ദുരന്തം പാഠമായി; ആശുപത്രി കെട്ടിടങ്ങൾക്ക് ചികിത്സയാകാം

കേരളത്തിലെ ആശുപത്രി കെട്ടിടങ്ങളുടെ ശോചനീയാവസ്ഥയെ കുറിച്ചുള്ള വാർത്തകൾ മാധ്യമങ്ങളിൽ നിറയുമ്പോഴേക്കും വിഷയത്തിൽ നടപടിക്കൊരുങ്ങിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം ഇടിഞ്ഞുവീണ് വീട്ടമ്മ മരിച്ചതിനെത്തുടർന്ന് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് ശോചനീയാവസ്ഥയിലുള്ള ആശുപത്രികളുടെ വിവരങ്ങൾ ശേഖരിച്ച് സർക്കാരിന് കൈമാറി. സംസ്ഥാനത്തെ 135 ആശുപത്രികളിലായി 225 കെട്ടിടങ്ങൾ പൊളിഞ്ഞുവീഴാറായ നിലയിലെന്നാണ് കണ്ടെത്തൽ.
അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ നപടികളുമായി സർക്കാർ. ആരോഗ്യ മന്ത്രിയുടെയും വകുപ്പ് സെക്രട്ടറിയുടെയും സാന്നിധ്യത്തിൽ രണ്ട് ദിവസമായി ചേർന്ന അവലോകന യോഗമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ഉപയോഗയോഗ്യമല്ലെന്ന് കണ്ടെത്തിയിട്ടും പ്രവർത്തനം തുടരുന്ന കെട്ടിടങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൊളിക്കും.
Also Read : ആശുപത്രികൾ അനാരോഗ്യത്തിൽ; ചികിത്സ നൽകേണ്ടത് ആരോഗ്യവകുപ്പിനോ?
നിർമാണത്തിലുള്ളതും നിർമിക്കാനിരിക്കുന്നതുമായ കെട്ടിടങ്ങളിൽ സുരക്ഷ ഉറപ്പാക്കും. ഈ കെട്ടിടങ്ങളിൽ വയോജന സൗഹൃദ സംവിധാനങ്ങളും ഒരുക്കും. നിർമാണം പൂർത്തിയായിട്ടും ഉദ്ഘാടനം ചെയ്യാത്തതും ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവർത്തനം തുടങ്ങാത്തതുമായ കെട്ടിടങ്ങളുടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഉദ്ഘാടനം വൈകുന്നതിന്റെ കാരണങ്ങൾ അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കുള്ള നിർദേശം. വൈദ്യുതി-കുടിവെള്ള കണക്ഷനുകൾ, തദ്ദേശ സ്ഥാപനത്തിന്റെ പെർമിറ്റ്, അഗ്നിസുരക്ഷാ സർട്ടിഫിക്കറ്റ് തുടങ്ങിയവ ലഭിക്കാത്തതിന്റെ പ്രശ്നമുണ്ടോ എന്നും പരിശോധിക്കും.
ബലക്ഷയമുള്ള കെട്ടിടങ്ങളിൽ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും പ്രവേശനം കർശനമായി തടയും. കെട്ടിട നിർമാണത്തിന്റെ ചുമതലയുള്ള ഏജൻസികൾ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കും. നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാനുള്ള പദ്ധതിക്കാണ് രൂപം നൽകിയിട്ടുള്ളത്. സർക്കാർ ആശുപത്രികളിലേക്ക് എത്തുന്ന രോഗികൾക്ക് സുരക്ഷ ഉറപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് ആരോഗ്യവകുപ്പ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here