മന്ത്രിക്ക് 12 മിനിറ്റ് പ്രസംഗിക്കാൻ സർക്കാരിന് ചിലവ് 75 ലക്ഷം രൂപ!! ടൈംസ് ഓഫ് ഇന്ത്യക്ക് തുക അനുവദിക്കുന്നത് സ്പോൺസർഷിപ്പെന്ന പേരിൽ

നികുതിദായകൻ്റെ 75 ലക്ഷം രൂപ പുഷ്പം പോലെയെറിഞ്ഞ് ഒരു അന്താരാഷ്ട്ര മീറ്റിംഗിൽ മന്ത്രിക്ക് പ്രസംഗിക്കാൻ അവസരം സംഘടിപ്പിക്കുക. എന്നിട്ടത് കേരളത്തിന് വൻ നേട്ടമാണെന്ന് സർക്കാർ ഉത്തരവിറക്കുക; ചില്ലറക്കാര്യമല്ലല്ലോ!! തലചായ്ക്കാൻ ഒരു കൂരയുണ്ടാക്കാൻ പാവപ്പെട്ടവന് നാലുലക്ഷം രൂപ അരിഷ്ടിച്ചു നൽകുന്ന സർക്കാർ ഭരിക്കുന്ന നാട്ടിലാണീ 12 മിനിറ്റിൻ്റെ വചന ഘോഷണത്തിന് മുക്കാൽ കോടി രൂപ. വ്യവസായവികസനം സംബന്ധിച്ച സർക്കാരിൻ്റെ അവകാശവാദങ്ങൾ വൻ തട്ടിപ്പാണെന്ന് തുടരെ റിപ്പോർട്ടുകൾ പുറത്തുവിട്ട ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിനാണ് ഈ പാരിതോഷികം എന്നതാണ് ശ്രദ്ധേയം.
പ്രമുഖ മാധ്യമ സ്ഥാപനമായ ടൈംസ് ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന ‘ഇക്കണോമിക് ടൈംസ്, വേൾഡ് ലീഡേഴ്സ് ഫോറം’ എന്ന പരിപാടിക്ക് സർക്കാർ സ്പോൺസർഷിപ്പായി 75 ലക്ഷം രൂപ നൽകാനുള്ള സർക്കാർ തീരുമാനത്തെക്കുറിച്ചാണ്. ഇതിന് സർക്കാരിന് കിട്ടുന്ന പ്രത്യുപകാരമാണ് മന്ത്രിക്ക് 12 മിനിറ്റ് പ്രസംഗിക്കാനുള്ള അവസരം. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് പുറത്തിറക്കിയ ഉത്തരവിൽ വിശദീകരിക്കുന്നതാണ് ഇക്കാര്യം. 18% ജിഎസ്ടിയും ചേർത്ത് തുക നൽകാനുള്ള ശുപാർശ വകുപ്പിന് കീഴിലെ കെഎസ്ഐഡിസി വഴിയാണ് എത്തിയതും അംഗീകാരം നൽകിയതും.
ഈ മാസം 22, 23 തീയതികളിൽ ഡൽഹിയിലെ താജ് പാലസിൽ വെച്ചാണ് വേൾഡ് ലീഡേഴ്സ് ഫോറം നടക്കുന്നത്. ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഈ പരിപാടിയിൽ പങ്കെടുക്കുന്നത് കേരളത്തിന്റെ വ്യാവസായിക വളർച്ചയ്ക്ക് മുതൽക്കൂട്ടാകുമെന്ന കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടറുടെ ശുപാർശ പരിഗണിച്ചാണ് സർക്കാർ പണം അനുവദിക്കാൻ തീരുമാനിച്ചത്. സംസ്ഥാനത്തിന്റെ വ്യാവസായിക മുഖച്ഛായ മാറ്റിയെടുക്കാൻ ശ്രമിക്കുന്ന ഈ ഘട്ടത്തിൽ, വേൾഡ് ലീഡേഴ്സ് ഫോറം പോലുള്ള ഒരു വേദി തന്ത്രപരവും പ്രശസ്തി വർദ്ധിപ്പിക്കുന്നതുമായ മൂല്യം നൽകുമെന്നാണ് കെഎസ്ഐഡിസി സർക്കാരിനെ അറിയിച്ചത്.
കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ നിക്ഷേപം കൊണ്ടുവരാനായി മുഖ്യമന്ത്രി 25 തവണ വിദേശ രാജ്യങ്ങൾ സന്ദർശിച്ചുവെങ്കിലും ഒരുരൂപയുടെ പോലും നിക്ഷേപം വന്നില്ല. കെട്ടുകാഴ്ചകൾക്കും സ്വയം പൊങ്ങലിനും ബ്രാൻഡിംഗിനും പി ആർ പരിപാടികൾക്കും കോടികൾ ചെലവാക്കാം എന്നല്ലാതെ ഇത്തരം മുഖംമിനുക്കലുകൾ കൊണ്ട് നാടിന് പ്രത്യേകിച്ച് നേട്ടമൊന്നുമില്ലെന്ന് മനസിലാകാത്തത് സർക്കാരിൻ്റെ തലപ്പത്തുള്ളവർക്ക് മാത്രമാണ്. തിരഞ്ഞെടുപ്പ് വർഷത്തിൽ പരസ്യം വകയിലും സ്പോൺസർഷിപ്പായും പത്രമാധ്യമങ്ങളിലേക്ക് വൻതോതിൽ പൊതുപണം ഒഴുകുന്നതിന് മുന്നോടിയായും ഇതിനെ കാണാം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here