തലസ്ഥാനത്ത് ജോസഫ് ഗ്രൂപ്പിൻ്റെ വിമതനീക്കം; ലക്ഷ്യം കോട്ടയവും ഇടുക്കിയുമെന്ന് യു.ഡി.എഫ് കണക്കുകൂട്ടൽ

കേരള കോണ്‍ഗ്രസിന്റെ (ജോസഫ്) വിമത ഭീഷണിയില്‍ കോണ്‍ഗ്രസിനുള്ളില്‍ കടുത്ത അമര്‍ഷം. തിരുവനന്തപുരം നഗരസഭയിലാണ് 25ല്‍ പരം വാര്‍ഡുകളില്‍ ജോസഫ് ഗ്രൂപ്പ് സ്വന്തം നിലയില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. മുന്നണി മര്യാദകള്‍ എല്ലാം ലംഘിച്ചുകൊണ്ടുള്ള ഈ നീക്കം ഒരുകാരണവശാലും അംഗീകരിക്കില്ല എന്ന നിലപാടിലാണ് ജില്ലാ യു.ഡി.എഫ് നേതൃത്വം. എത്രയും വേഗം ജോസഫ് വിഭാഗവുമായി ചര്‍ച്ചകള്‍ നടത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് അവര്‍ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.
കേരള കോണ്‍ഗ്രസ് (ജോസഫ്) തിരുവനന്തപുരത്ത് വിമതന്മാരെ നിര്‍ത്തുന്നുവെന്നത് കോണ്‍ഗ്രസിനേയോ മുന്നണിയേയോ കാര്യമായി ബാധിക്കില്ല. പാര്‍ട്ടിയുടെ തട്ടകം എന്ന് കരുതപ്പെടുന്ന ഇടുക്കിയിലും കോട്ടയത്തും പോലും ഇപ്പോള്‍ അത്ര ശക്തിയില്ലാത്ത പ്രസ്ഥാനമാണ് ജോസഫ് ഗ്രൂപ്പ്. തിരുവനന്തപുരത്ത് അതിന്റെ കാര്യം തീര്‍ത്തും കഷ്ടവുമാണ്. അതുകൊണ്ട് തന്നെ അവരെ അവഗണിക്കാമെങ്കിലും മുന്നണിയുടെ കെട്ടുറപ്പ് സംബന്ധിച്ച് അനാവശ്യചര്‍ച്ചകള്‍ക്ക് ഈ നീക്കം വഴിവയ്ക്കുമെന്നാണ് യു.ഡി.എഫ് നേതൃത്വത്തിന്റെ അനുമാനം.
Also Read : രണ്ടിലക്ക് പകരം ഇനി ഓട്ടോറിക്ഷ; ചിഹ്നം ഉറപ്പിച്ച് കേരള കോൺഗ്രസ് ജോസഫ്
തിരുവനന്തപുരം നഗരസഭ പിടിക്കാൻ കഴിഞ്ഞില്ലെങ്കിലും നില മെച്ചപ്പെടുത്തണം എന്ന കണക്കുകൂട്ടലുമായാണ് നേരത്തെ തന്നെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ച് കോണ്‍ഗ്രസ് ഇറങ്ങിയത്. സീറ്റുവിഭജനം നടത്തിയപ്പോള്‍ തങ്ങള്‍ കഴിഞ്ഞ തവണ മത്സരിച്ച പൂന്തുറ വാര്‍ഡ് നല്‍കിയില്ല എന്നതാണ് ജോസഫ് ഗ്രൂപ്പിനെ ചൊടിപ്പിച്ചത്. പൂന്തുറയിൽ ജോസഫ് ഗ്രൂപ്പിന് കാര്യമായ കരുത്തൊന്നുമില്ല. മുസ്ലീംലീഗിനും കോണ്‍ഗ്രസിനുമൊക്കെ ഇവിടെ അത്യാവശ്യം ശക്തിയുണ്ടെന്നിരിക്കെ ഇനി ഈ സീറ്റ് ജോസഫിന് നൽകി നശിപ്പിക്കരുത് എന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്.
കഴിഞ്ഞ തെരഞ്ഞെടുപ്പുസമയത്ത് അനുയോജ്യനായ ഒരു സ്ഥാനാര്‍ത്ഥിയെ ലഭിക്കാത്ത പശ്ചാത്തലത്തിലാണ് ആ വാര്‍ഡ് ജോസഫിന് നല്‍കിയത്. ഇക്കുറി വാര്‍ഡ് ജയിക്കാന്‍ കഴിയുന്ന ഒരു സ്ഥാനാര്‍ത്ഥിയെ യുഡിഎഫിന് കിട്ടിയിട്ടുമുണ്ട്. ജീവന്മരണ പോരാട്ടം നടത്തുന്ന വേളയില്‍ ഓരോ സീറ്റുകളും നിര്‍ണ്ണായകമായി മാറുമ്പോള്‍ ഇങ്ങനെ ഒരു സീറ്റ് നഷ്ടപ്പെടുത്താനാവില്ല എന്നാണ് കോണ്‍ഗ്രസിന്റെ ജില്ലാ, സംസ്ഥാന നേതൃത്വങ്ങളുടെ നിലപാട്. എന്തായാലും ഇത് കോണ്‍ഗ്രസും ജോസഫ് വിഭാഗവും തമ്മിലുള്ള അഭിപ്രായഭിന്ന രൂക്ഷമാക്കിയിട്ടുണ്ട്.
Also Read : ശബരിനാഥനല്ല, സതീശൻ വന്നാലും എൽഡിഎഫ്; തിരുവനന്തപുരം കോർപ്പറേഷനിൽ യുഡിഎഫിന് ദയനീയ പരാജയം: വി ശിവൻകുട്ടി
പ്രാദേശിക നേതൃത്വം ഇടപെട്ടല്ല, ജോസഫ് ഗ്രൂപ്പിന്റെ സംസ്ഥാന നേതൃത്വം ഇടപെട്ടാണ് തിരുവനന്തപുരത്ത് വിമതപടയെ ഇറക്കിയിരിക്കുന്നത്. മോന്‍സ് ജോസഫ് തന്നെയാണ് അതിന് നേതൃത്വവും നല്‍കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ്, യു.ഡി.എഫ് സംസ്ഥാന നേതൃത്വങ്ങള്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കണം. അല്ലെങ്കില്‍ മുന്നണിയില്‍ ആകെ ഭിന്നിപ്പാണെന്ന പ്രചാരണം ശക്തമാകുമെന്നും ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന് അഭിപ്രായമുണ്ട്.
എന്നാല്‍ ജോസഫ് ഗ്രൂപ്പിന്റെ നീക്കം തിരുവനന്തപുരത്തിന് വേണ്ടിയല്ല, കോട്ടയം ഇടുക്കി ജില്ലകള്‍ ലക്ഷ്യം വച്ചാണെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്. ശക്തി ക്ഷയിച്ചുവരുന്ന സാഹചര്യത്തില്‍ പരമ്പരാഗത മേഖലകളായ ഈ ജില്ലകളില്‍ തഴയപ്പെടുമോയെന്ന ആശങ്കയാണ് കടുത്ത നടപടിക്ക് പ്രേരിപ്പിക്കുന്നത് എന്നാണ് ആ പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം സീറ്റ് വിജയിക്കാനായെങ്കിലും ജോസഫ് വിഭാഗത്തിന്റെ ശക്തിയില്‍ കോണ്‍ഗ്രസിനും യു.ഡി.എഫിനും സംശയമുണ്ട്.
Also Read : തലസ്ഥാനം പിടിക്കാൻ അരയും തലയും മുറുക്കി കോൺഗ്രസ്; ശബരിനാഥനെ മുന്നിൽ നിർത്തി പടയൊരുക്കം
ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം പി.ജെ. ജോസഫിന് പഴയപോലെ പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിക്കാനാകുന്നില്ല. മോന്‍സ് ജോസഫിന്റെ കൈകളിലാണ് പാര്‍ട്ടി. അതില്‍ ആ പാര്‍ട്ടിക്കുള്ളില്‍ തന്നെ അഭിപ്രായവ്യത്യാസവുമുണ്ട്. അതുകൊണ്ടാണ് ജോസ് കെ. മാണിയെ മുന്നണിയിലേയ്ക്ക് മടക്കികൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ഇടയ്ക്കിടെ നടത്തുന്നതും. ഇതും ജോസഫ് വിഭാഗത്തെ ചൊടിപ്പിക്കുന്നുണ്ട്. ഇതിനൊക്കെ ഇപ്പോള്‍ തന്നെ പരിഹാരം കാണാനുള്ള വിലപേശലിൻ്റെ ഭാഗമാണ് തലസ്ഥാനരത്തെ നീക്കം എന്നാണ് യു.ഡി.എഫ് വിലയിരുത്തുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here