രാഹുൽ ഈശ്വർ പൊലീസ് കസ്റ്റഡിയിൽ; ടെക്‌നോപാർക്കിലെ ഓഫീസ് പരിശോധിക്കും

പീഡനത്തിന് ഇരയാക്കപ്പെട്ട പെൺകുട്ടിയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിനെ നാളെ വൈകുന്നേരം അഞ്ച് മണി വരെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയുടേതാണ് നടപടി. ഗൂഢാലോചന പരിശോധിക്കണമെന്നും രാഹുൽ ഈശ്വറിൻ്റെ ടെക്നോപാർക്കിലെ ഓഫീസ് പരിശോധിക്കണമെന്നും പൊലീസ് കോടതിയെ അറിയിച്ചിരുന്നു. രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷ ശനിയാഴ്ച തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ പരിഗണിക്കും.
യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസിൽ, ഇരയാക്കപ്പെട്ട പെൺകുട്ടിയെ സോഷ്യൽമീഡിയയിലൂടെ അധിക്ഷേപിക്കുകയും പെൺകുട്ടിയുടെ വ്യക്തിത്വം വെളിപ്പെടുത്തുന്ന രീതിയിലുള്ള വിവരങ്ങൾ പുറത്ത് വിടുകയും ചെയ്‌തെന്ന കേസിൽ ഡിസംബർ 1-ന് വൈകുന്നേരത്തോടെയാണ് രാഹുൽ ഈശ്വറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
നേരത്തെ, ജില്ലാ കോടതി രാഹുലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. കോടതി കൃത്യമായ തെളിവുകൾ പരിശോധിച്ചില്ല, വീഡിയോ കാണാതെയാണ് ജാമ്യം നിഷേധിച്ചത് എന്നെല്ലാമുള്ള രാഹുൽ ഈശ്വറിന്റെ വാദങ്ങൾ തള്ളിക്കൊണ്ടാണ് സെഷൻസ് കോടതി ജാമ്യാപേക്ഷ നിഷേധിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here