എഞ്ചിനീയറിംഗ് റാങ്കുകാർക്ക് കേരളം വേണ്ട, ആദ്യ 100 റാങ്കുകാർ ആരും ഇവിടെ ചേർന്നില്ല, സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകൾ പൂട്ടലിന്റെ വക്കിൽ, 10 കുട്ടികളെപ്പോലും കിട്ടാത്ത 30 സ്വാശ്രയ സ്ഥാപനങ്ങൾ

തി​രു​വ​ന​ന്ത​പു​രം: കേരള എഞ്ചിനീയറിംഗ് പരീക്ഷയിലെ ഉയർന്ന റാങ്കുകാരിൽ ബഹു ഭൂരിപക്ഷവും സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോളേജുകൾ ഉപേക്ഷിച്ച് അന്യസംസ്ഥാനങ്ങളിലേക്ക് ചേക്കേറി. ആദ്യ 100 റാങ്കുകാരിൽ ആരും തന്നെ കേരളത്തിലെ എഞ്ചിനീയറിംഗ് കോളേജുകളിൽ പ്രവേശനം നേടിയില്ല. 117-ാം റാങ്കുള്ള വ്യക്തിമാത്രമാണ് പ്രവേശനം നേടിയവരിൽ ഉയർന്ന റാങ്കുള്ള വിദ്യാർത്ഥി.

മികച്ച നിലവാരമുള്ള സർക്കാർ എഞ്ചിനീയറിംഗ് കോളേജുകളുടെ അവസ്ഥയിതാണെങ്കിൽ സ്വാശ്രയ കോളജുകളുടെ സ്ഥിതി ഇതിലും പരിതാപകരമാണ്. മൂന്നു റൗണ്ട് അലോട്ട്മെന്റ് പൂർത്തിയാക്കിയപ്പോൾ 10 വിദ്യാർത്ഥികളെപ്പോലും ലഭിക്കാത്ത 30 സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളുണ്ട്. മൂന്നു കോളേജുകളിലേക്ക് ഒരാൾ പോലും പ്രവേശനം നേടിയിട്ടില്ല. 100-ൽ കൂടുതൽ വിദ്യാർഥികൾക്ക് അലോട്ട്മെന്റ് ലഭിച്ചത് കേവലം 19 സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകൾ മാത്രമാണ്. ഏറ്റവും കൂടുതൽ വിദ്യാർഥികൾ അലോട്ട്മെന്റ് നേടിയത് തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗിലാണ്. രണ്ടാം സ്ഥാനത്ത് എയ്ഡഡ് കോളേജ് ആയ കൊല്ലം ടികെഎം എഞ്ചിനീയറിംഗ് കോളേജ്. മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിൽ തൃശൂർ എഞ്ചിനീയറിംഗ് കോളേജ്, പാലക്കാടു എൻഎസ്എസ് കോളേജ്, കോതമംഗലം മാർ അത്തനേഷ്യസ് എന്നിവയാണ്.

സംസ്ഥാനത്ത് സ്വകാര്യ സ്വാശ്രയ മേഖലയിലുള്ള 130 എഞ്ചിനീയറിംഗ് കോളേജുകളിൽ അലോട്ട്മെന്റിനു ശേഷം ഒഴിവുണ്ടാകുന്ന സീറ്റുകളിൽ എൻട്രൻസ് എഴുതാത്തവർക്കും സീറ്റ് നൽകാൻ സർക്കാർ ഉത്തരവുണ്ട്. ഇത്തരക്കാർക്ക് പ്ലസ് ടുവിനു 45% മാർക്കുമതി. പഠിക്കാൻ കുട്ടികളില്ലാത്തതിനാൽ സ്വാശ്രയ മാനേജ്മെന്റുകളുടെ ആവശ്യം പരിഗണിച്ചാണ് ഈ ഇളവ് നൽകിയിരിക്കുന്നത്. 2022-23 അധ്യായന വർഷത്തിൽ സംസ്ഥാനത്ത് 45,073 എഞ്ചിനീയറിംഗ് സീറ്റുകളാണുള്ളത്. ഇതിൽ 15,061 സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്. 2021-22 ൽ 18,169 സീറ്റുകളാണ് കാലിയായിക്കിടന്നത്. എഞ്ചിനീയറിംഗ് പാസായവർക്ക് തൊഴിൽ സാധ്യതകൾ കുറയുന്നതും നിലവാരം കുറഞ്ഞ വിദ്യാഭ്യാസവുമാണ് സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നതിന്റെ പ്രധാന കാരണം. കേരളത്തിലെ ഉപരിപഠനം നിലവാരമില്ലാത്തതാണെന്ന തോന്നലാണ് വിദ്യാർത്ഥികൾ സംസ്ഥാനത്തിനു വെളിയിലേക്കും വിദേശത്തേയ്ക്കും ചേക്കേറുന്നതിനു പ്രധാന കാരണം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top