന്നത്. അതുകൊണ്ട് ഇത് വെറും തട്ടിപ്പ് മാത്രമാണെന്നാണ് ജീവനക്കാരുടെ ഇടയില്‍ നിന്നുതന്നെ ഉയരുന്ന ആശങ്ക.
അതുപോലെ ആനുകൂല്യം ലഭ്യമാക്കാനായി റബ്ബറിന്റെ വിലയില്‍ വര്‍ദ്ധന വരുത്തുമെന്ന പ്രതീക്ഷ എല്ലാവരിലും ഉണ്ടായിരുന്നെങ്കിലും അത് ചെയ്യാതെ വീണ്ടും ആ വിഭാഗത്തെ നിരാശരാക്കി എന്ന അഭിപ്രായവും ഉയരുന്നുണ്ട്. മാത്രമല്ല, കേരള കോണ്‍ഗ്രസി(എം)ന്റെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യമായിരുന്നു അത്. അതിന്റെ അടിസ്ഥാനത്തില്‍ പത്തുരൂപയുടെ വര്‍ദ്ധനയെങ്കിലും വരുത്തുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ അത് ചെയ്യാതെ റബ്ബറിന്റെ പുനരുദ്ധാരണത്തിന് ഒരു പദ്ധതി എന്ന പ്രഖ്യാപനം മാത്രമാണ് നടത്തിയിട്ടുള്ളത്. ഇതൊക്കെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള തന്ത്രങ്ങള്‍ മാത്രമാണെന്ന അഭിപ്രായമാണ് പലകോണുകളില്‍ നിന്നും ഉയരുന്നതും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here