സർക്കാരിനെ വിരട്ടാൻ നോക്കേണ്ട; ഹിജാബ് വിഷയത്തിൽ സ്കൂൾ മാനേജ്മെൻ്റിനെതിരെ ശിവൻകുട്ടി

കൊച്ചിയിലെ പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിൽ ഉണ്ടായ ഹിജാബ് വിവാദത്തിൽ, സ്കൂൾ മാനേജ്മെൻ്റിനെതിരെ രൂക്ഷമായ വിമർശനവുമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സർക്കാരിനെ കുറ്റപ്പെടുത്താനുള്ള ശ്രമങ്ങൾക്കെതിരെ ശക്തമായ മുന്നറിയിപ്പ് നൽകിയ മന്ത്രി, സർക്കാരിനെ വെല്ലുവിളിക്കാൻ മാനേജ്മെൻ്റ് നോക്കേണ്ടെന്ന് കൂട്ടിച്ചേർത്തു.

ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം രാഷ്ട്രീയവത്കരിക്കാൻ മാനേജ്മെൻ്റ് ആസൂത്രിത ശ്രമം നടത്തിയതായി മന്ത്രി ആരോപിച്ചു. സ്കൂൾ അധികൃതർക്ക് വേണ്ടി ഹാജരായ അഭിഭാഷകയുടെ പ്രസ്താവനകളും പ്രശ്നം വഷളാക്കുന്ന വിധത്തിലുള്ളതാണ്. ഇത്തരം പ്രകോപനപരമായ പ്രതികരണങ്ങളിൽ നിന്ന് മാനേജ്മെൻ്റ് പിൻമാറണമെന്നും മന്ത്രി നിർദ്ദേശിച്ചു.

Also Read : ഹിജാബ് വിഷയം ഊതിക്കത്തിച്ച് ശിവൻകുട്ടി; സിറോ മലബാർ സഭയും സർക്കാരും നേർക്കുനേർ

“പ്രശനം തീർന്നതിന് ശേഷം സർക്കാരിനെയും മന്ത്രിയേയും ഒരടിസ്ഥാനവുമില്ലാതെ വിമർശിക്കുന്നത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണ്. എന്ത് അധികാരമാണെന്നൊക്കെ ചോദിച്ചു. അങ്ങനെയൊന്നും കേരളത്തിലെ ഒരു മാനേജ്മെന്റും ഇതുവരെ ചോദിച്ചിട്ടില്ല. സർക്കാരിന് മുകളിലാണ് ഞങ്ങളെന്ന ഭാവം ഉണ്ടെങ്കിൽ അംഗീകരിക്കില്ലെന്നും” ശിവൻകുട്ടി വ്യക്തമാക്കി.

യൂണിഫോമിൻ്റെ ഭാഗമല്ലാത്ത ഹിജാബ് ധരിക്കുന്നത് സംബന്ധിച്ച തർക്കമാണ് പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ പ്രശ്നങ്ങൾക്ക് കാരണമായത്. ഈ ആവശ്യം അംഗീകരിക്കാൻ സ്കൂൾ മാനേജ്മെൻ്റ് വിസമ്മതിച്ചതോടെയാണ് വിവാദം ആരംഭിച്ചത്. ഈ വിഷയവുമായി ബന്ധപ്പെട്ട് എസ്.ഡി.പി.ഐ ഉൾപ്പെടെയുള്ള ചില മതസംഘടനകൾ സ്കൂളിലേക്ക് അതിക്രമിച്ച് കയറുകയും ബഹളമുണ്ടാക്കുകയും ചെയ്തതിനെ തുടർന്ന് പോലീസ്‌ കേസെടുത്തിരുന്നു.

തുടർന്ന് പ്രിൻസിപ്പൽ സ്കൂളിന് രണ്ട് ദിവസത്തേക്ക് അവധി നൽകി. വിഷയം കോടതിയിലെത്തിയപ്പോൾ, സ്കൂളധികൃതർ നൽകിയ ഹർജി പരിഗണിച്ച ഹൈക്കോടതി സ്കൂളിലും പരിസരത്തും ക്രമസമാധാനം ഉറപ്പാക്കാൻ നിർദ്ദേശിച്ചു. സർക്കാരിനും സംസ്ഥാന പോലീസ് മേധാവിക്കും പെൺകുട്ടിയുടെ രക്ഷിതാവിനും കോടതി നോട്ടീസയക്കുകയും ചെയ്തിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top