ഹിജാബ് വിഷയത്തിൽ സ്‌കൂളിനെ തള്ളി വീണ്ടും വിദ്യാഭ്യാസമന്ത്രി; മറുപടി പറയേണ്ടി വരുമെന്ന് മുന്നറിയിപ്പ്

കൊച്ചി പള്ളുരുത്തി സെൻ്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിലക്കിനെ തുടർന്ന് എട്ടാം ക്ലാസ് വിദ്യാർഥിനി ടി സി വാങ്ങി പോകുന്ന സാഹചര്യത്തിൽ ശക്തമായ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രംഗത്ത്. ‘കുഞ്ഞുങ്ങളെ ചേർത്തു പിടിക്കുന്നതാണ് കേരളത്തിൻ്റെ പാരമ്പര്യം’ എന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ശിരോവസ്ത്രം ധരിച്ച ഒരു വിദ്യാർഥിനിക്കൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് മന്ത്രി തൻ്റെ നിലപാട് അറിയിച്ചത്.
ഈ വിഷയത്തിൽ സ്കൂൾ അധികൃതർക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്നും, വിദ്യാർഥിനി പഠനം നിർത്തി പോയാൽ സ്കൂൾ അധികൃതർ സർക്കാരിനോട് മറുപടി പറയേണ്ടി വരുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. “ആ കുട്ടി അനുഭവിക്കുന്ന മാനസിക സമ്മർദം വളരെ വലുതാണ്. ഒരു കൊച്ചുമോളോട് അങ്ങനെ പെരുമാറാൻ പാടുണ്ടോ? ഒരു കുട്ടിയുടെ പ്രശ്‌നമാണെങ്കിലും സംരക്ഷണം നൽകുക എന്നതാണ് സർക്കാർ നിലപാട്.” ശിരോവസ്ത്രം ധരിക്കുന്ന അധ്യാപിക തന്നെ കുട്ടി അത് ധരിക്കരുതെന്ന് പറയുന്നത് വലിയ വിരോധാഭാസമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
Also Read : സർക്കാരിനെ വിരട്ടാൻ നോക്കേണ്ട; ഹിജാബ് വിഷയത്തിൽ സ്കൂൾ മാനേജ്മെൻ്റിനെതിരെ ശിവൻകുട്ടി
യൂണിഫോമിൻ്റെ കാര്യത്തിൽ വിട്ടുവീഴ്ചയുടെ ആവശ്യമില്ലായിരുന്നു. യൂണിഫോമിൻ്റെ അതേ നിറത്തിലുള്ള ശിരോവസ്ത്രം ധരിക്കാൻ അനുവദിച്ചിരുന്നെങ്കിൽ പ്രശ്നം പരിഹരിക്കപ്പെടുമായിരുന്നു. മാന്യമായി പ്രശ്നം പരിഹരിക്കാൻ സ്കൂളിന് സാഹചര്യമുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രീയപ്രവർത്തകർ ഉൾപ്പെടെ ഇടപെട്ട് സമവായത്തിൽ എത്തിയ വിഷയം സ്കൂൾ അധികൃതരുടെ പ്രതികരണങ്ങളെ തുടർന്ന് വീണ്ടും വിവാദമാവുകയായിരുന്നു.
വിവാദത്തെ തുടർന്ന് മകൾ മാനസികമായി ബുദ്ധിമുട്ടിലാണെന്നും ടി.സി. വാങ്ങുകയാണെന്നും രക്ഷിതാക്കൾ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. “മകൾ ശിരോവസ്ത്രം ധരിച്ച് സ്‌കൂളിൽ പോകുമ്പോൾ, അതേപോലെ ശിരോവസ്ത്രം ധരിച്ച കന്യാസ്ത്രീകൾ പറയുന്നത് അവളുടെ വസ്ത്രധാരണം മൂലം മറ്റ് കുട്ടികൾക്ക് ഭീതിയും ഭയവുമാണ് എന്നാണ്. അങ്ങനെ പറയുന്ന സ്‌കൂളിൽ ഇനി മകളെ വിടാനാവില്ല,” പിതാവ് പി എം അനസ് വ്യക്തമാക്കി. പരാതിയിൽ നീതിപൂർവം ഇടപെട്ട സർക്കാരിന് അദ്ദേഹം നന്ദി അറിയിച്ചു.
വിവാദത്തെ തുടർന്ന് അടച്ചിട്ടിരുന്ന സെൻ്റ് റീത്താസ് പബ്ലിക് സ്കൂൾ കഴിഞ്ഞ ദിവസം തുറന്നെങ്കിലും, പരാതിക്കാരിയായ വിദ്യാർഥിനി അവധിയിലായിരുന്നു. ഹൈബി ഈഡൻ എം.പി.യുടെയും ഡി.സി.സി. പ്രസിഡൻ്റ് മുഹമ്മദ് ഷിയാസിൻ്റെയും മധ്യസ്ഥതയിൽ രക്ഷിതാക്കളും സ്കൂൾ മാനേജ്‌മെൻ്റ് പ്രതിനിധികളും തമ്മിൽ ചർച്ചകൾ നടന്നിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here