മമ്മൂട്ടി മുതൽ ഷംല ഹംസ വരെ; സംസ്ഥാന അവാർഡുകൾ നൽകുന്ന സന്ദേശമെന്ത്?

55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നൽകുന്ന സൂചനകൾ എന്താണ്? കേവലം ഒരു പുരസ്‌കാര പ്രഖ്യാപനത്തിലുപരി മലയാള സിനിമ ലോകത്തെ സർഗാത്മകമായ വളർച്ചയുടെ അടയാളപ്പെടുത്തലുകൾ കൂടിയാണ് ജൂറി നടത്തിയ പ്രഖ്യാപനം.
മികച്ച നടൻ മമ്മൂട്ടി, മികച്ച നടി ഷംല ഹംസ, മികച്ച സംവിധായകൻ ചിദംബരം, മികച്ച ചിത്രം മഞ്ഞുമ്മൽ ബോയ്സ്. ഈ പേരുകൾക്കപ്പുറം, ഈ സിനിമകൾക്കപ്പുറം, ഈ അവാർഡ് ലിസ്റ്റ് മലയാള സിനിമയുടെ മുന്നോട്ടുള്ള പോക്കിനെ ഏതുതരത്തിലാണ് അടയാളപ്പെടുത്തുന്നത്? നമുക്ക് നോക്കാം
Also Read : വണ്ടറായി മഞ്ഞുമ്മല്‍ ബോയ്‌സ്; മമ്മൂട്ടിക്ക് എട്ടാമതും പുരസ്‌കാരം; നടി ഷംല ഹംസ
ജൂറിയുടെ ഏറ്റവും ശക്തമായ സന്ദേശം കിടക്കുന്നത് മികച്ച ചിത്രത്തിലാണ്. ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മൽ ബോയ്സ്’. സാർവത്രികമായ വികാരം സിനിമയിൽ ഉടനീളം കാണാം. ഭാഷയുടെയോ സംസ്കാരത്തിൻ്റെയോ അതിർവരമ്പുകൾ ഇല്ലാതെ ലോകമെമ്പാടുമുള്ള ഏതൊരാൾക്കും പെട്ടെന്ന് കണക്റ്റാകുന്ന അടിസ്ഥാനപരമായ മനുഷ്യ വികാരം തന്നെയാണ് സിനിമയുടെ അകക്കാമ്പ്. ഭയവും ആകാംക്ഷയും നിറഞ്ഞു നിൽക്കുന്ന കഥ പറച്ചിലിന് ഉതകുന്ന രീതിയിലുള്ള സെറ്റുകളും സിനിമയിൽ ശ്രദ്ധേയമായി. പൂർണ്ണതയുള്ള കലാസംവിധാനം നിർവ്വഹിച്ച അജയന്‍ ചാലിശ്ശേരിക്ക് ജൂറി നൽകിയ അവാർഡിന് എതിരഭിപ്രയങ്ങൾ എവിടെനിന്നുമില്ല.

സൗഹൃദത്തിന്റെ കഥ പറയുന്ന ഒരു കൊമേഴ്സ്യൽ ചിത്രം സംസ്ഥാന അവാർഡ് നേടുമ്പോൾ, ഈ സിനിമയെ തിരഞ്ഞെടുത്തതിലൂടെ ജൂറി പറയുന്നത്, അന്തർദേശീയ നിലവാരമുള്ള സാങ്കേതിക മികവിനും, സാർവത്രികമായ സൗഹൃദത്തിൻ്റെയും അതിജീവനത്തിൻ്റെയും പ്രമേയങ്ങൾക്കുമാണ് വലിയ അംഗീകാരം എന്ന് തന്നെയാണ്. അതിജീവനത്തിൻ്റെ തീവ്രത പറഞ്ഞ മഞ്ഞുമ്മൽ ബോയ്സ് മികച്ച ചിത്രമാകുമ്പോൾ, അതിൻ്റെ സാങ്കേതിക വിഭാഗങ്ങൾ എത്രത്തോളം പൂർണ്ണമായിരുന്നു എന്ന് കൂടി ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്.
ഗുണാ കേവിൻ്റെ ആഴവും ഭീകരതയും പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ ശബ്ദത്തിന് നിർണ്ണായക പങ്കുണ്ട്. ഫസൽ എ ബക്കർ എന്ന സൗണ്ട് എൻജിനീയർ ആ പണി വെടിപ്പായി ചെയ്തു. ഗുണകേവിനുള്ളിൽ നിന്നും സുഭാഷ് എന്ന കഥാപാത്രത്തിന്റെ കുട്ടേട്ടാ എന്ന വിളി ഗുഹയുടെ ആഴത്തിൽ നിന്നും എക്കോയടിച്ച് നമ്മുടെ ഹൃദയത്തിലേക്ക് തന്നെയാണ് വന്നടിച്ചത്.

ഗുണാ കേവിലെ ഇരുട്ടും, അതിജീവനത്തിൻ്റെ ഭീതിയും പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഛായാഗ്രാഹകനും എഡിറ്ററും നടത്തിയ ശ്രമങ്ങൾ അനിതരസാധാരണമാണ്. ഇതുതന്നെയാണ് ഷൈജു ഖാലിദിന് മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരം നൽകി കൊണ്ട് ജൂറി അടിവരയിട്ട് പറഞ്ഞത്. സിനിമയുടെ വേഗവും കാഴ്ചയുടെ നിലവാരവും നിശ്ചയിക്കുന്ന ഈ ഘടകങ്ങളെ ജൂറി പ്രത്യേകം അംഗീകരിച്ചത്, സാങ്കേതിക മേഖലയിലെ മലയാള സിനിമയുടെ വളർച്ചയെ ആണ് സൂചിപ്പിക്കുന്നത്.
ചിദംബരം എന്ന യുവ സംവിധായകൻ്റെ വിജയം, പുതിയ സിനിമകൾ പരീക്ഷിക്കാനും പുതിയ ചിന്താഗതികൾ അവതരിപ്പിക്കാനും യുവതലമുറയ്ക്ക് വലിയ പ്രചോദനമാകും. അടുത്ത വർഷം നമുക്ക് കൂടുതൽ പുതിയ തലമുറ സംവിധായകരുടെ മികച്ച ചിത്രങ്ങൾ പ്രതീക്ഷിക്കാം.
മഞ്ഞുമ്മൽ ബോയ്‌സിന് പത്തോളം അവാർഡ് നൽകി സംസ്ഥാനം അംഗീകരിക്കുമ്പോൾ ഇനിയുള്ള നിർമ്മാതാക്കൾക്ക് പുതിയ തീമുകളിലും സാങ്കേതിക വിദ്യയിലും പണം മുടക്കാൻ ധൈര്യം നൽകും. കണ്ടന്റ് ഈസ് കിങ് അത് തന്നെയാണ് പ്രധാനം. വലിയ ക്യാൻവാസ് ഉള്ള സിനിമകൾക്കല്ല, മനുഷ്യൻ്റെ ജീവിതത്തെ അടുത്തറിയുന്ന, മനസ്സിൽ തങ്ങുന്ന പ്രമേയങ്ങൾക്കാണ് ജൂറി പ്രാധാന്യം നൽകുന്നത്.

അടുത്തതായി മികച്ച നടിയായി ഷംല ഹംസയെ തിരഞ്ഞെടുത്തതിന്റെ പിന്നിലെ ഘടകങ്ങളും അത് മുന്നോട്ട് വക്കുന്ന സൂചനകളും എന്തെന്നും നമുക്ക് നോക്കാം. ഷംല ഹംസയെപ്പോലെ ഒരു നവാഗതയോ, അല്ലെങ്കിൽ മുഖ്യധാരയിൽ അധികം കണ്ടിട്ടില്ലാത്ത ഒരു പ്രതിഭയോ അവാർഡ് നേടുമ്പോൾ, അത് നൽകുന്ന സന്ദേശം കൃത്യമാണ്, നിങ്ങളുടെ പശ്ചാത്തലമോ, മാർക്കറ്റ് മൂല്യമോ അല്ല പ്രധാനം. അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ ആഴമാണ്. വലിയ നായികമാരുടെ പേരുകൾ ഉയർന്നുകേട്ട മത്സരത്തിൽ, ഈ തിരഞ്ഞെടുപ്പ് മലയാള സിനിമ ഇനിയും പരീക്ഷണങ്ങൾ പ്രോത്സാഹിപ്പിക്കും എന്നതിൻ്റെ ഉറപ്പാണ്.

പക്ഷെ ഏറ്റവും ശ്രദ്ധേയമായത് മമ്മൂട്ടിയുടെ വിജയമാണ്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തിലൂടെയാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്. ആ വിജയം കേവലം ഒരു അവാർഡ് മാത്രമല്ല. ഒരു സൂപ്പർതാരം തൻ്റെ കംഫർട്ട് സോൺ വിട്ട്, ഓരോ വർഷവും പുതിയ കഥാപാത്രങ്ങളിലൂടെ സ്വയം നവീകരിക്കുന്നു എന്നതിൻ്റെ അംഗീകാരം കൂടിയാണ്. ഇത് മറ്റ് യുവതാരങ്ങൾക്കും, മലയാള സിനിമയ്ക്കും നൽകുന്ന സൂചന, സ്റ്റാർഡത്തിലപ്പുറം സമർപ്പണത്തോടെയുള്ള അഭിനയമികവിനാണ് എന്നും വലിയ വില. 50 വർഷത്തിലധികം മലയാള സിനിമ ഇൻഡസ്ട്രിയിൽ നിലയുറപ്പിച്ചിരിക്കുന്ന മഹാനടൻ പുതുമുഖങ്ങളെപ്പോലെ പുതിയ പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്.
ചുരുക്കത്തിൽ, 55-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി നൽകുന്ന സന്ദേശം വളരെ ലളിതമാണ്: കാണികൾക്ക് വേണ്ടത് സാങ്കേതിക പൂർണ്ണതയാണ്, വൈകാരികമായ ആഴമാണ്, മനസ്സറിയുന്ന പ്രകടനമാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here