പോലീസ് മര്‍ദ്ദനത്തില്‍ മുഖ്യമന്ത്രിയുടെ വായ തുറപ്പിക്കാന്‍ പ്രതിപക്ഷം; മാങ്കൂട്ടത്തലിന്റെ ലൈംഗിക ആരോപണം ഉന്നയിച്ച് അപമാനിക്കാന്‍ ഭരണപക്ഷം

15-ാം നിയമസഭയുടെ 14-ാം സമ്മേളനം ഇന്ന് ആരംഭിക്കുമ്പോള്‍ ഭരണ പ്രതിപക്ഷങ്ങള്‍ ഒരുപോലെ പ്രതിസന്ധിയിലാണ്. ഇന്ന് മുതല്‍ ഒക്ടോബര്‍ 10 വരെയാണ് സമ്മേളനം നിശ്ച,യിച്ചിരിക്കുന്നത്. ഇന്ന് മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാന്ദന്‍, മുന്‍ സ്പീക്കര്‍ പിപി തങ്കച്ചന്‍,പീരുമേട് എംഎല്‍.എ അയിരുന്ന വാഴൂര്‍ സോമന്‍ എന്നിവര്‍ക്ക് അനുശോചനം അര്‍പ്പിച്ച് സഭ ഇന്നത്തേക്ക് പിരിയും. എന്നാല്‍ നാളെ മുതല്‍ ആരോപണ പ്രത്യാരോപണങ്ങള്‍ കൊണ്ട് സമ്മേളന കാലം കടുക്കും എന്ന് ഉറപ്പാണ്.
ALSO READ : നിയമസഭയിൽ മാങ്കൂട്ടത്തിലിന് പ്രത്യേക ബ്ലോക്ക്; സതീശന്റെ നീക്കം നെഞ്ച്പിടഞ്ഞോ ?
പോലീസ് അതിക്രമം, ആരോഗ്യ സംവിധാനത്തിലെ പിഴവുകള്‍ എന്നിവ ഉന്നയിച്ച് സര്‍ക്കാരിനെ പരമാവധി പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷ നീക്കം. കുന്നകുളത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവിന് പോലീസ് സ്‌റ്റേഷനില്‍ മര്‍ദ്ദനമേറ്റ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ സംസ്ഥാന വ്യാപകമായി പോവീല് അതിക്രമത്തിന്റെ നിരവധി പരാതികളാണ് ഉയര്‍ന്നത്. എന്നാല്‍ ആഭ്യന്തരം ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുവരെ ഈ വിഷയത്തില്‍ ഒരു പ്രതികരണം നടത്തിയിട്ടില്ല. മുഖ്യമന്ത്രിയെ കൊണ്ട് മറുപടി പറയിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ഉയര്‍ന്ന ലൈംഗിക ആരോപണത്തിലാണ് പ്രതിപക്ഷം പ്രതിരോധത്തിലാകുന്നത്. ഈ വിഷയം ഭരണപക്ഷം വ്യാപകമായി തന്നെ ഉയര്‍ത്തും എന്ന് ഉറപ്പാണ്. പാര്‍ലമെന്റി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി നടപടി എടുത്തു, ഇത്തരം ആരോപണങ്ങള്‍ നേരിട്ടവരോട് സിപിഎം ഒരു നടപടിയും എടുത്തില്ലെന്ന് ഉന്നയിച്ച് പ്രതിരോധിക്കാനാണ് യുഡിഎഫ് തീരുമാനം. വയനാട്ടിലെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരും ആത്മഹത്യകളും കോണ്‍ഗ്രസിന് തലവേദനയാകും.
രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് നിയമസഭ സമ്മേളനത്തിന് എത്തുമോ എന്നതാണ് മറ്റൊരു ആകാംക്ഷ. രാഹുല്‍ സഭയില്‍ വരുന്നതില്‍ കോണ്‍ഗ്രസില്‍ രണ്ട് നിലപാട് തുടരുകയാണ്. വരണമെന്ന് എ ഗ്രൂപ്പ് അടക്കമുള്ള ഒരു വിഭാഗം ആവശ്യപ്പെടുമ്പോള്‍ മാറി നില്‍ക്കണമെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ്. ഇതില്‍ ഏത് നിലപാടിനൊപ്പം രാഹുല്‍ നില്‍ക്കുമെന്നാണ് അറിയാനുള്ളത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here