കേന്ദ്രത്തിന് എതിരെ സമരം ചെയ്യാന്‍ ജോസ് കെ മാണി എത്തിയില്ല; എല്‍ഡിഎഫിനും വരുന്നില്ല; ചര്‍ച്ചകള്‍ സജീവം

കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫ് വിട്ട് യുഡിഎഫില്‍ ചേരുമോ എന്ന ചര്‍ച്ച രാഷ്ട്രീയ കേരളത്തില്‍ നടക്കുന്നുണ്ട്. കോണ്‍ഗ്രസിന് അത്തരമൊരു ആഗ്രഹം ഉണ്ടെന്നതും യാഥാര്‍ത്ഥ്യമാണ്. അപ്പോഴെല്ലാം പ്രതിസന്ധിഘട്ടത്തില്‍ ഒപ്പം നിന്ന സിപിഎമ്മിനെയും എല്‍ഡിഎഫിനെയും വിട്ട് പോകില്ലെന്നാണ് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി ആവര്‍ത്തിച്ച് പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ വീണ്ടും കേരള കോണ്‍ഗ്രസിന്റെ മുന്നണി മാറ്റ ചര്‍ച്ചകള്‍ സജീവമാണ്.

ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ പാളയം രക്തസാക്ഷിമണ്ഡപത്തില്‍ നടക്കുന്ന കേന്ദ്രവിരുദ്ധ സത്യഗ്രഹത്തില്‍ ജോസ് കെ. മാണി പങ്കെടുക്കാത്തതാണ് ചര്‍ച്ചകളുടെ ശക്തി വര്‍ദ്ധിപ്പിച്ചത്. മന്ത്രി റോഷി അഗ്സ്റ്റിന്‍, ചീഫ് വിപ്പ് എന്‍.ജയരാജ് തുടങ്ങിയ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ഇന്നത്തെ സമരത്തില്‍ മാത്രമവ്വ കഴിഞ്ഞ രണ്ട് എല്‍ഡിഎഫ് യോഗങ്ങളിലും ജോസ് കെ. മാണി പങ്കെടുത്തിരുന്നില്ല. ഇതോടെയാണ് മുന്നണി ബന്ധം സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നു എന്ന് അഭ്യൂഹം പരക്കുന്നത്.

എല്‍ഡിഎഫിന്റെ മേഖലാ ജാഥയില്‍ മധ്യമേഖലയുടെ ക്യാപ്റ്റന്‍ ജോസ് കെ മാണിയാണ്. എന്നാല്‍ ആ സ്ഥാനവും ഏറ്റെടുക്കുന്നതായി ജോസ് കെ മാണി വ്യക്തമാക്കിയിട്ടില്ല. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമാണ് മറ്റു ജാഥകളെ നയിക്കുന്നത്. ഇത്രയും പ്രധാന ജാഥയായിട്ടും ജോസ് കെ മാണി എന്തുകൊണ്ട് അറച്ചു നില്‍ക്കുന്നു എന്നതിലാണ് സിപിഎമ്മിന് ആശങ്ക.

പരമ്പരാഗതമായി പാര്‍ട്ടിയെ പിന്തുണയ്ക്കുന്ന ക്രൈസ്തവ സഭയില്‍ നിന്നടക്കം ജോസ് കെ മാണിക്ക് സമ്മര്‍ദ്ദമുണ്ട്.പാര്‍ട്ടിക്കുള്ളില്‍ പോലും യുഡിഎഫ് ബന്ധമാണ് നല്ലത് എന്ന അഭിപ്രായം ഏറുകയാണ്. 16ന് ചേരുന്ന പാര്‍ട്ടി നേതൃയോഗത്തില്‍ ഇതു സംബന്ധിച്ച് വിശദമായ ചര്‍ച്ചയാവും നടക്കുക.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top