രണ്ടാം പിണറായി സർക്കാരിന്റെ അവസാന ഓണം; ധനവകുപ്പ് ആശങ്കയിൽ; കേന്ദ്രസര്‍ക്കാര്‍ കനിയുമെന്ന് പ്രതീക്ഷ

കേരളം ഓണത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ്. സംസ്ഥാനതല ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ മൂന്നു മുതൽ 9 വരെ നടക്കും. ഓണത്തിന് ആവശ്യമായ എല്ലാ വിഭവങ്ങളും അടങ്ങുന്ന കിറ്റ് നേരിട്ടും ഓൺലൈനായും ലഭ്യമാക്കാനും സപ്ലൈകോ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ ഓണച്ചന്തകൾ ജില്ലാ , താലൂക്ക്, മണ്ഡലം കേന്ദ്രങ്ങളിലും തുടങ്ങും. വിപുലമായ ഓണാഘോഷ പരിപാടികളാണ് സംസ്ഥാനസർക്കാർ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
പക്ഷെ ഓണം അടിപൊളിയാക്കാനുള്ള പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ധനവകുപ്പ്. ഓണ ചിലവുകള്‍ക്കായി 19,000 കോടി രൂപ വേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. കേന്ദ്രസർക്കാരിൽ നിന്നും പണം നേടിയെടുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കേന്ദ്രസർക്കാർ നൽകാനുള്ള തുകകൾ നേടിയെടുത്തുകൊണ്ട് സാമ്പത്തിക പിരിമുറുക്കത്തിൽ നിന്നും കരകയറാമെന്ന പ്രതീക്ഷ സർക്കാരിനുണ്ട്. കേന്ദ്രസര്‍ക്കാര്‍ കനിഞ്ഞാല്‍ 11,000 കോടി രൂപ ലഭിക്കും.
Also Read : കിറ്റും പോരാഞ്ഞ് ഗിഫ്റ്റ് കാർഡുമിറക്കാൻ സർക്കാർ; തിരഞ്ഞെടുപ്പുകൾക്കൊപ്പം സൗജന്യപ്പെരുമഴ പ്രതീക്ഷിക്കാം
സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ ധനമന്ത്രി കെ എൻ ബാലഗോപാൽ കേന്ദ്ര മന്ത്രി നിർമ്മല സീതാരാമനെ അറിയിച്ചു. ദേശീയ പാത വികസനത്തിനായുള്ള ഭൂമി ഏറ്റെടുക്കൽ ചെലവിന്റെ 25% സംസ്ഥാനം വഹിച്ചതിനാൽ ആ ഇനത്തിൽ 6,000 കോടി രൂപ കടമെടുക്കാൻ കേന്ദ്രം സംസ്ഥാനത്തിന് അനുമതി നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ മറ്റിനങ്ങളിൽ കേന്ദ്രത്തിൽ നിന്ന് കിട്ടാനുള്ള പണം കൂടി ലഭിച്ചാൽ ആകെ 12145.16 കോടി രൂപ കേരളത്തിന് ലഭിക്കും. ഇത്രയും തുക കണ്ടെത്തിയാൽ തന്നെ ബാക്കി 6850 കോടി രൂപയിലധികം സംസ്ഥാനം സ്വന്തം നിലയില്‍ കണ്ടെത്തേണ്ടതുണ്ട്.
വലിയ വാഗ്ദാനങ്ങളാണ് ഓണം അടുപ്പിച്ച് സംസ്ഥാന സർക്കാർ നൽകിയിരിക്കുന്നത്. കേന്ദ്രസർക്കാർ ഫണ്ട് നൽകിയില്ലെങ്കിൽ അവയെല്ലാം അവതാളത്തിലാകും. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഓണം ബോണസ്, ഫെസ്റ്റുകൾ, ഓണ ചന്ത, കിറ്റ്, ക്ഷേമ പെന്‍ഷന്‍ തുടങ്ങിയ നിരവധി ചിലവുകള്‍ ഉണ്ട്. പ്രതിസന്ധി മറികടക്കുക എന്നത് സംസ്ഥാന സര്‍ക്കാരിന്റെ നിലനില്‍പ്പിന്റെ കൂടി പ്രശ്‌നമാണ്. രണ്ടാം പിണറായി സർക്കാരിന്റെ അവസാന ഓണം അടിപൊളിയാക്കാനുള്ള തീവ്രശ്രമത്തിലാണ് സംസ്ഥാന സർക്കാർ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here