പാര്‍ട്ടിയുടെ മുഖമായി ഇറക്കിയവർക്ക് പോലും വോട്ടില്ലെന്ന അവസ്ഥ മാനംകെടുത്തി; കോൺഗ്രസിൽ കടുത്ത നിരാശ

തിരഞ്ഞെടുപ്പില്‍ മുഖമായി അവതരിപ്പിച്ച സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ പോലും വോട്ടര്‍പട്ടികയില്‍ ഉണ്ടോയെന്ന് പരിശോധിക്കാത്ത ജില്ലാ നേതൃത്വങ്ങള്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. തിരിച്ച് അധികാരത്തിൽ എത്താന്‍ കിണഞ്ഞു പരിശ്രമിക്കുന്ന ഈ വേളയില്‍ ഡി.ഡി.സികള്‍ ഉള്‍പ്പെടെ കാട്ടിയ ഇത്തരം നിരുത്തരവാദപരമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കടുത്ത നടപടികള്‍ വേണമെന്ന ആവശ്യം നേതൃതലത്തില്‍ നിന്നുതന്നെ ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്.
തിരുവനന്തപുരം, കോഴിക്കോട് കോര്‍പ്പറേഷനുകളില്‍ കോണ്‍ഗ്രസിന്റെ മുഖമായി അവതരിപ്പിച്ച രണ്ടു സ്ഥാനാര്‍ത്ഥികളാണ് ഇപ്പോള്‍ വോട്ടര്‍പട്ടികയില്‍ പേരില്ല എന്നതിന്റെ പേരില്‍ മത്സരിക്കാന്‍ കഴിയാത്ത സ്ഥിതിയിലുള്ളത്. തിരുവനന്തപുരം മുട്ടട വാര്‍ഡിലെ സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷിന്റെ കാര്യത്തില്‍ ഹൈക്കോടതി ഇടപെട്ട് പുനഃപരിശോധന നടത്താന്‍ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷനോട് നിര്‍ദ്ദേശിച്ചെങ്കിലും നിയമവിരുദ്ധമായി ഒന്നും ചെയ്യാനാവില്ലെന്ന നിലപാടാണ് ഇന്നലത്തെ ഹിയറിംഗിന് ശേഷവും തിരഞ്ഞെടുപ്പു കമ്മിഷനുള്ളത് എന്നാണ് അറിയുന്നത്. നാളെ എന്തായാലും ഇത് കോടതിയില്‍ വരും. അപ്പോള്‍ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകും.
Also Read : മുട്ടടയിൽ വൈഷ്ണ മത്സരിക്കുമോ? തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം ഇന്ന്
എന്നാലും ഈ വിഷയത്തില്‍ പാര്‍ട്ടി ഘടകങ്ങളുടെ നിരുത്തരവാദ സമീപനം അവഗണിക്കാനാവില്ലെന്ന നിലപാടാണ് നേതൃത്വത്തില്‍ ഒരുവിഭാഗത്തിന്. നേരത്തെ വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കുന്നതിന് തിരഞ്ഞെടുപ്പു കമ്മിഷന്‍ അറിയിപ്പ് നല്‍കിയപ്പോള്‍ തന്നെ പാര്‍ട്ടിക്ക് അനുകൂലമായി നില്‍ക്കുന്ന പരമാവധി പേരെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത്തരം പ്രവര്‍ത്തനം നടത്തിയെന്ന തരത്തില്‍ പല ഡി.ഡി.സികളും പ്രതിപക്ഷ നേതാവിനെ ഉള്‍പ്പെടെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് ഉയരുന്ന വിമര്‍ശനം. ഇത്തരം വിഷയങ്ങളില്‍ നേതൃത്വത്തിന് പൂര്‍ണ്ണമായി ഇടപെട്ട് ഒന്നും ചെയ്യാനാവില്ല. പ്രാദേശിക നേതൃത്വങ്ങൾക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കാനേ കഴിയൂ എന്നതാണ് പരിമിതി.
എന്നാല്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന സംഭവവികാസങ്ങള്‍ ഇക്കാര്യങ്ങളില്‍ ഡി.സി.സികളോ മണ്ഡലം കമ്മിറ്റികള്‍ തൊട്ട് ബൂത്തുകമ്മികള്‍ വരേയോ വേണ്ടത്ര ശുഷ്‌കാന്തി കാട്ടിയിട്ടില്ല എന്നാണ് വിലയിരുത്തല്‍. അതാണ് തിരുവനന്തപുരം, കോഴിക്കോട് കോര്‍പ്പറേഷനുകളുടെ കാര്യത്തില്‍ സംഭവിച്ചതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിച്ചെടുക്കാന്‍ കച്ചകെട്ടിയിറങ്ങിയ കോണ്‍ഗ്രസ് ഈ മത്സരരംഗത്ത് അവതരിപ്പിച്ച ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി എന്ന നിലയിലാണ് വൈഷ്ണയെ ഉയര്‍ത്തിക്കാട്ടിയത്. കെ.മുരളീധരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വൈഷ്ണയുടെ പ്രചാരണത്തിന് തുടക്കം മുതല്‍ തന്നെ ചുക്കാന്‍ പിടിക്കുകയും ചെയ്തു. എന്നാല്‍ വോട്ടപട്ടികയില്‍ ഉണ്ടെന്ന് ഉറപ്പാക്കാൻ ഒരു പരിശോധനയും നടത്തിയില്ല എന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. ലോക്‌സഭയിലും തദ്ദേശതെരഞ്ഞെടുപ്പിലും വെവ്വേറെ വോട്ടര്‍പട്ടികയാണ് ഉപയോഗിക്കുന്നതെന്ന് മനസിലാക്കാന്‍ പോലും പ്രാദേശിക നേതൃത്വം തയാറായില്ലെന്നും കുറ്റപ്പെടുത്തലുകളുണ്ട്.
Also Read : വിഎം വിനു ഹൈക്കോടതിയെ സമീപിച്ചു; വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണം എന്ന് ആവശ്യം
അതുപോലെ തന്നെയാണ് കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേയ്ക്ക് ഉയര്‍ത്തിക്കാട്ടിയതാണ് ചലച്ചിത്ര സംവിധായകന്‍ കൂടിയായ വി.എം.വിനുവിനെ. എന്നാല്‍ അദ്ദേഹത്തിന് വോട്ട് ഉണ്ടോയെന്ന് പരിശോധിക്കാനോ ഇല്ലെങ്കില്‍ അത് ചേര്‍ക്കാനോ ശ്രമിച്ചില്ല എന്നാണ് ഇപ്പോള്‍ കോഴിക്കോട് ഡി.സി.സിക്ക് എതിരെ തന്നെ ഉയരുന്ന പരാതി. ഇപ്പോള്‍ ഇതിന്റെ പാപഭാരം സി.പി.എമ്മിന് മുകളില്‍ ചാര്‍ത്തി അവരെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട് എങ്കിലും എത്രനാള്‍ അതിങ്ങനെ കൊണ്ടുപോകാന്‍ കഴിയുമെന്ന ആശങ്കയും നേതൃത്വം പങ്കുവയ്ക്കുന്നുണ്ട്. ഇപ്പോൾ ഹർജി ഹൈക്കോടതിയും തള്ളിയ സാഹചര്യത്തിൽ കോൺഗ്രസ് പാർട്ടിയാകെ നാണക്കേടിൻ്റെ പടുകുഴിയിലായി. ഇത്രക്ക് ഉത്തരവാദിത്തമില്ലേ എന്ന് പൊതുജനം ചോദിക്കുന്ന അവസ്ഥയായി.
ചില സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുമ്പോള്‍ വോട്ടര്‍പട്ടികയില്‍ പേരില്ലാത്തവര്‍ കടന്നുവരിക സ്വാഭാവികമാണ്. വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതില്‍ ഒരുവിട്ടുവീഴ്ചയും കാട്ടാതെ വളരെ സജീവമായി ഇടപെടുന്ന സി.പി.എമ്മിനുപോലും ഇത്തരം പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ട്. കാസര്‍കോഡ് ജില്ലയിലും മറ്റും നിശ്ചയിച്ച ചില സ്ഥാനാര്‍ത്ഥികളെ ഇത്തരത്തില്‍ അവര്‍ക്ക് മാറ്റേണ്ടിയും വന്നിട്ടുണ്ട്. എന്നാല്‍ അതൊക്കെ ചെറിയ വാര്‍ത്തകള്‍ മാത്രമായി മാറുകയായിരുന്നു. കാരണം അവര്‍ വലിയതോതില്‍ ഉയര്‍ത്തിക്കാട്ടിയ വ്യക്തികള്‍ ആയിരുന്നില്ല ഇത്തരത്തില്‍ അബദ്ധത്തില്‍പ്പെട്ടതും. മാത്രമല്ല, രഹസ്യമായി അവര്‍ അത് ചെയ്യുകയും ചെയ്തു. എന്നാല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികളുടെ വിഷയം വന്നപ്പോള്‍ അത് വലിയ ചര്‍ച്ചയാക്കി മാറ്റി. അത് ഗുണത്തിനേക്കാളെറേ ദോഷം ചെയ്യുന്ന സ്ഥിതിയാകുമോ ഉണ്ടാക്കുകയെന്ന ആശങ്കയും അവര്‍ക്കുണ്ട്.
വോട്ടര്‍പട്ടികയില്‍ പേരില്ല എന്നതിന്റെ പേരില്‍ സി.പി.എമ്മിന്റെ സ്ഥാനാര്‍ത്ഥികളെ മാറ്റിയത് പൊതുസമൂഹത്തില്‍ ഒരു ചര്‍ച്ചയ്ക്കും വഴിവച്ചിട്ടില്ല. എന്നാല്‍ കോഴിക്കോട് കോര്‍പ്പറേഷനിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയ യു.ഡി.എഫിന്റെ ടീമിന് പൊതുജനങ്ങളില്‍ നിന്ന് തന്നെ ഇക്കാര്യത്തില്‍ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വരികയാണ്. പലയിടത്തും ഉത്തരം പറയാന്‍ കഴിയാതെ വിഷമിക്കുന്ന സ്ഥിതിയാണ് ഉള്ളതെന്നും കോണ്‍ഗ്രസ് പ്രചാരണത്തിന് നേതൃത്വം നല്‍കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ ഈ തിരഞ്ഞെടുപ്പു വേളയില്‍ സി.പി.എമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തികൊണ്ട് മുന്നോട്ടുപോകുകയെന്ന നിര്‍ദ്ദേശം തന്നെയാണ് നേതൃത്വം പ്രാദേശിക നേതൃത്വങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യത്തില്‍ സജീവമായ പരിശോധനയും നടപടിയും ഉണ്ടാകുമെന്നും പാര്‍ട്ടിവൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
കോഴിക്കോട്ടെയും തിരുവനന്തപുരത്തെയും കേസുകള്‍ വ്യത്യസ്തമാണ് എങ്കിലും രണ്ടിലും ബന്ധപ്പെട്ട കമ്മിറ്റികളുടെ ശരിയായ ശ്രദ്ധയുണ്ടായില്ല എന്നാണ് വിലയിരുത്തല്‍. തിരുവനന്തപുരത്ത് മുട്ടടയില്‍ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ച വ്യക്തിക്ക് വോട്ടര്‍പട്ടികയില്‍ പേരുണ്ടായിരുന്നു. എന്നാല്‍ തെറ്റായ വിലാസത്തില്‍ പേരുചേര്‍ത്തുവെന്നായിരുന്നു പരാതി. ഇത് ബോദ്ധ്യപ്പെട്ടാണ് അവരെ പട്ടികയില്‍ നിന്നും നീക്കിയത്. എന്നാല്‍ വി.എം. വിനുവിന് 2020ലെ തദ്ദേശതെരഞ്ഞെടുപ്പില്‍ പോലും വോട്ടില്ലായിരുന്നു എന്നാണ് തിരഞ്ഞെടുപ്പുകമ്മിഷന്‍ പറയുന്നത്. എന്നാല്‍ താന്‍ ആ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്തുവെന്ന് വിനുവും അവകാശപ്പെടുന്നുണ്ട്. ഇത്രയും പ്രശസ്തനായ വ്യക്തിയെ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയത് ശരിയായില്ല എന്നാണ് ഇന്നലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ ജില്ലാ കലക്ടര്‍മാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞത്.
ഇത്രയും പ്രശ്‌സ്തനും പാര്‍ട്ടി അനുഭാവിയുമായ വ്യക്തിക്ക് വോട്ടര്‍പട്ടികയില്‍ പേരുണ്ടോയെന്ന് പരിശോധിക്കേണ്ടത് ആ പറഞ്ഞ നേതാവിന്റെ കൂടി കടമയായിരുന്നു എന്നാണ് കോണ്‍ഗ്രസ് നേതൃത്വം തിരുത്തുന്നത്. പ്രശസ്തനായതുകൊണ്ട് വോട്ടര്‍പട്ടികയില്‍ പേരുണ്ടാകണമെന്നില്ല, അതിന് അപേക്ഷ നല്‍കി നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും പാര്‍ട്ടിയുടെ നേതൃനിരയില്‍ നിന്ന് തന്നെ ഇതിന് മറുപടിയായി വ്യക്തമാക്കുന്നുണ്ട്. എന്തായാലും തിരഞ്ഞെടുപ്പു കഴിയുന്നതുവരെ ഇക്കാര്യത്തില്‍ മറ്റുതരത്തിലുള്ള പ്രതികരണങ്ങള്‍ പാര്‍ട്ടിയില്‍ നിന്നുണ്ടാകില്ല. അതിനുശേഷം വോട്ടര്‍പട്ടികയില്‍ പേരുചേര്‍ത്തത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിശദമായ പരിശോധന നടത്താനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here