പോറ്റിക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ ചിത്രം ആയുധമാക്കി കോൺഗ്രസ്; കേസെടുത്ത് പൊലീസ്

മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വർണ്ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ച് നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച സംഭവത്തിൽ മുതിർന്ന കോൺഗ്രസ് നേതാവിനെതിരെ പോലീസ് കേസെടുത്തു. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എൻ. സുബ്രഹ്മണ്യനെതിരെയാണ് കോഴിക്കോട് ചേവായൂർ പോലീസ് കേസെടുത്തത്. കലാപത്തിന് ആഹ്വാനം ലക്ഷ്യമിട്ട് വ്യാജ ചിത്രം പ്രചരിപ്പിച്ചു എന്നതാണ് കേസ്. മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണൻ പോറ്റിയും അഗാധമായ ബന്ധത്തിലാണെന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള ചിത്രങ്ങളും കുറിപ്പുകളുമാണ് സുബ്രഹ്മണ്യൻ ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്.

Also Read : ‘പോറ്റിയെ കേറ്റിയേ’ പാരഡിയില്‍ കൈപൊള്ളി സര്‍ക്കാര്‍; കൂടുതല്‍ കേസ് വേണ്ടെന്ന് നിര്‍ദേശം; എടുത്ത കേസില്‍ തുടര്‍നടപടിയില്ല

ഈ ചിത്രങ്ങളിൽ ഒന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് ഇതിനോടകം ആരോപണമുയർന്നിട്ടുണ്ട്. ചിത്രങ്ങളുടെ ആധികാരികതയെ കുറിച്ച് മുഖ്യമന്ത്രി തന്നെ പത്ര സമ്മേളനം നടത്തി വ്യക്തത നൽകിയിരുന്നു. സെക്രട്ടറിയേറ്റിന് മുന്നിലുള്ള പോർട്ടിക്കോയിൽ വച്ച് ശബരിമലയ്ക്ക് കൊടുക്കുന്ന ആംബുലൻസിന്റെ ഉദ്ഘാടനം നടന്നിരുന്നു. ആൾക്കുട്ടത്തിനിടയിൽ പോറ്റി ഉണ്ടായിരുന്നെന്നും പിണറായി വിജയൻ വ്യക്തമാക്കി. അന്നത്തെ ചിത്രത്തോടൊപ്പം മുഖ്യമന്ത്രി പോറ്റിയുടെ ചെവിയിൽ സംസാരിക്കുന്ന രീതിയിൽ പ്രചരിച്ച ചിത്രം വ്യാജമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കഴിഞ്ഞ ദിവസം വ്യക്തമാക്കി. ശബരിമല സ്വർണ്ണക്കൊള്ള കേസിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ കോൺഗ്രസ് വ്യാജ രേഖകൾ നിർമ്മിക്കുകയാണെന്നുമാണ് എൽഡിഎഫിന്റെ ആരോപണം.

ശബരിമല ക്ഷേത്രത്തിലെ സ്വർണ്ണ കവർച്ചയുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കെയാണ് ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള രാഷ്ട്രീയ നേതാക്കളുടെ ബന്ധം വലിയ വിവാദമായത്. യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഉൾപ്പെടെയുള്ള നേതാക്കൾ പ്രതിയോടൊപ്പം നിൽക്കുന്ന ചിത്രം നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് മറുപടിയായാണ് കോൺഗ്രസ് നേതാക്കൾ മുഖ്യമന്ത്രിയുടെയും പ്രതിയുടെയും ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top