കേരളത്തിലെ ഏറ്റവും വലിയ അതിദരിദ്രൻ സർക്കാർ; രൂക്ഷ വിമർശനവുമായി കുഞ്ഞാലിക്കുട്ടി

സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. കേരളത്തെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ചതിനെയാണ് കുഞ്ഞാലിക്കുട്ടി ചോദ്യം ചെയ്തത്. “കേരളത്തിലെ ഏറ്റവും വലിയ അതിദരിദ്രൻ സംസ്ഥാന സർക്കാരാണ്. അത്യാവശ്യത്തിന് പോലും സർക്കാരിൻ്റെ കയ്യിൽ കാശില്ല, ഇത് ജനങ്ങളെ മുഴുവൻ ബാധിക്കും” കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതിദാരിദ്ര്യ മുക്ത പ്രഖ്യാപനം നടത്തുന്നതോടെ പല കേന്ദ്ര പദ്ധതികൾക്കും കേരളത്തിന് പണം ലഭിക്കാതെ വരുമെന്ന് കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് ചെലവ് ചുരുക്കൽ നടക്കുന്നില്ല. ഈ പ്രഖ്യാപനം സംസ്ഥാന സർക്കാരിന് വലിയ തിരിച്ചടിയാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിലവിലെ സാഹചര്യത്തിൽ അതി ദരിദ്രരായിട്ടുള്ള ആയിരക്കണക്കിന് ആളുകളുടെ വിവരങ്ങൾ പുറത്തുവരും. ഇതിന് ഒരു ബദൽ മാർഗ്ഗം യുഡിഎഫ് കൊണ്ടുവരുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
Also Read : മോഹൻലാലിനും കമൽഹാസനും തിരക്ക്; അതിദാരിദ്ര്യ മുക്ത പ്രഖ്യാപന വേദിയിലെ താര സാന്നിധ്യമായി മമ്മൂട്ടി
മുഖ്യമന്ത്രിക്കെതിരായ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമിൻ്റെ പരാമർശത്തിലും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. “ലീഗിന് ഒരു രീതിയുണ്ട്. അന്തസ്സോടെയാണ് പ്രതികരിക്കാറുള്ളത്. വ്യക്തി അധിക്ഷേപം ലീഗിൻ്റെ രീതി അല്ല” എന്ന് അദ്ദേഹം വ്യക്തമാക്കി.പ്രതിപക്ഷ ബഹുമാനത്തോടെ സംസാരിക്കുന്ന രീതിയാണ് ലീഗിന്. എന്നാൽ ചില സമയത്ത് നാക്കുപിഴ സംഭവിക്കും.
പിഎംഎ.സലാമിനെ സംസ്ഥാന പ്രസിഡൻ്റ് തന്നെ തിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി രീതി എന്താണെന്ന് സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കിയിട്ടുണ്ട്. നാക്ക് പിഴ ആർക്കും സംഭവിക്കാം, തനിക്ക് സംഭവിച്ചാലും പാർട്ടി തിരുത്തുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ പിഎംഎ സലാം മാപ്പ് പറയണമെന്ന് സിപിഐ എം ആവശ്യപ്പെട്ടിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here