സമുദായത്തിൻ്റെ വോട്ട് വാങ്ങിയെന്ന് ഓർമ്മ വേണമെന്ന് സമസ്ത; ചർച്ചയ്ക്ക് തയ്യാർ, സമയം അറിയിച്ചാൽ മതി; സ്‌കൂൾ സമയമാറ്റത്തിൽ നിലപാട് മയപ്പെടുത്തി ശിവൻകുട്ടി

സ്കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട് സമസ്തയും സർക്കാരും തമ്മിലുള്ള തർക്കങ്ങൾക്ക് അയവ് വരുന്നു. മദ്രസ വിദ്യാഭ്യാസത്തെ സമയമാറ്റം ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് സമസ്ത നേതാക്കൾ മുന്നോട്ട് വന്നപ്പോൾ വിദഗ്ധ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ടൈംടേബിൾ മാറ്റാൻ തയ്യാറല്ലെന്ന നിലപാടിലായിരുന്നു വിദ്യാഭ്യാസ മന്ത്രി. പക്ഷെ സുന്നി സംഘടനകളും മുസ്ലീംലീഗും, കാന്തപുരവും ഉൾപ്പെടെ സർക്കാരിനെതിരെ രംഗത്തുവന്നതോടെ മന്ത്രി വി ശിവൻകുട്ടി നിലപാട് മയപ്പെടുത്തി.
സമയം മാറ്റണമെന്ന് ആവശ്യപ്പെടുന്നവർ അവരുടെ ആവശ്യങ്ങൾക്ക് സമയം ക്രമീകരിക്കണം. പ്രത്യേക സമൂഹത്തിന്റെ പേര് പറഞ്ഞ് ഗവൺമെന്റിനെ വിരട്ടുന്നത് ശരിയല്ലെന്നും ഇന്നലെ പറഞ്ഞ മന്ത്രി സ്‌കൂൾ സമയമാറ്റത്തിൽ സമസ്‌തയുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും സമസ്‌ത സമയം അറിയിച്ചാൽ മതിയെന്നുമാണ് ഇന്ന് പറഞ്ഞത്. കോടതിയുടെ നിലപാടാണ് പറഞ്ഞതെന്നും ധിക്കാരമായി ഒന്നും പറഞ്ഞിട്ടില്ലെന്നും ശിവൻ കുട്ടി പറഞ്ഞു.
Also Read : സ്കൂൾ സമയമാറ്റ വിവാദം, തർക്കങ്ങൾ മുറുകുന്നു; സർക്കാരിനെ വിരട്ടരുതെന്ന് ശിവൻകുട്ടി
സ്കൂൾ സമയമാറ്റം അംഗീകരിക്കില്ലെന്നും വേറെ സമയം എല്ലാവർക്കും കണ്ടെത്താമല്ലോയെന്നും വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്‌താവന ചൊടിപ്പിച്ചെന്നുമാണ് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞത്. ‘മദ്രസ പ്രവർത്തനത്തിന് വേറെ സമയം എങ്ങനെ കണ്ടെത്താനാണ്. ആകെ 24 മണിക്കൂറേ ഉള്ളൂ. ഉറങ്ങുന്ന സമയത്താണോ മദ്രസ പ്രവർത്തിക്കേണ്ടത്? ജിഫ്രി തങ്ങൾ ചോദിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ ശൈലി ശരിയല്ലെന്നും അദ്ദേഹം വിമർശിച്ചു.
‘സമുദായങ്ങളുടെ കാര്യങ്ങൾ നോക്കാൻ തന്നെയല്ലേ ഇവിടെ മന്ത്രിസഭ. സമുദായത്തിൻ്റെ വോട്ട് വാങ്ങിയെന്നു ഓർമ്മ വേണം. വലിയ മതസമൂഹത്തെ അങ്ങനെ അവഗണിക്കാൻ പറ്റുമോ. എല്ലാ സമുദായത്തിന്റെയും പ്രശ്‌നം പരിഹരിക്കണം. ഞങ്ങളുടെ പ്രശ്‌നങ്ങൾ ഞങ്ങളല്ലേ പറയുക. അതിൽ വേറെ സമുദായം ഉണ്ടോ ഇല്ലയോ എന്നുള്ളത് വിഷയമല്ല.’
ചർച്ചക്ക് തയാറാണെന്ന വിദ്യാഭ്യാസ മന്ത്രിയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് സമസ്‌ത അറിയിച്ചു. ചർച്ചയിലൂടെ പ്രശ്‌നം പരിഹരിക്കപ്പെടണം. ചർച്ച വിജയിച്ചാൽ പ്രക്ഷോഭം മാറ്റും. ചർച്ചക്ക് മുൻകൈ എടുക്കാൻ വൈകി. മുസ്‌ലിം സമൂഹം ഉന്നയിച്ച ആവശ്യം പരിഗണിക്കണമായിരുന്നു. ചർച്ച സമയം വിദ്യാഭ്യാസ മന്ത്രി അറിയിക്കട്ടെയെന്നും സമസ്ത വ്യക്തമാക്കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here