ദത്തെടുത്ത കുട്ടി പീഡനക്കേസിലെ ഇര… അഡോപ്ഷൻ റദ്ദാക്കാൻ അവിവാഹിതയായ സിംഗിൾ മദർ ഹൈക്കോടതിയിൽ

ദത്തെടുത്ത കുട്ടിയെ തിരികെവിടാൻ അനുവദിക്കണമെന്ന ആവശ്യവുമായി തൃശൂർ സ്വദേശിയും അവിവാഹിതയുമായ സിംഗിൾ മദർ കേരള ഹൈക്കോടതിയെ സമീപിച്ചു. ദത്തെടുക്കൽ നടപടികൾ റദ്ദുചെയ്യാനും കുട്ടിയെ തിരികെ ശിശുക്ഷേമ സമിതിയെ ഏല്പിക്കാനും അനുമതി തേടിയാണ് കോടതിയിലെത്തിയത്. കുട്ടിയുടെ അസാധാരണമായ പെരുമാറ്റങ്ങളും അക്രമ സ്വഭാവവും സഹിക്കാനാവുന്നില്ല. കൂടാതെ കുട്ടി ഉൾപ്പെട്ട പീഡനക്കേസിനെക്കുറിച്ചും പരാതിക്കാരിയുടെ ഹർജിയിൽ പരാമർശമുണ്ട്.
ഡൽഹിയിൽ നിന്ന് ദത്തെടുത്ത പെൺകുട്ടി ഇപ്പോൾ ഏഴാം ക്ലാസിലാണ് പഠിക്കുന്നത്. വീട്ടിൽ കൊണ്ടുവന്നത് മുതൽ കുട്ടിയുടെ പെരുമാറ്റം വിചിത്രമാണ്. പഴ്സിൽ നിന്ന് പണം മോഷ്ടിക്കുക, തെറി വിളിക്കുക, അങ്ങേയറ്റം വയലൻ്റായി പെരുമാറുക എന്നിങ്ങനെയെല്ലാം കുട്ടിയുടെ സ്വഭാവത്തിൻ്റെ ഭാഗമാണ്. 2023ൽ തനിക്ക് ഡൽഹി ഡിസ്ടിക്റ്റ് ശിശുസംരക്ഷണ യൂണിറ്റിൽ നിന്ന് കുട്ടിയെ കോടതിയിൽ ഹാജരാക്കണമെന്ന് അറിയിച്ച് ഒരു ഇമെയിൽ സന്ദേശം ലഭിച്ചിരുന്നു. ഈ പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായിരുന്നു എന്ന വിവരം അപ്പോഴാണ അറിയുന്നത്.
ദത്തെടുക്കുന്ന ഘട്ടത്തിൽ നല്കിയ മെഡിക്കൽ റിപ്പോർട്ടിലോ ഒന്നും കുട്ടി പീഡനത്തിന് ഇരയായതായി കാണിച്ചിരുന്നില്ല. സാധാരണ നിലയിലേക്ക് പെൺകുട്ടിയെ എത്തിക്കാൻ നിരവധി തവണ കൗൺസിലിംഗും മറ്റ് തിരുത്തൽ നടപടികളും സ്വീകരിച്ചിട്ടും ഫലമുണ്ടായില്ലെന്ന് ഹർജിയിൽ വ്യക്തമാക്കുന്നു. ഈ ഘട്ടത്തിലാണ് തിരിച്ചേല്പിക്കാൻ ശിശുക്ഷേമ സമിതിയെ സമീപിച്ചത്. കുട്ടിയെ തിരിച്ച് ഏറ്റെടുക്കണമെന്ന് കാണിച്ച് 2024 ഡിസംബറിൽ സി ഡബ്ളിയുസിക്ക് അപേക്ഷ നല്കിയെങ്കിലും നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
കുട്ടിയെ നേരിൽ കണ്ട് സംസാരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ, കേരള ലീഗൽ സർവീസസ് അതോറിറ്റിക്ക് ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ നിർദേശം നൽകിയിരുന്നു. ദത്തെടുക്കൽ റദ്ദാക്കാമെന്നും, കുട്ടിയെ ഡൽഹിക്ക് തിരിച്ചയക്കാം എന്നുമാണ് അതോറിറ്റിക്ക് കീഴിലെ വിക്ടിം റൈറ്റ്സ് സെൻ്റർ, പ്രോജക്റ്റ് ഡയറക്ടറുടെ റിപ്പോർട്ട്. തികച്ചും സൂക്ഷ്മതയോടും അവധാനതയോടും ഈ നടപടികൾ നടപ്പിലാക്കണം. അടിക്കടിയുളള് സ്ഥലംമാറ്റങ്ങൾ കുട്ടിയുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും തടസമാവരുതെന്നും റിപ്പോർട്ടിലുണ്ട്. ഈ മാസം 22ന് കേസിൽ വാദംകേൾക്കും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here