ജോസ് കെ മാണി രാഹുല്‍ ഗാന്ധിയുമായി ചർച്ച നടത്തി; നിഷേധിക്കാതെ കേരള കോൺഗ്രസ്

കേരള കോണ്‍ഗ്രസ് (എം) യുഡിഎഫിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾക്കിടയിൽ രാഹുല്‍ ഗാന്ധിയുമായും സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായും ജോസ് കെ മാണി ഡൽഹിയിൽ വച്ച് ചര്‍ച്ചകൾ നടത്തിയതായി വിവരം. ‘ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്’ ദിനപത്രം ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
Also Read: മാണി ഗ്രൂപ്പിന്റെ ‘ആ’ ആവശ്യത്തോട് പ്രതികരിക്കാതെ സിപിഎം; മുന്നണി വിടാനുള്ള തന്ത്രമെന്ന് സംശയം
വന്യജീവി ശല്യം ചര്‍ച്ച ചെയ്യാനായി അടിയന്തര നിയമസഭ സമ്മേളനം വിളിക്കണമെന്ന ജോസിന്റെ ആവശ്യം ഇടതുപക്ഷം വിട്ട് യുഡിഎഫിലേക്ക് ചേക്കേറാനുള്ള നീക്കമായിട്ടാണ് കണക്കാക്കുന്നത്. എന്നാല്‍ പാര്‍ലമെന്റിലെ സഹപ്രവര്‍ത്തകര്‍ എന്ന നിലയിലാണ് ജോസ് കെ മാണി, രാഹുലിനെയും വേണുഗോപാലിനെയും സന്ദർശിച്ചത് എന്നാണ് കേരളാകോൺഗ്രസ് വൃത്തങ്ങൾ വിശദീകരിക്കുന്നത്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരള കോണ്‍ഗ്രസ് എമ്മിന്റെ യുഡിഎഫ് മുന്നണി പ്രവേശനം ഉണ്ടായാൽ ഭിന്നിച്ചു നിൽക്കുന്ന ക്രിസ്ത്യന്‍ വോട്ടുകൾ ഏകീകരിക്കാൻ ഉപകരിക്കും എന്ന വിലയിരുത്തലും കോൺഗ്രസ്സ് ക്യാമ്പിനുണ്ട്. നിലമ്പൂർ വിജയം ഉണ്ടാക്കിയ ആവേശത്തിൽ കോൺഗ്രസ് ഇക്കാര്യത്തിൽ സജീവ ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.
കേരള കോണ്‍ഗ്രസിനെ തിരികെ കൊണ്ടുവരാൻ മുസ്ലിം ലീഗും ശ്രമിക്കുന്നുണ്ട്. ജോസിന് തിരുവമ്പാടി സീറ്റ് നൽകാമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ കോട്ടയം ജില്ല വിട്ട് പോകുന്നത് രാഷ്ട്രീയ ഗ്രാഫിൽ ഇടിവ് ഉണ്ടാക്കുമെന്ന് ജോസിന് പേടിയുണ്ട്. എൽഡിഎഫിൽ നിന്നാൽ കടുത്തുരുത്തി അല്ലെങ്കിൽ ചങ്ങനാശ്ശേരി മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിക്കാമെന്നാണ് ആലോചനകൾ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here