ആയിരം കോടിയുടെ ജിഎസ്ടി തട്ടിപ്പില്‍ അന്വേഷണം ഇഴയുന്നു; പ്രതികളെ പിടിക്കാതെ പോലീസ്

പ്രതിപക്ഷ നേതാവ് പുറത്തു വിട്ട വ്യാജ ജിഎസ്ടി രജിസ്‌ട്രേഷന്‍ നടത്തി കോടികളുടെ തട്ടിപ്പ് ശരിവെച്ച് മുഖ്യമന്ത്രി. സംസ്ഥാനത്ത് ജിഎസ്ടിയുമായി ബന്ധപ്പെട്ട് 1100 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചിരുന്നു. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഒരു തട്ടിപ്പ് സംഘം മാത്രം വ്യാജ പേരുകളില്‍ 1100 കോടി രൂപയുടെ ട്രാന്‍സാക്ഷന്‍സ് (സര്‍ക്കുലര്‍ ട്രേഡിങ്) നടത്തിയതായാണ് പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.

വ്യാജ ജിഎസ്ടി രജിസ്‌ട്രേഷന്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ ഇടപാടുകള്‍ക്കെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഏഴ് കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. റോജി എം ജോണിന്റെ ചോദ്യത്തിന് ഉത്തരമായാണ് മുഖ്യമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. സംസ്ഥാനത്തിന് വന്‍ തോതില്‍ നികുതി നഷ്ടം ഉണ്ടായ സംഭവമായിട്ടും പോലീസ് വേണ്ട നടപടി സ്വീകാരിക്കാത്തതെന്തന്ന ചോദ്യത്തിന് കേരള പോലീസ് മികച്ചതാണെന്ന ഒഴുക്കന്‍ മറുപടിയാണ് നല്‍കിയത്. വീണ്ടും ഇതുസംബന്ധിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചിട്ട് മറുപടി ലഭിച്ചിട്ടില്ല. കേസുകളുടെ എഫ്‌ഐആര്‍, എത്ര തുക മരവിപ്പിച്ചു, എത്ര തുക കണ്ടുകെട്ടി എന്നീ ചോദ്യങ്ങള്‍ നിയമസഭയില്‍ മുഖ്യമന്ത്രിയോട് സെപ്റ്റംബര്‍ 30 ന് റോജി വീണ്ടും ഉന്നയിച്ചെങ്കിലും മുഖ്യമന്ത്രിയുടെ മറുപടി ഇതുവരെ ലഭിച്ചിട്ടില്ല.

സാധാരണക്കാരായ ആളുകളുടെ പേരില്‍, അവര്‍ അറിയാതെയാണ് ജിഎസ്ടി ജിസ്ട്രേഷന്‍ എടുത്തിരിക്കുന്നത് എന്നായിരുന്നു സതീശന്‍ വെളിപ്പെടുത്തിയത്.
സംസ്ഥാനത്തിന് 200 കോടി രൂപയുടെ ജിഎസ്ടി നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും പുണെ ജിഎസ്ടി ഇന്റലിജന്‍സ് ഈ തട്ടിപ്പ് കണ്ടെത്തി 2025 ഫെബ്രുവരിയില്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചെങ്കിലും സര്‍ക്കാര്‍ ആകെ ചെയ്തത് ഈ രജിസ്ട്രേഷനുകള്‍ ക്യാന്‍സല്‍ ചെയ്യുക മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഏഴ് കേസുകളെടുത്തു എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയെങ്കിലും തട്ടിപ്പുകാരെ ഇത് വരെ പിടികൂടാന്‍ കാര്യമായ ശ്രമങ്ങളൊന്നും പോലീസ് നടത്തിയില്ലെന്നതാണ് വാസ്തവം. എന്തുകൊണ്ടാണ് തട്ടിപ്പുകാരെ പിടികൂടാത്തതെന്ന പ്രതിപക്ഷ നേതാവിന്റെ ചോദ്യത്തിന് സര്‍ക്കാരോ മുഖ്യമന്ത്രിയോ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

സിബിഐ അന്വേഷണം നടത്തണമെന്നും ഇരകളായി മാറിയവര്‍ക്ക് നിയമസംരക്ഷണവും അറിവും നല്‍കണമെന്നും ശ്രദ്ധിക്കാതെ പോയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നുമാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടത്. പക്ഷേ, സര്‍ക്കാര്‍ ആ വഴിക്ക് നീങ്ങുന്ന ലക്ഷണമൊന്നും കാണുന്നില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top