ബിരിയാണിയും കഴിച്ച് കാമുകന്റെ സ്കൂട്ടറുമായി മുങ്ങിയ യുവതി പിടിയിൽ; ചതി നടത്തിയത് ആൺസുഹൃത്തിനൊപ്പം

ആദ്യകൂടിക്കാഴ്ചയിൽ വാട്‌സാപ്പിലൂടെ പരിചയപ്പെട്ട കാമുകൻ്റെ സ്കൂട്ടറും മോഷ്ടിച്ച് മുങ്ങിയ യുവതിയും സുഹൃത്തും പിടിയിൽ. യുവാവിൻ്റെ പരാതിയിൽ കളമശ്ശേരി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ചോറ്റാനിക്കര സ്വദേശിയായ യുവതിയെയും പാലക്കാട് വച്ച് അവരുടെ ആൺസുഹൃത്തിനെയും പിടികൂടിയത്.
എറണാകുളം കൈപ്പട്ടൂർ സ്വദേശിയായ 24 വയസ്സുകാരൻ്റെ പുത്തൻ സ്കൂട്ടറാണ് യുവതി മോഷ്ടിച്ചത്. ഒരു മാസം നീണ്ടുനിന്ന വാട്‌സാപ്പ് പ്രണയത്തിന് ശേഷമാണ് ഇരുവരും ആദ്യമായി കൊച്ചിയിലെ മാളിൽ വച്ച് കാണാൻ തീരുമാനിച്ചത്. തുടർന്ന്, ഇരുവരും മാളിലെ ഫുഡ്‌കോർട്ടിൽ പോയി. യുവാവ് പെൺകുട്ടിക്ക് ബിരിയാണിയും ജ്യൂസും വാങ്ങി നൽകി.
Also Read : ബിരിയാണിയില്‍ കോഴിക്കാല്‍ ഇല്ല; വരന്‍റെയും വധുവിന്റെയും ബന്ധുക്കള്‍ തമ്മിലടിച്ചു
ഇതിനുശേഷം യുവാവ് കൈ കഴുകാൻ പോയ തക്കത്തിന്, യുവതി സ്കൂട്ടറിൻ്റെ താക്കോലുമായി മുങ്ങുകയായിരുന്നു. തിരികെ എത്തിയപ്പോൾ കാമുകിയെയും വണ്ടിയുടെ ചാവിയും കാണാതായതോടെയാണ് താൻ ചതിക്കപ്പെട്ടെന്ന് യുവാവിന് മനസ്സിലായത്. മൂന്ന് മാസം മുൻപ് യുവാവ് ഇഎംഐ ഇട്ട് വാങ്ങിയ സ്കൂട്ടറാണ് നഷ്ടപ്പെട്ടത്.
മാളിലെ പാർക്കിങ് ഏരിയയിൽ ഘടിപ്പിച്ചിരുന്ന സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് കളമശ്ശേരി പോലീസ് അന്വേഷണം നടത്തിയത്. പാർക്കിങ് ഏരിയയിൽ നിന്ന് സ്‌കൂട്ടറുമായി യുവതിയും ആൺസുഹൃത്തും കടന്നുകളയുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തി. ഒടുവിൽ പാലക്കാട് വെച്ച പ്രതികളെ പിടികൂടുകയായിരുന്നു. യുവതിയെയും ആൺസുഹൃത്തിനെയും ചോദ്യം ചെയ്ത ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കുമെന്ന് പോലീസ് അറിയിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here