ശുചിമുറികൾ കണ്ടെത്താൻ ക്ലൂ ആപ്പ്; സഞ്ചാരികൾക്ക് ഇനി ആശ്വാസം

യാത്രക്കാർക്ക് വഴിയിൽ വൃത്തിയുള്ള ശുചിമുറികൾ കണ്ടെത്താനുള്ള ബുദ്ധിമുട്ടിന് പരിഹാരവുമായി സംസ്ഥാന സർക്കാർ. യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി, വഴിയിലെ വൃത്തിയുള്ള ശുചിമുറികൾ കണ്ടെത്താൻ സഹായിക്കുന്ന കേരള ക്ലൂ എന്ന മൊബൈൽ ആപ്ലിക്കേഷൻ നിലവിൽ വരുന്നു. പദ്ധതിയെക്കുറിച്ചുള്ള വിവരം മന്ത്രി എം ബി രാജേഷ് ഫെയ്സ്ബുക്കിലൂടെയാണ് അറിയിച്ചത്.
പൊതുമരാമത്ത് വകുപ്പ്, ടൂറിസം വകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ ഏകോപനത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ശുചിത്വമുള്ള യാത്രാനുഭവം ഉറപ്പാക്കുക, വിനോദസഞ്ചാരികൾക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കുക എന്നിവയാണ് ആപ്പ് ലക്ഷ്യമിടുന്നത്. യാത്രികർക്ക് അവരുടെ നിലവിലെ ലൊക്കേഷൻ അനുസരിച്ച് ഏറ്റവും അടുത്തുള്ള പൊതു, സ്വകാര്യ ശുചിമുറികൾ ആപ്പിൽ കാണാൻ സാധിക്കും.
Also Read : കേരളത്തിൽ മദ്യോത്പാദനം കൂട്ടും; മദ്യനയം 5 വർഷത്തേക്ക് ദീർഘിപ്പിക്കാൻ ആലോചന; മന്ത്രി എം ബി രാജേഷ്
പെട്രോൾ പമ്പുകൾ, റെസ്റ്റോറൻ്റുകൾ, കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റുകൾ റെയിൽവേ സ്റ്റേഷനുകൾ, മറ്റ് പൊതു ഇടങ്ങൾ എന്നിവിടങ്ങളിലെ ശുചിമുറികളുടെ വിവരങ്ങൾ ഇതിൽ ഉൾപ്പെടുത്തും. ശുചിമുറി ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് അതിൻ്റെ വൃത്തി, സുരക്ഷ, സൗകര്യങ്ങൾ എന്നിവയെക്കുറിച്ച് റേറ്റിങ്ങുകൾ നൽകാൻ സാധിക്കും. ഈ ഫീഡ്ബാക്ക് അനുസരിച്ച് ഉയർന്ന റേറ്റിങ്ങുള്ള ശുചിമുറികൾ തിരഞ്ഞെടുക്കാൻ യാത്രക്കാർക്ക് സാധിക്കും. ഇതിലൂടെ വഴിയിൽ വച്ച് ശുചിമുറികൾക്കായി തിരയുന്ന സമയം ലാഭിക്കാം.
ഉയർന്ന റേറ്റിങ്ങുള്ള സുരക്ഷിതവും വൃത്തിയുള്ളതുമായ ഇടങ്ങൾ തിരഞ്ഞെടുക്കാൻ സാധിക്കുന്നു. വനിതാ യാത്രികർക്ക് പ്രത്യേക പരിഗണന നൽകുന്നതും, മെച്ചപ്പെട്ട സൗകര്യങ്ങൾ ഉള്ളതുമായ ശുചിമുറികൾ എളുപ്പത്തിൽ കണ്ടെത്താം. ഈ പദ്ധതി യാത്രികർക്ക് ആശ്വാസകരമാകുന്നതിനൊപ്പം, സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് വലിയ ഉത്തേജനം നൽകുമെന്നും വിലയിരുത്തപ്പെടുന്നു. വൈകാതെ ആൻഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ ആപ്പ് ലഭ്യമാവും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here