നേറ്റിവിറ്റി സർട്ടിഫിക്കറ്റുകൾ ചരിത്രമാകുന്നു; വരാൻ പോകുന്നത് പെർമനന്റ് നേറ്റിവിറ്റി കാർഡുകൾ

വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റുകൾക്ക് പകരം ഫോട്ടോ പതിച്ച സ്ഥിരമായ നേറ്റിവിറ്റി കാർഡുകൾ (Permanent Nativity Cards) നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ ചരിത്രപരമായ തീരുമാനം എടുത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
നിലവിൽ വില്ലേജ് ഓഫീസുകളിൽ നിന്നും ഓരോ ആവശ്യത്തിനും പ്രത്യേകം നേറ്റിവിറ്റി സർട്ടിഫിക്കറ്റുകൾ വാങ്ങേണ്ട സ്ഥിതിയാണുള്ളത്. ഇതിന് പകരമായി ഒരു തവണ ലഭിച്ചാൽ ആജീവനാന്തം ഉപയോഗിക്കാവുന്ന ഫോട്ടോ പതിച്ച കാർഡുകളാണ് സർക്കാർ നൽകുക. ഈ കാർഡുകൾക്ക് നിയമപരമായ പരിരക്ഷ നൽകുന്നതിനായി റവന്യൂ വകുപ്പ് പ്രത്യേക നിയമനിർമ്മാണം നടത്തും. അടുത്ത നിയമസഭാ സമ്മേളനത്തിൽ ഇതിനായുള്ള ബില്ല് അവതരിപ്പിക്കും.
പൗരത്വ ഭേദഗതി നിയമം, വോട്ടർ പട്ടിക പുതുക്കൽ തുടങ്ങിയ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഈ തീരുമാനം. സ്വന്തം നാട്ടിൽ ജനിച്ചു വളർന്നവർക്ക് അത് തെളിയിക്കാനുള്ള കൃത്യമായ രേഖകൾ കൈവശമുണ്ടാകണം എന്നത് നിർബന്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ ആവശ്യങ്ങൾക്കും സർക്കാർ സേവനങ്ങൾക്കും ക്വോട്ടകൾക്കും ഈ കാർഡ് ഉപയോഗിക്കാം. ഇത് ഒരു വ്യക്തിയുടെ പൗരത്വവും ജന്മനാടും തെളിയിക്കാൻ സഹായിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ വ്യക്തമാക്കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here