ബിനോയ് വിശ്വത്തിന് ജോസിനെ വിശ്വാസം; കേരള കോണ്‍ഗ്രസ് ഇടതു മുന്നണി വിടില്ലെന്ന് സിപിഐ

കേരള കോണ്‍ഗ്രസ് എം മുന്നണി മാറുമെന്ന അഭ്യൂഹങ്ങള്‍ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇന്നലെ മുന്നണി വിടില്ലെന്നാണ് ജോസ് മാധ്യമങ്ങളോട് പറഞ്ഞത്. ആ വാക്ക് വിശ്വസിക്കുകയാണ് എന്നും ബിനോയ് വിശ്വം പറഞ്ഞു. ഇന്നലെ രാത്രിയും ജോസ് കെ മാണിയുമായി സംസാരിച്ചിരുന്നു. ഒരു പാര്‍ട്ടിയുടെ ചെയര്‍മാന്‍ നിലപാട് പറയുമ്പോള്‍ അതില്‍ അവിശ്വാസം കാണേണ്ട കാര്യമില്ല. കേരള കോണ്‍ഗ്രസിന് മുന്നണി വിടേണ്ട കാര്യമില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

ഇടതു മുന്നണിയില്‍ ഉറച്ച് നില്‍ക്കും എന്ന് ജോസ് കെ മാണി പറയുമ്പോഴും ചര്‍ച്ചകള്‍ സജീവമാണ്. നാളെ ചേരുന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ച നടക്കും. ജോസ് കെ മാണിക്ക് യുഡിഎഫ് പ്രവേശനത്തില്‍ അനുകൂല നിലപാടാണ് എങ്കിലും മന്ത്രി റോഷി അഗസ്റ്റിന്റെ എതിര്‍പ്പാണ് തീരുമാനം വൈകിപ്പിക്കുന്നത്. സമവായം ഉണ്ടാകാതെ മുന്നണി മാറ്റത്തിലേക്ക് പോയാല്‍ അത് പിളര്‍പ്പിലേക്ക് നയിക്കും. പാര്‍ട്ടിയെ അത് തളര്‍ത്തുകയും ചെയ്യും. അതാണ് ജോസ് കെ മാണിയെ ചിന്തിപ്പിക്കുന്നത്.

മുസ്ലിം ലീഗും ക്രൈസ്ത സഭകളുമാണ് കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്നിലുള്ളത്. ജോസ് കെ മാണി മുന്നണി മാറ്റം ഇല്ല എന്ന പ്രഖ്യാപനത്തില്‍ ആശ്വാസമുണ്ടെങ്കിലും സിപിഎം ഇത് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. അതുകൊണ്ട് തന്നെ റോഷിയെ ഒപ്പം നിര്‍ത്താനുളള ശ്രമമാണ് അവര്‍ നടത്തുന്നത്. റാന്നി എംഎല്‍എ പ്രമോദ് നാരായണനും ഇടതുപക്ഷത്തില്‍ തുടരണം എന്ന നിലപാടിലാണ്. അത് ഗുണമാക്കാനുളള പ്രവര്‍ത്തനങ്ങളാണ് സിപിഎമ്മില്‍ നിന്നും ഉണ്ടാകുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top