സൗന്ദര്യം വിനയായി; കേരളത്തിലെ ഗാലക്സി തവളകൾ വംശനാശഭീഷണിയിൽ; വിനയായത് ഫോട്ടോഗ്രാഫി

നക്ഷത്രനിബിഡമായ ആകാശം പോലെ മനോഹരമായ ശരീരപ്രകൃതിയുള്ള പശ്ചിമഘട്ടത്തിലെ ഗാലക്സി തവളകൾ (Galaxy Frog) മനുഷ്യന്റെ ഇടപെടൽ മൂലം ഇല്ലാതാകുന്നു. കേരളത്തിലെ ഒരു ഗവേഷണ കേന്ദ്രത്തിൽ നിരീക്ഷിച്ചു വന്നിരുന്ന ഏഴ് അപൂർവ്വ തവളകൾ, ഫോട്ടോഗ്രാഫർമാരുടെ അശാസ്ത്രീയമായ ഇടപെടലുകളെത്തുടർന്ന് അപ്രത്യക്ഷമായതായി അന്താരാഷ്ട്ര പരിസ്ഥിതി ജേണലായ ‘ഹെർപ്പറ്റോളജി നോട്ട്സ്’ (Herpetology Notes) പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു.
2020 മാർച്ചിൽ ഗവേഷകർ കണ്ടെത്തിയ ഏഴ് തവളകളെ നിരീക്ഷിക്കാനായി 2021 ഓഗസ്റ്റിൽ വീണ്ടും എത്തിയപ്പോഴാണ് ആവാസവ്യവസ്ഥ തകർന്ന നിലയിൽ കണ്ടെത്തിയത്. തവളകൾ പാർത്തിരുന്ന 25-ഓളം മരത്തടികൾ മറിച്ചിട്ട നിലയിലായിരുന്നു. പരിസരത്തെ ചെടികൾ ചവിട്ടി മെതിക്കപ്പെട്ടിരുന്നു. തവളകളെ പിടികൂടാനായി ഫോട്ടോഗ്രാഫർമാരുടെ സംഘങ്ങൾ ഇവിടെ നിരന്തരം സന്ദർശനം നടത്തിയതായി നാട്ടുകാർ അറിയിച്ചു.
നല്ല ചിത്രങ്ങൾ ലഭിക്കുന്നതിനായി ഫോട്ടോഗ്രാഫർമാർ ചെയ്യുന്ന കാര്യങ്ങൾ ഈ ചെറുജീവികളുടെ ജീവന് തന്നെ ഭീഷണിയാവുകയായിരുന്നു. തവളകളെ കണ്ടെത്താനായി മരത്തടികൾ മറിച്ചിടുകയും അവ പഴയപടി തിരികെ വെക്കാതിരിക്കുകയും ചെയ്യുന്നത് തവളകളുടെ താവളം ഇല്ലാതാക്കുന്നു. രാത്രികാലങ്ങളിൽ ഉയർന്ന തീവ്രതയുള്ള ഫ്ലാഷ് ഉപയോഗിക്കുന്നത് തവളകളിൽ കടുത്ത സമ്മർദ്ദവും നിർജ്ജലീകരണവും ഉണ്ടാക്കുന്നു. മനുഷ്യർ നേരിട്ട് ഇവയെ സ്പർശിക്കുന്നത് വഴി മാരകമായ രോഗാണുക്കൾ ഇവയുടെ ശരീരത്തിലേക്ക് പടരാൻ കാരണമാകുന്നു. ഫോട്ടോ എടുക്കുന്നതിനിടയിൽ രണ്ട് തവളകൾ ചത്തതായും റിപ്പോർട്ടുണ്ട്.
പശ്ചിമഘട്ടത്തിലെ ഉയർന്ന ചോലവനങ്ങളിൽ മാത്രം കാണപ്പെടുന്ന ഇവയ്ക്ക് വെറും 2 മുതൽ 3.5 സെന്റീമീറ്റർ വരെയാണ് വലിപ്പം. ‘എഡ്ജ്’ (EDGE – Evolutionarily Distinct and Globally Endangered) വിഭാഗത്തിൽ ഉൾപ്പെടുന്ന ഇവ വംശനാശത്തിന്റെ വക്കിലുള്ള അതീവ പ്രാധാന്യമുള്ള ജീവിവർഗ്ഗമാണ്. 2021-ൽ മതികെട്ടാൻ ചോല ദേശീയോദ്യാനത്തിന്റെ ലോഗോയായി ഈ തവളയെ തിരഞ്ഞെടുത്തിരുന്നു.
പ്രകൃതി ഫോട്ടോഗ്രാഫി വന്യജീവി സംരക്ഷണത്തിന് സഹായിക്കുമെങ്കിലും, അത് ജീവികളുടെ ആവാസവ്യവസ്ഥയെ തകർക്കുന്ന രീതിയിലാകരുത് എന്ന് പഠനത്തിന് നേതൃത്വം നൽകിയ ഡോ. കെ.പി. രാജ്കുമാർ മുന്നറിയിപ്പ് നൽകുന്നു. ഫോട്ടോഗ്രാഫർമാർക്ക് കൃത്യമായ പെരുമാറ്റച്ചട്ടം രൂപീകരിക്കണമെന്നും ലംഘിക്കുന്നവർക്കെതിരെ കർശന നടപടി വേണമെന്നും ഗവേഷകർ ആവശ്യപ്പെടുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here