രണ്ടില രണ്ടാകാന്‍ സാധ്യത; മുന്നണി മാറ്റത്തില്‍ ഇടഞ്ഞ് മന്ത്രി റോഷിയും ഒരു എംഎല്‍എയും; ജോസ് കെ മാണിക്കൊപ്പം രണ്ടു പേര്‍

കേരള കോണ്‍ഗ്രസ് എമ്മിനെ ഒപ്പം നിര്‍ത്താന്‍ യുഡിഎഫ് പരിശ്രമത്തിലാണ്. പാര്‍ട്ടി ചെയര്‍മാനായ ജോസ് കെ മാണിക്ക് ഇതില്‍ താല്പ്പര്യവുമുണ്ട്. തദ്ദേശ തിരഞ്ഞെപ്പിലെ തിരിച്ചടി, ഭരണ വിരുദ്ധ വികാരം എന്ന ഭീഷണി ഒപ്പം ക്രൈസ്തവ സഭകളുടെ സമ്മര്‍ദ്ദം എന്നിവയാണ് ജോസ് കെ മാണിയെ യുഡിഎഫിനോട് അടുപ്പിക്കുന്നത്. പാര്‍ട്ടിക്കുളളിലും ഇത്തരം അഭിപ്രായം പ്രകടിപ്പിക്കുന്നവരുണ്ട്.
പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, പികെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ ജോസുമായി ചര്‍ച്ച നടത്തുകയും ചെയ്തു. എന്നാല്‍ ജോസ് കെ മാണിയുടെ ഈ നീക്കങ്ങള്‍ക്ക് പാര്‍ട്ടിക്കുള്ളിലും എതിര്‍ അഭിപ്രായമുണ്ട്. പ്രധാനമായും മന്ത്രി റോഷി അഗസ്റ്റിനും, റാന്നി എംഎല്‍എ പ്രമോദ് നാരായണനുമാണ് ഈ നീക്കങ്ങളെ എതിര്‍ക്കുന്നത്. ഇവരെ പിന്തുണയ്ക്കുന്ന നേതാക്കളും എതിര്‍പ്പുണ്ട്. എചീഫ് വിപ്പായ എന്‍ ജയരാജ് ഇതില്‍ ഓരു അഭിപ്രായവും പറയാതെ മറി നില്‍ക്കുകയാണ്
അഞ്ച് എംഎല്‍എമാരുള്ള കേരള കോണ്‍ഗ്രസില്‍ യുഡിഎഫ് പ്രവേശനം ആകാം എന്ന ജോസ് കെ മാണിയുടെ നിലപാടിനെ പിന്തുണയ്ക്കുന്നത് സെബാസ്റ്റ്യന്‍ കുളത്തിങ്കലും, ജോബ് മൈക്കിളുമാണ്. മന്ത്രി എന്ന നിലയില്‍ പാര്‍ട്ടിക്കുള്ളില്‍ റോഷി അഗസ്റ്റിന് നിര്‍ണായക സ്വാധീനമുണ്ട്. അതുകൊണ്ട് തന്നെ റോഷിയെ കൂടെ നിര്‍ത്താതെ അത്തരം ഒരു തീരുമാനം എടുക്കുന്നതിലെ അപകടമാണ് ജോസ് കെ മാണിയെ ചിന്തിപ്പിക്കുന്നത്.
എല്‍ഡിഎഫ് സര്‍ക്കാരിനൊപ്പം തുടരുമെന്ന് റോഷി ഇന്നും വ്യക്തമാക്കിയിരുന്നു. മുന്നണി മാറ്റത്തില്‍ സഭ ഇടപെട്ടിട്ടില്ല, സഭാ അധ്യക്ഷന്‍മാര്‍ ഇക്കാര്യത്തില്‍ രാഷ്ട്രീയ നിലപാട് ഇതുവരെ എടുത്തിട്ടില്ല. ഒരാശങ്കയും ഇക്കാര്യത്തില്‍ ഇല്ല. ജോസ്.കെ.മാണിയുമായി സോണിയാ ഗാന്ധി സംസാരിച്ചുവെന്ന് എന്നോട് ആരും പറഞ്ഞിട്ടില്ല. സോണിയാ ഗാന്ധിയും പറഞ്ഞിട്ടില്ല. പാര്‍ട്ടിയുെട നിലപാട് വ്യക്തമാണ്. അവസാന വാക്ക് ജോസ്.കെ.മാണിയുടേതാണ്. ഒരു അഭ്യൂഹങ്ങള്‍ക്കും കേരള കോണ്‍ഗ്രസില്‍ ഇടമില്ല. ഇടതുഭരണം തുടരും. വിശ്വാസപ്രമാണങ്ങളെ അടിയറ വയ്ക്കില്ല. ധാര്‍മികതയെ ചോദ്യം ചെയ്യുന്ന ഒന്നിനും ഇടമില്ലെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.
ഇതോടെ മുന്നണി മാറ്റം ഉണ്ടായാല്‍ കേരള കോണ്‍ഗ്രസില്‍ ഒരു പിളര്‍പ്പിനുള്ള സാധ്യതകളും തെളിയുകയാണ്. 16ന് ചേരുന്ന നേതൃയോഗം അതുകൊണ്ട് തന്നെ കേരള കോണ്‍ഗ്രസിന് ഏറെ നിര്‍ണായകമാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here