ജോസ് കെ മാണിയെ കൂടെ നിര്‍ത്താനുള്ള നീക്കങ്ങളില്‍ കോണ്‍ഗ്രസില്‍ അമര്‍ഷം; സ്ഥാനാര്‍ത്ഥി ആകാന്‍ കുപ്പായം തുന്നിയവര്‍ കലിപ്പില്‍

കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് എത്തിക്കാനുള്ള നീക്കം സജീവമായി നടക്കുകയാണ്. മുസ്ലിം ലീഗാണ് ഈ നീക്കത്തിന്റെ ചുക്കാന്‍ പിടിക്കുന്നത്. എന്നാല്‍ ഈ നീക്കത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ എതിരഭിപ്രായങ്ങള്‍ ഏറെയാണ്. പ്രത്യേകിച്ചും കോട്ടയം ജില്ലയില്‍. തദ്ദേശ തിരിഞ്ഞെടുപ്പിൽ കോട്ടയത്ത് യുഡിഎഫ് മിന്നും നേട്ടമാണ് സ്വന്തമാക്കിയത്. 6 നഗരസഭകളിലും ഭരണം പിടിച്ചു. ജില്ലാ പഞ്ചായത്ത് ഭരണം വ്യക്തമായ ഭൂരിപക്ഷത്തില്‍ നേടിയതിനൊപ്പം 11ല്‍ 9 ബ്ലോക്ക് പഞ്ചായത്തുകളിലും യുഡിഎഫ് ഭരണമാണ്. 71 ഗ്രാമപ്പഞ്ചായത്തുകളില്‍ 39 എണ്ണവും ഭരിക്കുന്നത് യുഡിഎഫാണ്. ഇത്രയും വലിയ നേട്ടം കേരള കോണ്‍ഗ്രസിന്റെ സഹായമില്ലാതെ അല്ലേ എന്നാണ് ഇവര്‍ ചോദിക്കുന്നത്.
കേരള കോണ്‍ഗ്രസ് എം മുന്നണിയിലേക്ക് കടന്നു വരുമ്പോള്‍ പല സീറ്റുകളും വിട്ടു കൊടുക്കേണ്ടി വരും. നിലവില്‍ 9 നിയമസഭാ സീറ്റുകളുള്ള കോട്ടയം ജില്ലയില്‍ 5 ഇടത്താണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. അതില്‍ വിജയിക്കാന്‍ കഴിഞ്ഞത് രണ്ടു സീറ്റുകളില്‍ മാത്രമാണ്. ജോസ് കെ മാണി വരുമ്പോള്‍ അവര്‍ക്ക് സീറ്റ് നല്‍കേണ്ടി വരുമ്പോള്‍ കുറയുന്നത് കോണ്‍ഗ്രസിന്റെ സീറ്റുകളാകും എന്ന് ഉറപ്പിച്ചാണ് ഈ പൊട്ടിത്തെറി. കൈവശമുള്ള സീറ്റുകൾ കേരള കോണ്‍ഗ്രസ് പിജെ ജോസഫ് വിഭാഗമോ പാല മാണി സി കാപ്പനോ വിട്ടു കൊടുക്കില്ലെന്ന് ഉറപ്പാണ്.
ഇത് കോട്ടയത്തെ മാത്രം കാര്യമായി ഒതുങ്ങുന്നതല്ല. പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ഈ പ്രതിസന്ധിയുണ്ട്. അതുകൊണ്ട് തന്നെ കോണ്‍ഗ്രസില്‍ വിഷയം അത് പൊട്ടിത്തെറിയിലേക്ക് എത്തും എന്ന് ഉറപ്പാണ്. ഐഷാ പോറ്റി മാതൃകയില്‍ സ്ഥാനാര്‍ത്ഥി കുപ്പായം തുന്നിവച്ചവര്‍ കോണ്‍ഗ്രസ് വിട്ട് പുറത്തു വരാനും സാധ്യതയുണ്ട്. ഇതിന്റെ സൂചനകളാണ് പുറത്തു വരുന്നത്. കെപിസിസി മുന്‍ സെക്രട്ടറി അജീഷ് ബെന്‍ മാത്യു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ രൂക്ഷമായാണ് പ്രതികരിച്ചത്. കൊള്ളാവുന്ന കുടുംബത്തിലേക്ക് വേശ്യയെ വിളിച്ചുകൊണ്ടു വന്നാല്‍ കുടുംബം കുളം തോണ്ടും എന്നാണ് വിമര്‍ശിച്ചത്. മുതിര്‍ന്ന നേതാവ് കെസി ജോസഫും ജോസ് കെ മാണിക്ക് പിന്നാലെ പോകുന്നതില്‍ എതിര്‍ അഭിപ്രായത്തിലാണ്. തദ്ദേശത്തിലെ വിജയം തന്നെയാണ് ജോസഫും ഉന്നയിക്കുന്നവര്‍.
ഇത്തവണ എങ്ങനേയും ഭരണം പിടിക്കണം എന്ന ലക്ഷ്യവുമായാണ് മുസ്ലിം ലീഗ് ഈ നീക്കങ്ങളെല്ലാം നടക്കുന്നത്. എന്നാല്‍ തങ്ങളുടെ സീറ്റില്‍ വലിയ നീക്കുപോക്കിന് ലീഗ് തയാറാവുകയും ഇല്ല. അതുകൊണ്ട് തന്നെ നഷ്ടം സംഭവിക്കുക കോണ്‍ഗ്രസിനാകും. നീക്കു പോക്കുകള്‍ കഴിയുമ്പോള്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുന്നവരുടെ എണ്ണം കുറയും. ഇത് ഭരണം ലഭിച്ചാലും പലരുടേയും വിരട്ടലിനും വിലപേശലിനും കാരണവുകയും ചെയ്യും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here