പിജെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം മതിയാക്കുന്നു; പിന്‍ഗാമി മകന്‍ അപു തന്നെ; ജോസഫിന്റെ കേരള കോണ്‍ഗ്രസില്‍ അസ്വസ്ഥതകള്‍

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ചെയര്‍മാന്‍ പിജെ ജോസഫിന്റെ മകന്‍ അപു ജോണ്‍ ജോസഫ് നിയമസഭയിലേക്ക് മത്സരിക്കാൻ ഒരുങ്ങുന്നു. 84കാരനായ ജോസഫ് ഇനി ഒരു മത്സരത്തിനില്ലെന്ന തീരുമാനത്തിലാണ്. പകരം അപുവിനെ തൊടുപുഴയില്‍ മത്സരിപ്പിക്കാനുള്ള നീക്കവും ജോസഫ് തുടങ്ങി കഴിഞ്ഞു. ഇതിനെ നേരിടാനുളള പടയൊരുക്കവും പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നുണ്ട്.

സംസ്ഥാനത്തെ രാഷ്ടീയ പാര്‍ട്ടികളില്‍ മക്കള്‍ സാന്നിധ്യം ഏറെയുള്ളത് പിളര്‍ന്നു പിളര്‍ന്നു തുണ്ടുകളായി മാറിയ കേരള കോണ്‍ഗ്രസുകളിലാണ്. നിലവിലെ മൂന്ന് പ്രധാന കേ.കോ ഗ്രൂപ്പുകളെ നയിക്കുന്നത് രണ്ടാം തലമുറക്കാരായ മക്കളാണ്. ആ ശ്രേണിയിലേക്കാണ് അപു ജോണ്‍ ജോസഫ് കടന്നു വരുന്നത്. കെഎം മാണിയുടെ മകന്‍ ജോസ് കെ മാണി – മാണി ഗ്രൂപ്പ്, ആര്‍ ബാലകൃഷ്ണപിള്ളയുടെ മകന്‍ കെബി ഗണേശ് കുമാര്‍ കേരള കോണ്‍ഗ്രസ് (ബി), ടിഎം ജേക്കബിന്റെ മകന്‍ അനുപ് ജേക്കബ് കേരളാ കോണ്‍ഗ്രസ് (ജേക്കബ്) എന്നീ പാര്‍ട്ടികളുടെ ചെയര്‍മാന്‍മാരാണ്. പാര്‍ട്ടിയുടെ സ്ഥാപക ചെയര്‍മാനായ കെഎം ജോര്‍ജിന്റെ മകന്‍ ഫ്രാന്‍സിസ് ജോര്‍ജ് നിലവില്‍ ജോസഫ് ഗ്രൂപ്പിന്റെ കോട്ടയത്തു നിന്നുള്ള ലോക്‌സഭാംഗമാണ്.

1964ല്‍ ആര്‍ ശങ്കര്‍ മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്ന പിടി ചാക്കോയുടെ രാജിയും വിവാദങ്ങളും ഒടുവില്‍ അദ്ദേഹത്തിന്റെ മരണവുമാണു കേരള കോണ്‍ഗ്രസിന്റെ ജനനത്തിനു വഴിതെളിച്ചത്. 1964 ഒക്ടോബര്‍ ഒന്‍പതിനു കേരള കോണ്‍ഗ്രസ് എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചു. കോട്ടയം തിരുനക്കര മൈതാനത്തു നടന്ന സമ്മേളനത്തില്‍ മന്നത്തു പദ്മനാഭനാണ് പുതിയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചത്. പിന്നീട് കേരള കോണ്‍ഗ്രസുകള്‍ പിളര്‍ന്ന് പിളര്‍ന്ന് വളര്‍ന്നു.

1970 മുതല്‍ ഇടത് വലതു മുന്നണികളുടെ ഭാഗമായി തൊടുപുഴയില്‍ നിന്നുള്ള നിയമസഭാംഗമാണ് പിജെ ജോസഫ്. പലവട്ടം മന്ത്രിയുമായി. ഇപ്പോള്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയം മതിയാക്കി പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തു തുടര്‍ന്നു കൊണ്ട് അപുവിനെ മത്സരിപ്പിക്കാനാണ് ആലോചിക്കുന്നത്. പാര്‍ട്ടിയിലെ മറ്റ് നേതാക്കളുമായി ഇക്കാര്യം ആലോചിച്ച് തീരുമാനത്തിലെത്തിയെന്നാണ് സൂചന. തൊടുപുഴയിലെ പൊതുപരിപാടികളില്‍ സജീവമായി അപു പങ്കെടുക്കുന്നുണ്ട്. മകന്റെ കടന്നുവരവി നോട് പാര്‍ട്ടിക്കുള്ളിലെ മുന്‍നിര – മധ്യനിര നേതാക്കളുടെ പ്രതികരണം എങ്ങനെയാവുമെന്ന് ജോസഫിന് ഉല്‍കണ്ഠയുണ്ട്. ഒപ്പം പാര്‍ട്ടിക്കുള്ളില്‍ പലതരത്തിലുള്ള പ്രതിഷേധങ്ങളും ഇപ്പോള്‍ തന്നെ ജോസഫിനെ അറിയിച്ചിട്ടുമുണ്ട്. നേതൃസ്ഥാനത്തേക്കുള്ള മകന്റെ എന്‍ട്രി സ്മൂത്തായി നടന്നില്ലെങ്കില്‍ പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാകു മെന്നുറപ്പാണ്. ഇത്തരം പിളര്‍പ്പുകള്‍ കേരള കോണ്‍ഗ്രസിന്റെ ഡിഎന്‍എയിലുള്ളതാണ്.

കേരള കോണ്‍ഗ്രസ് രൂപം കൊണ്ടിട്ട് ഈ വര്‍ഷം ഒക്ടോബര്‍ ഒമ്പതി ഒന്‍പതിന് 61 വര്‍ഷമാകും. രാജ്യത്തെ ഏറ്റവും പഴക്കമുള്ള പ്രാദേശിക പാര്‍ട്ടികളിലൊന്നാണിത്. 19 പിളര്‍പ്പുകളും 8 ലയനങ്ങളും അതിജീവിച്ച പാര്‍ട്ടി ഏതാണ്ട് അസ്ഥിപഞ്ജരമായി മൂന്ന് മുന്നണികളിലായി തുടരുകയാണ്. നിലവില്‍ എട്ട് കേരള കോണ്‍ഗ്രസുകള്‍ സംസ്ഥാന രാഷ്ട്രീയത്തിലുണ്ട്. കുരുവിള മാത്യൂസ് ചെയര്‍മാനായ നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയിലാണ്. പിള്ള ഗ്രൂപ്പ് പിളര്‍ന്ന് രൂപം കൊടുത്ത ഉഷ മോഹന്‍ദാസിന്റെ കേരള കോണ്‍ഗ്രസ് മൂന്ന് മുന്നണിയുടേയും ഭാഗമല്ലാതെ കൊട്ടാരക്കരയില്‍ മാത്രം ഒതുങ്ങുകയാണ്.

ഇപ്പോള്‍ നിയമസഭയില്‍ അഞ്ചു കേരള കോണ്‍ഗ്രസുകള്‍ക്കു പ്രാതിനിധ്യമുണ്ട്. കേരള കോണ്‍ഗ്രസ് എമ്മിന് അഞ്ച് എംഎല്‍എമാരും ഒരു എംപിയും നിലവിലുണ്ട്. ഇവര്‍ക്ക് മാത്രമാണ് സംസ്ഥാന പാര്‍ട്ടി എന്ന അംഗീകാരമുള്ളതും. ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ പ്രതിനിധി ആന്റണി രാജുവാണ്. കേരള കോണ്‍ഗ്രസ് ബിയുടെ കെബി ഗണേഷ് കുമാര്‍ ഗതാഗതമന്ത്രിയായി നിയമസഭയിലുണ്ട്. എല്‍ഡിഎഫിന്റെ ഘടക കക്ഷിയായ സ്‌കറിയ തോമസ് ഗ്രൂപ്പിന് എംഎല്‍എ ഇല്ല. യുഡിഎഫിന്റെ ഭാഗമായ പി ജെ ജോസഫ് വിഭാഗത്തിനു രണ്ട് എംഎല്‍എമാരും ഒരു എംപിയുമുണ്ട്. ജേക്കബ് ഗ്രൂപ്പിന് അനൂപ് ജേക്കബ് ആണ് എംഎല്‍എയായി ഉള്ളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top