പി.എം ശ്രീയിൽ സിപിഐയുടെ ആവർത്തിച്ചുള്ള നോ; സിപിഎം പ്രതിരോധത്തിൽ

കേന്ദ്ര സർക്കാരിൻ്റെ പി.എം ശ്രീ (PM SHRI – Pradhan Mantri Schools for Rising India) പദ്ധതിക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ശക്തമായ നിലപാട് ആവർത്തിച്ചു. ദേശീയ വിദ്യാഭ്യാസ നയം കേരളത്തിൽ നടപ്പാക്കാനുള്ള കുറുക്കുവഴിയാണ് ഈ കേന്ദ്ര പദ്ധതി എന്ന് ബിനോയ് വിശ്വം പറഞ്ഞു.
തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ബിനോയ് വിശ്വം തൻ്റെ അഭിപ്രായം വ്യക്തമാക്കിയത്. പി.എം ശ്രീ പദ്ധതിയുടെ ഫണ്ട് സ്വീകരിക്കുന്നത് ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിനോട് ബന്ധമുള്ളതാണ്, നയം ഒരിക്കലും കേരളത്തിൽ നടപ്പാക്കുകയില്ല എന്ന നിലപാടാണ് സിപിഐക്ക് ഉള്ളത്. ഈ വിഷയത്തിൽ സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
Also Read : സിപിഎം ഏറ്റെടുക്കുന്ന കേന്ദ്രപദ്ധതി ‘പിഎം ശ്രീ’ എന്താണ്? സിപിഐയുടെ എതിർപ്പ് എൽഡിഎഫിൽ പുകയുമ്പോൾ…
പദ്ധതി നടപ്പാക്കുമെന്ന് വ്യക്തമാക്കിയ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ നിലപാട് തള്ളിക്കൊണ്ടാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം. മന്ത്രിസഭാ യോഗത്തിൽ ഈ വിഷയം ചർച്ചയ്ക്ക് വന്നാൽ ശക്തമായി എതിർപ്പ് തുടരണമെന്ന് പാർട്ടി മന്ത്രിമാർക്ക് സിപിഐ സംസ്ഥാന സെക്രട്ടറി നിർദേശം നൽകിയതായും റിപ്പോർട്ടുകളുണ്ട്.
ഫണ്ടാണ് പ്രധാനമെന്നും ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കില്ലെന്നുമാണ് വിദ്യാഭ്യാസ മന്ത്രി ആവർത്തിക്കുന്നത്. എന്നാൽ ഫണ്ട് വാങ്ങിയാൽ നയം നടപ്പാക്കേണ്ടിവരും എന്ന ഉറച്ച നിലപാടിലാണ് സിപിഐ. പദ്ധതിയുടെ കാര്യത്തിൽ എൽഡിഎഫ് മുന്നണിയിൽ അഭിപ്രായ വ്യത്യാസം രൂക്ഷമാണ്. ചർച്ച നടത്താതെ സിപിഎം ഏകപക്ഷീയമായി തീരുമാനമെടുത്തതിൽ സിപിഐക്ക് അമർഷമുണ്ട്.
വിഷയത്തിൽ എൽഡിഎഫ് യോഗം ചേരുന്ന കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്. ദേശീയ വിദ്യാഭ്യാസ നയത്തിനെതിരായ സംസ്ഥാന സർക്കാരിൻ്റെ പൊതുനിലപാടിന് വിരുദ്ധമായാണ് കേന്ദ്ര പദ്ധതി നടപ്പാക്കാനുള്ള നീക്കങ്ങൾ എന്നതും സിപിഐയുടെ പ്രതിഷേധത്തിന് കാരണമാകുന്നു.
സംസ്ഥാനത്തിൻ്റെ വിദ്യാഭ്യാസപരമായ പരമാധികാരം ചോദ്യം ചെയ്യുന്ന ഒരു നടപടിയാണ് കേന്ദ്ര പദ്ധതിയുടെ ഫണ്ട് സ്വീകരിക്കുന്നത് എന്നും, സംസ്ഥാനത്തെ പാഠ്യപദ്ധതിയിൽ കേന്ദ്രത്തിൻ്റെ സ്വാധീനം വർദ്ധിക്കാൻ ഇത് ഇടയാക്കുമെന്നും സിപിഐ ഭയപ്പെടുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here