വോട്ടുബാങ്കിനെ ഭയന്ന് നവോത്ഥാനം; അന്ധവിശ്വാസ നിരോധനത്തിൽ കേരളം തോൽക്കുന്നതിവിടെ

കേരള ഹൈക്കോടതി കഴിഞ്ഞ ദിവസം ശ്രദ്ധേയമായ ഒരു കാര്യം ഉറപ്പിച്ച് തന്നെ സർക്കാരിനോട് പറഞ്ഞു. അന്ധവിശ്വാസങ്ങൾക്കെതിരെയും മന്ത്രവാദത്തിനെതിരെയും ഒരു നിയമം വരുന്നത് വരെ കൈയും കെട്ടിയിരിക്കാൻ കഴിയില്ല. അതുവരെ ഇത്തരം കേസുകൾ കൈകാര്യം ചെയ്യാൻ പോലീസിന്റെ ഒരു പ്രത്യേക സെൽ രൂപീകരിക്കണം. നിയമം നിർമ്മിക്കാൻ ഉത്തരവാദിത്തമുള്ളവർ കാലതാമസം വരുത്തുമ്പോൾ, നീതിപീഠത്തിന് പോലീസിനോട് ഇങ്ങനെ പറയേണ്ടി വരുന്നത് ഭരണകൂടത്തിന് മുഖത്തേറ്റ പ്രഹരമാണ്. അയ്യങ്കാളിയും ശ്രീനാരായണ ഗുരുവും അനാചാരങ്ങളുടെ ചങ്ങല പൊട്ടിച്ചെറിഞ്ഞ മണ്ണാണിത്. ഭ്രാന്താലയമെന്ന് വിവേകാനന്ദൻ വിളിച്ച നാടിനെ നവീകരിച്ചെടുത്ത പാരമ്പര്യമുള്ള കേരളം. പോരാത്തതിന്, യുക്തിചിന്തയ്ക്കും ശാസ്ത്രബോധത്തിനും മുൻഗണന നൽകുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് വളക്കൂറുള്ള മണ്ണ്. പല അനാചാരങ്ങളെയും നാം വലിച്ചെറിഞ്ഞു. പക്ഷേ, എന്തുകൊണ്ടാണ് അന്ധവിശ്വാസ നിരോധനനിയമം കൊണ്ടുവരാൻ നമുക്ക് കഴിയാത്തത്? നമുക്ക് നോക്കാം. കർണാടകയും മഹാരാഷ്ട്രയും അത് പണ്ടേ നടപ്പിലാക്കി. എന്നിട്ടും, പുരോഗമന കേരളത്തിൽ ഈ ബില്ല് ഇപ്പോഴും ‘പരിഗണനയിലാണ്’ എന്നാണ് പല്ലവി.

Also Read : അമ്മ അക്യുപങ്‌ചറിസ്റ്റ്, പ്രസവം വീട്ടിൽ; ഒരുവയസുകാരൻ്റെ മരണത്തിനു പിന്നിൽ അന്ധവിശ്വാസമോ?

കൃത്യം പന്ത്രണ്ട് വർഷം മുൻപ് 2014-ൽ, അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിർദ്ദേശപ്രകാരം എ.ഡി.ജി.പി എ. ഹേമചന്ദ്രനാണ് ‘അന്ധവിശ്വാസത്തിന്റെ പേരിലുള്ള ചൂഷണം തടയൽ ബിൽ- 2014’ (Exploitation by Superstition Prevention Bill) തയ്യാറാക്കി സമർപ്പിച്ചത്. ഇതിലാണ് അന്ധവിശ്വാസം പ്രചരിപ്പിക്കുന്നവർക്ക് ഏഴു വർഷം വരെ തടവും പിഴയും ശുപാർശ ചെയ്തിരുന്നു. എന്നാൽ സർക്കാർ ബില്ലിനെ വേണ്ട രീതിയിൽ പരിഗണിച്ചില്ല. എന്താണ് അന്ധവിശ്വാസം എന്നത് സംബന്ധിച്ച് വ്യക്തമായ നിർവചനം നൽകാൻ സർക്കാരിന് കഴിഞ്ഞില്ല. വിശ്വാസവും അന്ധവിശ്വാസവും തമ്മിലുള്ള നേർത്ത അതിർവരമ്പ് എങ്ങനെ മനസിലാക്കുമെന്നറിയാതെ അന്ധവിശ്വാസ നിരോധനബിൽ പാതിവഴിയിൽ മുടങ്ങി. ബില്ലിനെ ഒരു ഔദ്യോഗിക രേഖയായി പരിഗണിക്കാനോ നിയമസഭയിൽ ചർച്ചയ്ക്ക് എടുക്കാനോ തയ്യാറായില്ല. ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ആ ബില്ലിനോട് കടുത്ത നിസ്സംഗതയാണ് ഉണ്ടായത്. അന്ധവിശ്വാസം എന്നതിനെ എങ്ങനെ നിർവചിക്കും എന്നതിൽ ആഭ്യന്തര-നിയമ വകുപ്പുകൾക്കിടയിലുള്ള തർക്കം ബില്ലിനെ ചുവപ്പുനാടയിൽ കുടുക്കിയിരിക്കുകയാണ്.

Also Read : ഹിജാബ് വിവാദത്തിൽ പഠനം നിർത്തി വിദ്യാർത്ഥികൾ; പടിയിറങ്ങുന്നത് രണ്ട് കുട്ടികൾ

അതിനുശേഷവും മന്ത്രവാദ പീഡനങ്ങളും മരണങ്ങളും തുടർന്നു. ഓരോ മരണം നടക്കുമ്പോഴും നിയമം ഉടൻ വരുമെന്ന പ്രഖ്യാപനങ്ങൾ പുറത്തുവരും. 2019-ൽ നിയമപരിഷ്കരണ കമ്മീഷൻ വീണ്ടും ഒരു കരട് റിപ്പോർട്ട് പിണറായി സർക്കാരിന് മുൻപാകെ സമർപ്പിച്ചു. കേരളത്തെ നടുക്കിയ ഇലന്തൂർ നരബലി നടന്നപ്പോഴാണ് ഈ ആവശ്യം വീണ്ടും ആളിക്കത്തിയത്. അന്ന് മുഖ്യമന്ത്രി തന്നെ നിയമസഭയിൽ പറഞ്ഞു, അന്ധവിശ്വാസങ്ങൾക്കെതിരെ കർക്കശമായ നിയമം വേഗത്തിൽ കൊണ്ടുവരുമെന്ന്. കരട് ബില്ല് തയ്യാറാണ്, ആഭ്യന്തരവകുപ്പും നിയമവകുപ്പും അത് പരിശോധിച്ചു കഴിഞ്ഞു എന്നൊക്കെ. പക്ഷേ, അന്ധവിശ്വാസം എന്നതിനെ എങ്ങനെ നിർവചിക്കും എന്നതിൽ ഇപ്പോഴും തർക്കം നിലനിൽക്കുകയാണ്. ആചാരങ്ങളും വിശ്വാസങ്ങളും അന്ധവിശ്വാസവും തമ്മിലുള്ള നൂൽപ്പാലം മുറിച്ചുകടക്കാൻ ഭരണകൂടം ഭയപ്പെടുന്നു എന്നതാണ് സത്യം. വോട്ടുബാങ്ക് തകരുമോ എന്ന പേടിയിൽ മതസംഘടനകളെ പിണക്കാൻ സർക്കാർ മടിക്കുന്നു.

Also Read : ശബരിമല പ്രക്ഷോഭ കേസുകളെക്കുറിച്ച് ചോദിച്ചാല്‍ പിണറായി സര്‍ക്കാര്‍ മിണ്ടില്ല; മറുപടി പറയിപ്പിക്കുമെന്ന് പ്രതിപക്ഷം

ശബരിമല യുവതീപ്രവേശനവിധി വന്നപ്പോൾ ഞങ്ങൾ നവോത്ഥാന മൂല്യങ്ങൾക്കൊപ്പമാണ്, സുപ്രീം കോടതി വിധി നടപ്പിലാക്കാൻ ഞങ്ങൾ ബാധ്യസ്ഥരാണ് എന്ന് പറഞ്ഞ് നെഞ്ചുവിരിച്ചു നിന്നതാണ് കമ്മ്യൂണിസ്റ്റ് സർക്കാർ. അന്ന് നവോത്ഥാനം ഉയർത്തിപിടിച്ചവർക്ക് എന്തുകൊണ്ടാണ് അന്ധവിശ്വാസ നിരോധന നിയമത്തിന്റെ കാര്യം വരുമ്പോൾ കോടതിയുടെ നിർദ്ദേശങ്ങൾ കേട്ടില്ലെന്ന് നടിക്കേണ്ടിവരുന്നതെന്ന ചോദ്യങ്ങൾ പൊതുസമൂഹത്തിൽ നിന്ന് ഉയർന്നുതുടങ്ങിയിട്ട് നാളുകൾ ഏറെയായി. ശാസ്ത്രബോധമെന്നും യുക്തിചിന്തയെന്നും മൈക്കിന് മുന്നിൽ തൊണ്ടപൊട്ടുമാറ് പ്രസംഗിക്കുന്ന ഇടത് നേതാക്കൾ, പ്രായോഗിക തലത്തിൽ അന്ധവിശ്വാസ നിരോധനനിയമത്തിന്റെ കാര്യത്തിൽ മൗനവൃതത്തിലാണ്.

Also Read : ജിലേബി സ്വാമി, സ്റ്റൗ സ്വാമി മുതൽ ദിവ്യാജോഷി വരെ…. കേരളത്തിലെ ആൾദൈവ വ്യവസായം സന്തോഷ് മാധവന് മുൻപും ശേഷവും; ‘അമൃത ചൈതന്യ’ വിടവാങ്ങുമ്പോൾ ഒരു തിരിഞ്ഞുനോട്ടം

ഇന്ന് കേരളത്തിൽ ആൾദൈവങ്ങൾക്ക് പഞ്ഞമില്ല. ഓരോ തെരുവിലും പുതിയ പുതിയ അവതാരങ്ങൾ. ശൂന്യതയിൽ നിന്ന് ഭസ്മവും മോതിരവും എടുക്കുന്നവർ മുതൽ, കൈവെയ്പ്പിലൂടെ ക്യാൻസർ മാറ്റുമെന്ന് അവകാശപ്പെടുന്നവർ വരെ ഈ പട്ടികയിലുണ്ട്. ശാസ്ത്രം തോറ്റിടത്ത് തങ്ങൾ ജയിക്കുമെന്ന കപടവാഗ്ദാനവുമായാണ് ഇവർ ദുരിതമനുഭവിക്കുന്നവരെ വലയിലാക്കുന്നത്. പ്രാർത്ഥനയിലൂടെ മുറിവ് ഉണങ്ങുമെന്നും, മന്ത്രവാദത്തിലൂടെ സാമ്പത്തിക തകർച്ച മാറുമെന്നും വിശ്വസിപ്പിച്ച് കോടികളാണ് ഇവർ സമ്പാദിക്കുന്നത്. ആഡംബര ആശ്രമങ്ങളും വൻകിട ബിസിനസ് സാമ്രാജ്യങ്ങളും കെട്ടിപ്പൊക്കാൻ ഇവർക്ക് ഇന്ധനമാകുന്നത് പാവപ്പെട്ടവന്റെ അരക്ഷിതാവസ്ഥയാണ്. ഈ നിയമം വന്നാൽ, ഇവർ കാട്ടിക്കൂട്ടുന്ന ഈ അത്ഭുത പ്രവർത്തികൾ കേവലം കൺകെട്ട് വിദ്യകളാണെന്നും, അതിന് പിന്നിൽ വലിയ സാമ്പത്തിക-ലൈംഗിക ചൂഷണങ്ങൾ നടക്കുന്നുണ്ടെന്നും നിയമപരമായി തെളിയിക്കപ്പെടും.

Also Read : മഹാരാഷ്ട്രയും കർണാടകവും നടപ്പാക്കിയ അന്ധവിശ്വാസ നിരോധന നിയമം കൊണ്ടുവരാൻ കമ്യൂണിസ്റ്റ് സർക്കാരിന് ഭയമോ… ഹൈക്കോടതിക്ക് അതൃപ്തി

അത്തരക്കാർ നൽകുന്ന തട്ടിപ്പുപരസ്യങ്ങൾ പ്രമുഖ പത്രങ്ങളുടെ ഫസ്റ്റ് പേജിൽ തന്നെ പലപ്പോഴും കാണാം. പ്രൈംടൈം ചർച്ചകളിൽ യുക്തി പറയുന്ന ചാനലുകൾ നേരം വെളുക്കുമ്പോൾ ‘നിങ്ങളുടെ ഇന്നത്തെ ദിവസം’ എന്ന പേരിൽ അന്ധവിശ്വാസം വിൽക്കുന്നു. മാധ്യമങ്ങൾക്ക് റേറ്റിംങ്ങും പണവും കിട്ടാൻ ആൾദൈവങ്ങളുടെയും അവരുടെ സ്ഥാപനങ്ങളുടെയും പരസ്യങ്ങൾ വേണം. ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാനുള്ള മാനസിക കരുത്തില്ലാത്ത മനുഷ്യൻ അദൃശ്യശക്തികളിൽ അഭയം തേടുന്നു. അന്ധവിശ്വാസങ്ങളെ ക്രിമിനൽ കുറ്റമായി കാണുന്ന ശക്തമായ നിയമം നിലവിൽ വരാത്തത് തട്ടിപ്പുകാർക്ക് വളമാവുകയാണ്.

Also Read :

എല്ലാ മതങ്ങളിലും വിശ്വാസത്തെ കച്ചവടമാക്കുന്ന തട്ടിപ്പുകാർ കൂടുകൂട്ടിയിട്ടുണ്ട്. അതിന്റെ ഏറ്റവും ക്രൂരമായ ഉദാഹരണമാണ് അടുത്തകാലത്ത് കേരളത്തിൽ വിവാദമായ ചില വിശുദ്ധ പത്രങ്ങൾ. ശാസ്ത്രം ഇത്രയേറെ വളർന്ന കാലഘട്ടത്തിലാണ്, ഒരു പ്രത്യേക പത്രത്തിന് മുകളിൽ കിടന്ന് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ വന്ധ്യത മാറുമെന്നും പത്രം വെള്ളത്തിൽ കലക്കി കുടിച്ചാൽ ക്യാൻസർ ഉൾപ്പെടെയുള്ള മാരക രോഗങ്ങൾ മാറുമെന്നും ദുരിതമനുഭവിക്കുന്ന പാവപ്പെട്ട മനുഷ്യരെ ഇവർ പറഞ്ഞ് പറ്റിക്കുന്നത്.

ഐശ്വര്യത്തിനായി മനുഷ്യനെ കുരുതി കൊടുക്കുന്ന നരബലി. രോഗം മാറ്റാൻ ഡോക്ടർക്ക് പകരം മന്ത്രവാദിയുടെ അടുത്തേക്ക് പോകുന്ന വിദ്യാസമ്പന്നർ, കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുന്ന ജിന്ന് ഒഴിപ്പിക്കലും പിശാചുബാധ മാറ്റലും. വീടിനടിയിൽ നിധി ഉണ്ടെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടുന്ന മാന്ത്രികർ. പഠിപ്പും പണവുമുള്ളവർ പോലും ഈ തട്ടിപ്പുക്കൾക്ക് ഇരയാകുന്നു എന്നതാണ് സത്യം. സാങ്കേതികമായി നമ്മൾ 5G യുഗത്തിലേക്ക് കടന്നെങ്കിലും പലരുടെയും ചിന്താഗതി ഇന്നും മധ്യകാലഘട്ടത്തിലാണ്. ബോധവൽക്കരണം കൊണ്ടുമാത്രം ഇത് മാറില്ല, മന്ത്രവാദിയെയും അത് വിൽക്കുന്നവനെയും അകത്തിടാൻ നിയമം വരണം. ഹൈക്കോടതി ഇപ്പോൾ സ്പെഷ്യൽ സെൽ രൂപീകരിക്കാൻ പറഞ്ഞത് ഒരു താൽക്കാലിക പരിഹാരം മാത്രമാണ്. യഥാർത്ഥ പരിഹാരം ആർജ്ജവത്തോടെയുള്ള നിയമനിർമ്മാണമാണ്. വോട്ട് പോകുമെന്ന് ഭയന്ന് അന്ധവിശ്വാസങ്ങൾക്ക് കൂട്ടുനിൽക്കുന്നവർ നാടിനോട് ചെയ്യുന്നത് വലിയ ചതിയാണ്. നവോത്ഥാന നായകരുടെ പടം ഭിത്തിയിൽ തൂക്കിയതുകൊണ്ട് മാത്രം മാറ്റം വരില്ല. ശാസ്ത്രീയ അവബോധം വളർത്തുക എന്നത് ഭരണഘടന പറയുന്ന കടമയാണ്. അത് നടപ്പിലാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യവും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top