ഭരണഘടനയുമായി യുഡിഎഫ്, ശരണംവിളിയുമായി ബിജെപി; സത്യപ്രതിജ്ഞ ചെയ്തു ജനപ്രധിനിതികൾ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സംസ്ഥാനത്തെ വിവിധ കോർപ്പറേഷനുകൾ, നഗരസഭകൾ, ത്രിതല പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ ഞായറാഴ്ച വൻ ജനപങ്കാളിത്തത്തോടെയാണ് ചടങ്ങുകൾ നടന്നത്. ആകെ 23,573 അംഗങ്ങളാണ് സംസ്ഥാനത്തൊട്ടാകെ അധികാരമേറ്റത്.

ബിജെപി ഭരണം പിടിച്ചെടുത്ത തിരുവനന്തപുരം കോർപ്പറേഷനിലെ സത്യപ്രതിജ്ഞാ ചടങ്ങ് രാഷ്ട്രീയ പ്രകടനങ്ങൾ കൊണ്ട് ശ്രദ്ധേയമായി. ഭരണഘടനയുടെ പകർപ്പ് ഉയർത്തിപ്പിടിച്ചാണ് യുഡിഎഫ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തത്. മറ്റ് ചില യുഡിഎഫ് അംഗങ്ങളും ഇതേ മാതൃക പിന്തുടർന്നു. തിരഞ്ഞെടുപ്പ് നടക്കാത്ത വിഴിഞ്ഞം ഡിവിഷനിലെ അംഗം ഒഴിച്ച് എല്ലാവരും സത്യപ്രതിജ്‌ഞ ചെയ്തു. ബിജെപിയുടെ 50ഉം എൽഡിഎഫിലെ 29ഉം യുഡിഎഫിലെ 19ഉം 2 സ്വതന്ത്രരുമാണ് സത്യപ്രതിജ്‌ഞ ചെയ്തത്.

Also Read : അവധി ദിനത്തിലും അവധിയില്ലാതെ സത്യപ്രതിജ്ഞ; മേയർ പ്രഖ്യാപനം 26ന്

യുഡിഎഫ് അംഗം മേരിപുഷ്പവും ബിജെപി അംഗം ആശാനാഥും സത്യപ്രതിജ്ഞയ്ക്ക് ശേഷം ശരണംവിളി മുഴക്കി. ബിജെപിയുടെ ആർ. ശ്രീലേഖ ‘വന്ദേമാതരം’ മുഴക്കിയപ്പോൾ, എൽഡിഎഫ് കൗൺസിലർ അരുൺ വട്ടവിളി ‘രക്തസാക്ഷികൾ സിന്ദാബാദ്’ മുദ്രാവാക്യം വിളിച്ചാണ് ചടങ്ങ് പൂർത്തിയാക്കിയത്.

ബിജെപി കൗൺസിലർ കരമന അജിത്ത് സംസ്‌കൃതത്തിലാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ദേശീയ നേതാവ് പ്രകാശ് ജാവഡേക്കർ തുടങ്ങിയ പ്രമുഖർ തിരുവനന്തപുരത്തെ ചടങ്ങിൽ സംബന്ധിച്ചു. കൊച്ചി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ കോർപ്പറേഷനുകളിലും നഗരസഭകളിലും വൻ ആഘോഷങ്ങളോടെയാണ് ജനപ്രതിനിധികൾ ചുമതലയേറ്റത്.

സ്ഥാനാർത്ഥികളുടെ മരണത്തെത്തുടർന്ന് വോട്ടെടുപ്പ് മാറ്റിവെച്ച ചില സ്ഥലങ്ങളിൽ സത്യപ്രതിജ്ഞാ തീയതികളിൽ മാറ്റമുണ്ട്. മലപ്പുറം വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് ഡിസംബർ 22. ചോക്കാട് ഗ്രാമപ്പഞ്ചായത്ത് ഡിസംബർ 26. തൃക്കലങ്ങോട് ഗ്രാമപ്പഞ്ചായത്ത് ജനുവരി 16. മംഗലം, വെട്ടം, തിരുനാവായ, മക്കരപ്പറമ്പ് പഞ്ചായത്തുകളിലും തിരൂർ ബ്ലോക്കിലും ഫെബ്രുവരി ഒന്നിനാണ് സത്യപ്രതിജ്ഞ നടക്കുക.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top