എന്നെ ഓര്‍ത്ത് കരയേണ്ട…തങ്ങള്‍ എവിടെ ഉണ്ടോ അവിടെ അധികാരം; ഇടത് മേഖലാ ജാഥ നയിക്കും; മുന്നണിമാറ്റമേ ഇല്ലെന്ന് ജോസ് കെ മാണി

കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി മാറ്റം എന്ന ചര്‍ച്ചകള്‍ പൂര്‍ണ്ണമായി തളളി പാര്‍ട്ടി ചെയര്മാന്‍ ജോസ് കെ മാണി. ഇന്ന് കോട്ടയത്ത് മാധ്യമങ്ങളെ കണ്ടപ്പോള്‍
.ഇടതു മുന്നണിയില്‍ തുടരുമെന്ന് ജോസ് കെ മാണി വ്യക്തമാക്കി. “യേശുക്രിസ്തു പറയുന്നുണ്ട്, ജെറൂസലേമിലെ സഹോദരന്മാരെ, എന്നെ ഓര്‍ത്ത് കരയേണ്ട, നിങ്ങളെയും നിങ്ങളുടെ മക്കളെയും ഓര്‍ത്ത് വിലപിക്കൂ” എന്നു പറഞ്ഞായിരുന്നു ജോസ് കെ മാണി വാര്‍ത്താ സമ്മേളനം തുടങ്ങിയത്.
കേരള കോണ്‍ഗ്രസില്‍ ഒരു ഭിന്നതയും ഇല്ല. പാർട്ടി എന്ത് തീരുമാനമെടുക്കുന്നുവോ അതിനൊപ്പം അഞ്ച് എംഎല്‍എമാരും ഉണ്ടാവും. കേരള കോണ്‍ഗ്രസ് എവിടെയുണ്ടോ അവിടെ ഭരണവുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഒരു കുടുംബ സുഹൃത്ത് ആശുപത്രിയില്‍ ആയതിനാല്‍ സന്ദര്‍ശിക്കാനാണ് ദുബായില്‍ പോയത്. ഇത് മുഖ്യമന്ത്രിയെയടക്കം ഉത്തരവാദപ്പെട്ട എല്ലാവരേയും അറിയിച്ചിരുന്നു. പാര്‍ട്ടിയുടെ എംഎല്‍എമാര്‍ കേന്ദ്രത്തിന് എതിരായ സമരത്തിൽ പങ്കെടുത്തിട്ടുണ്ട്. ഇപ്പോള്‍ കേരള കോണ്‍ഗ്രസ് എവിടെയുണ്ടോ അവിടെത്തന്നെയുണ്ടാകുമെന്നും ജോസ് കെ. മാണി പറഞ്ഞു.
എല്ലാ സ്ഥലങ്ങളില്‍നിന്നും വരണമെന്ന് വിളി വരുന്നുണ്ട്. അത് കേരള കോണ്‍ഗ്രസിന്റെ ശക്തി കൊണ്ടാണ്. ഇടതു മുന്നണിയുടെ മേഖലാ ജാഥയുടെ ക്യാപ്റ്റന്‍ താന്‍ തന്നെ ആയിരിക്കും. പാര്‍ലമെന്റ് ബജറ്റ് സമ്മേളനം കാരണം ചില ദിവസങ്ങളില്‍ മാറി നില്‍ക്കേണ്ടിവരും. റോഷി അഗസ്റ്റിനുമായി ഒരു അഭിപ്രായവ്യത്യാസവുമില്ല. റോഷി എന്തെങ്കിലും മാധ്യമങ്ങളോട് സംസാരിക്കുന്നുണ്ടെങ്കില്‍ അതെല്ലാം താന്‍ പറഞ്ഞിട്ടുതന്നെയാണെന്നും ജോസ് പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here