എൽഡിഎഫിൽ നിൽക്കണോ പോകണോ, മാണിയില്‍ അനിശ്ചിതത്വം തീരുന്നില്ല; തുടരാമെന്ന് ധാരണ

കേരള കോണ്‍ഗ്രസി(എം)നെ ഒപ്പം കൂട്ടാനുള്ള യു.ഡി.എഫിന്റെ ശ്രമങ്ങള്‍ ഉടനെ ലക്ഷ്യം കാണില്ല. മാണി കോണ്‍ഗ്രസിനുള്ളില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും മുന്നണി വിടാൻ തക്കതായൊരു കാരണമില്ല എന്നതാണ് ഏറ്റവും പ്രധാന പ്രശ്നം. എൽഡിഎഫിൽ എല്ലാം സ്മൂത്ത് ആകുമെന്ന് കരുതാനാകില്ല. തദ്ദേശം മുതൽ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് വരെ സീറ്റ് വിഭജനം വരുമ്പോൾ തർക്കങ്ങൾക്കുള്ള സാധ്യത മുന്നിലുണ്ട്. സിപിഎം സൌമനസ്യം കാണിക്കുമ്പോഴെല്ലാം കടുത്ത എതിർപ്പുമായി സിപിഐ നിൽക്കുന്നുണ്ട്. ഇതൊക്കെ ആണെങ്കിലും സിപിഎമ്മും മുഖ്യമന്ത്രിയും പ്രത്യേകമായി നൽകുന്ന പരിഗണന അവഗണിച്ചൊരു എടുത്തുചാട്ടം എളുപ്പമല്ല എന്നതാണ് പ്രധാനകാരണം.
തദ്ദേശ തിരഞ്ഞെടുപ്പിന് മുന്‍പ് മാണി ഗ്രൂപ്പിനെ തിരികെയെത്തിച്ച് മുന്നണി വിപുലീകരിക്കണം എന്നായിരുന്നു കോണ്‍ഗ്രസിന്റെയും ലീഗിന്റെയും നിലപാട്. കേരള കോണ്‍ഗ്രസ് മുന്നണി വിട്ടതോടെ യു.ഡി.എഫിന്റെ സാമുദായിത സന്തുലനം തെറ്റിയെന്ന വിലയിരുത്തലാണ് ലീഗിനുള്ളത്. ഇതിൻ്റെ അടിസ്ഥാനത്തിൽ ആയിരുന്നു ശ്രമങ്ങള്‍. സഭാ നേതൃത്വത്തെ പോലും ഇടപെടുത്തി ചില നീക്കങ്ങള്‍ക്ക് തുടക്കം കുറിച്ചെങ്കിലും പാര്‍ട്ടിക്കുള്ളിലെ അഭിപ്രായവ്യത്യാസം മൂലം അതൊന്നും ഫലപ്രദമായിട്ടില്ല. തിരഞ്ഞെടുപ്പ് ഇത്ര അടുത്തിരിക്കെ മുന്നണിമാറ്റം ഗുണത്തേക്കാളേറെ തിരിച്ചടിക്കും എന്ന വിലയിരുത്തലോടെ അത്തരം ചര്‍ച്ചകളും ഏറെക്കുറെ അവസാനിച്ച മട്ടാണ്.
രണ്ടുമാസത്തിനുള്ളില്‍ തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കും. അതിനുള്ള ഒരുക്കങ്ങള്‍ക്കിടയില്‍ മറ്റൊരു രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കാൻ അവര്‍ക്ക് താൽപര്യമില്ല. ഈ തിരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടായാല്‍ പോലും മുന്നണിമാറ്റം പ്ലാൻ ചെയ്യാനുളള സമയം മുന്നിലിലില്ല. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം കഷ്ടിച്ച് ആറുമാസം കൊണ്ട് നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് വരും. തദ്ദേശത്തിലെ പോര് മുന്നണികൾ തമ്മിൽ പ്രാദേശികമായി വലിയ ചേരിതിരവ് സൃഷ്ടിക്കും എന്നതിനാൽ പിന്നീട് എളുപ്പത്തിൽ കൂടിച്ചേരൽ സാധ്യമാകില്ല. നേതൃത്വം തീരുമാനിച്ചാലും കോൺഗ്രസ്, കേരള കോൺഗ്രസ് എം അണികൾ തമ്മിൽ വേണ്ട ഐക്യം ഉണ്ടാക്കാനാകില്ലെന്ന് ചുരുക്കം.
അതേസമയം ഇടതുമുന്നണിയില്‍ സി.പി.ഐയും കേരള കോണ്‍ഗ്രസും തമ്മിലുള്ള തര്‍ക്കം രൂക്ഷമായി തന്നെ തുടരുന്നുണ്ട്. സി.പി.ഐയുടെ ജില്ലാ സമ്മേളനങ്ങളില്‍ മാണി കോണ്‍ഗ്രസിനെ ലക്ഷ്യം വച്ചുള്ള വിമര്‍ശനങ്ങള്‍ ഉയരുന്നുമുണ്ട്. ഇത് കേരള കോണ്‍ഗ്രസിനുള്ളില്‍ അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട് എങ്കിലും എടുത്തുചാടി മുന്നണി മാറാനുള്ള കാരണമായി അതിനെ ഉയര്‍ത്തിക്കാട്ടാനാവില്ല എന്നതാണ് വാസ്തവം. മാത്രമല്ല, മുന്നണിയെ നയിക്കുന്ന സി.പി.എം കാണിക്കുന്ന സൗഹാര്‍ദ്ദപരമായ സമീപനത്തെ പരിഗണിക്കാതെ മറ്റൊരു നിലപാട് സ്വീകരിക്കുന്നത് ബുദ്ധിയല്ലെന്നും അവർക്ക് അറിയാം.
Also Read: തദ്ദേശ തെരഞ്ഞെടുപ്പ് മരണക്കളി; തോറ്റാൽ കോൺഗ്രസ് കേരളത്തിൽ ഉണ്ടാകില്ല
എന്നാലും നിയമസഭയിലെ സീറ്റ് വിഭജനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ വലിയ നീരസമുണ്ട്. കഴിഞ്ഞതവണ 12 സീറ്റുകളാണ് കേരള കോണ്‍ഗ്രസിന് ഇടതുമുന്നണി നല്‍കിയത്. ഇത് നഷ്ടകച്ചവടമാണ്. യു.ഡി.എഫിലായിരുന്നപ്പോള്‍ 16 സീറ്റുകളില്‍ വരെ മത്സരിച്ചിരുന്നു. കഴിഞ്ഞ തവണ മുന്നണി മാറിവന്ന സാഹചര്യം എന്ന നിലയില്‍ അത് അംഗീകരിച്ചു എങ്കിലും ഇക്കുറി കൂടുതല്‍ സീറ്റുകള്‍ വേണമെന്ന അഭിപ്രായം ഉയർത്തും. മാത്രമല്ല, കേരള കോണ്‍ഗ്രസിന്റെ അടിത്തറയായ കത്തോലിക്കാ സഭയിലൊരു വിഭാഗം സി.പി.എമ്മുമായി ഇടഞ്ഞുനിൽക്കുന്ന സാഹചര്യം പരിഗണിക്കണമെന്നും പാർട്ടിയിൽ ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നുണ്ട്.
Also Read: ജോസ് കെ മാണി രാഹുല്‍ ഗാന്ധിയുമായി ചർച്ച നടത്തി; നിഷേധിക്കാതെ കേരള കോൺഗ്രസ്
അതേസമയം ഇപ്പോള്‍ മുന്നണിമാറ്റം എന്നതിനെക്കുറിച്ച് ചിന്തിക്കുകയേ വേണ്ട എന്ന നിലപാടിലേക്ക് ജോസ് കെ.മാണി ഉൾപ്പെട്ട പാര്‍ട്ടി നേതൃത്വം എത്തിക്കഴിഞ്ഞു. ഓരോ തെരഞ്ഞെടുപ്പിലും മുന്നണി മാറുകയെന്നത് പാര്‍ട്ടിയെ സംബന്ധിച്ച് പൊതുസമൂഹത്തില്‍ അവമതിപ്പിന് കാരണമാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, സിറ്റിംഗ് സീറ്റുകള്‍ ഉള്‍പ്പെടെയാണ് കഴിഞ്ഞ നിയമസഭയില്‍ സി.പി.എം നല്‍കിയത്. എല്ലാത്തിനുമുപരി സ്വന്തം രാജ്യസഭാ സീറ്റ് നല്‍കികൊണ്ട് പാര്‍ട്ടിയെ സംരക്ഷിക്കുന്ന നിലപാടും അവര്‍ സ്വീകരിച്ചു. യു.ഡി.എഫില്‍ നിന്നും ഒരിക്കലും ഇത്ര അനുഭാവപൂർണമായ സമീപനം ഉണ്ടായിട്ടില്ലെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാട്.
ഇതിനെല്ലാം പുറമെ ഇപ്പോള്‍ മുന്നണി മാറ്റം എന്ന ആലോചനയിലേയ്ക്ക് പാര്‍ട്ടി കടന്നാല്‍ അത് പിളര്‍പ്പിനുള്ള വഴിവയ്ക്കുമെന്ന അഭിപ്രായവും പാര്‍ട്ടിക്കുള്ളിലുണ്ട്. മന്ത്രിസ്ഥാനത്തുള്ള റോഷി അഗസ്റ്റിൻ ഉൾപ്പെടെ പലർക്കും അത് തീരെ ഉൾക്കൊള്ളാനാകാത്ത അവസ്ഥയാണ് ഉള്ളത്. അതോടൊപ്പം ബി.ജെ.പിയുമായി സഭാ നേതൃത്വം അടുക്കുന്നതും കാസ എന്ന സംഘപരിവാര്‍ അനുകൂല സംഘടനയുടെ നിലപാടുകളും പാർട്ടി നിരീക്ഷിക്കുന്നുണ്ട്. ഇങ്ങനെയെല്ലാമുള്ള സങ്കീർണ സാഹചര്യം നിലനിൽക്കെ, എടുത്തുചാടുന്നത് ആത്മഹത്യാപരമാകും എന്നാണ് വിലയിരുത്തൽ. അതുകൊണ്ടുതന്നെയാണ് സഭയിൽ ഒരുവിഭാഗം ഇടപെട്ടിട്ടും ഒന്നും നടക്കാത്തതും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here