വേഗപാതയോ റാപ്പിഡ് റെയിലോ? ഇ ശ്രീധരനും സർക്കാരും രണ്ട് തട്ടിൽ; സിൽവർലൈൻ നഷ്ടം 51 കോടി

കേന്ദ്ര പിന്തുണയോടെ മെട്രോമാൻ ഈ ശ്രീധരൻ മുന്നോട്ട് വെച്ച തിരുവനന്തപുരം – കണ്ണൂർ വേഗപാതയ്ക്ക് പകരമായി സർക്കാർ ബജറ്റിൽ റാപ്പിഡ് റെയിൽ പ്രഖ്യാപനം നടത്തി. ഇ. ശ്രീധരൻ ഫെബ്രുവരി 2-ന് വേഗപാതയുടെ ഡിപിആർ പ്രവർത്തനങ്ങൾ തുടങ്ങാനിരിക്കെയാണ് സർക്കാരിന്റെ അപ്രതീക്ഷിത നീക്കം. സംസ്ഥാന സർക്കാർ രാഷ്ട്രീയ പ്രേരിതമായാണ് റാപ്പിഡ് റെയിൽ കൊണ്ടുവരുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്. സിൽവർലൈനിന് ബദലായി ഇ. ശ്രീധരൻ നിർദ്ദേശിച്ച പദ്ധതി മുൻപ് കെ.വി. തോമസ് വഴി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് മുന്നിൽ സമർപ്പിച്ചിരുന്നു. എന്നാൽ അന്ന് മറുപടി നൽകാതിരുന്ന കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, ഇ. ശ്രീധരൻ നേരിട്ട് ചെന്നു കണ്ടപ്പോൾ പദ്ധതിക്ക് ഡിപിആർ തയ്യാറാക്കാൻ ഉടനടി അനുമതി നൽകുകയായിരുന്നു.

സർക്കാർ മുൻപ് പിന്തുണച്ച ശ്രീധരന്റെ ബദൽ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചിട്ടും, അതിനൊപ്പം നിൽക്കാതെയാണ് സർക്കാർ പുതിയ റാപ്പിഡ് റെയിൽ പ്രഖ്യാപിച്ചിരിക്കുന്നത്. പദ്ധതിയുടെ ക്രെഡിറ്റ് പൂർണ്ണമായും കേന്ദ്രത്തിന് ലഭിക്കുമെന്ന ആശങ്കയാണ് സർക്കാരിന്റെ ഈ പിന്മാറ്റത്തിന് പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇ. ശ്രീധരൻ വിഭാവനം ചെയ്യുന്ന അതിവേഗ പാതയ്ക്ക് മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയുണ്ടാകും. എന്നാൽ സർക്കാർ പ്രഖ്യാപിച്ച റാപ്പിഡ് റെയിലിന്റെ വേഗത 160-180 കിലോമീറ്റർ മാത്രമാണ്. ശ്രീധരന്റെ പദ്ധതി 5 വർഷം കൊണ്ട് പൂർത്തിയാക്കാമെങ്കിൽ സർക്കാർ പദ്ധതിക്ക് 12 വർഷമെങ്കിലും വേണ്ടിവരുമെന്നാണ് വിലയിരുത്തൽ.

Also Read : തിരുവനന്തപുരത്ത് നിന്ന് കണ്ണൂരേക്ക് മൂന്നര മണിക്കൂർ; 21 സ്റ്റേഷനുകൾ; പദ്ധതി വിശദീകരിച്ച് ഇ ശ്രീധരൻ

സിൽവർലൈൻ പദ്ധതി കേന്ദ്രം തള്ളുകയും ജനകീയ പ്രതിഷേധം ഉയരുകയും ചെയ്തതോടെയാണ് സർക്കാർ റാപ്പിഡ് റെയിലിലേക്ക് മാറിയത്. നിലവിൽ കേന്ദ്ര നിർദ്ദേശപ്രകാരം തിരുവനന്തപുരം-കണ്ണൂർ അതിവേഗ പാതയുടെ ഡിപിആർ തയ്യാറാക്കുന്ന പ്രവർത്തനങ്ങളുമായി താൻ മുന്നോട്ട് പോകുകയാണെന്ന് ഇ ശ്രീധരൻ പറഞ്ഞു. ഇതിനായി പൊന്നാനിയിൽ ഡിഎംആർസി ഓഫീസും തുറന്നിട്ടുണ്ട്.

സിൽവർലൈൻ പദ്ധതിക്കായി ഇതുവരെ 51.26 കോടി രൂപ സംസ്ഥാനത്തിന് നഷ്ടമായെന്ന് സർക്കാർ ആദ്യമായി സമ്മതിച്ചു. റെയിൽവേയുടെ എതിർപ്പിനൊപ്പം ജനകീയ പ്രതിഷേധവും പദ്ധതിക്ക് തിരിച്ചടിയായെന്ന് സർക്കാർ ഇന്നലെ നിയമസഭയിൽ വ്യക്തമാക്കി. സിൽവർലൈൻ റെയിൽവേ ബോർഡിന് കീഴിലാണെങ്കിൽ, റാപ്പിഡ് റെയിൽ വരുന്നത് നഗരകാര്യ മന്ത്രാലയത്തിന് കീഴിലാണ്. റെയിൽവേയുടെ കടുപ്പമേറിയ നിയമങ്ങൾക്ക് പകരം മെട്രോ നിയമങ്ങളാകും ഇതിന് ബാധകമാകുക എന്നതാണ് സർക്കാർ കാണുന്ന പ്രധാന നേട്ടം. സിൽവർലൈൻ നേരിട്ട വലിയ പ്രതിഷേധങ്ങൾ ഒഴിവാക്കാൻ, ഭൂമി ഏറ്റെടുക്കൽ കുറഞ്ഞ റാപ്പിഡ് റെയിൽ പദ്ധതിയാണ് പ്രായോഗികമെന്ന് സർക്കാർ വാദിക്കുന്നു. എന്നാൽ ഇ. ശ്രീധരന്റെ പദ്ധതിയും തൂണുകളിലൂടെയുള്ള പാതയാണ് വിഭാവനം ചെയ്യുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top