രവാഡ ചന്ദ്രശേഖര്‍ പോലീസ് മേധാവി ആയേക്കും; UPSC ചുരുക്കപ്പട്ടിക തയ്യാറായി

സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് രവാഡ ചന്ദ്രശേഖറിന് സാധ്യത ഏറുന്നു. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍ നിന്നും മൂന്ന് പേരുകളുടെ ചുരുക്കപ്പട്ടിക യുപിഎസ്സി തയ്യാറാക്കി. ഇതില്‍ നിതിന്‍ അഗര്‍വാള്‍, രവാഡ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത എന്നിവരുടെ പേരുകളാണ് ഉള്ളത്. സീനിയോറിറ്റി പരിഗണിച്ചാണ് പട്ടിക തയാറാക്കിയത്. നിലവിലെ പോലീസ് മേധാവി ഷെയ്ക്ക് ദര്‍വേഷ് സാഹിബ് ഈ മാസം 30നാണ് വിരമിക്കുന്നത്.
ദര്‍വേഷ് സാഹിബിന് പകരം രവാഡ ചന്ദ്രശേഖര്‍ ആ സ്ഥാനത്ത് എത്താനാണ് ഇതുവരെയുള്ള സാധ്യത. പട്ടികയില്‍ ആദ്യസ്ഥാനത്തുള്ള റോഡ് സേഫ്റ്റി കമ്മീഷണര്‍ നിതിന്‍ അഗര്‍വാള്‍, കേന്ദ്രത്തില്‍ നിന്നും അച്ചടക്ക നടപടി നേരിട്ട് മടങ്ങിയെത്തിയ ആളാണ്. മൂന്നാം സ്ഥാനക്കാരനായ ഫയര്‍ഫോഴ്‌സ് മേധാവി യോഗേഷ് ഗുപ്ത സംസ്ഥാന സര്‍ക്കാരുമായി തെറ്റി നില്‍ക്കുകയുമാണ്.
പൊലീസ് മേധാവിക്കായുള്ള പട്ടികയില്‍ 2 എഡിജിപിമാരെ കൂടി ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. എസ്പിജി അഡീഷണല്‍ ഡയറക്ടര്‍ സുരേഷ് രാജ് പുരോഹിത്, പൊലീസ് ബറ്റാലിയന്‍ മേധാവി എം.ആര്‍.അജിത് കുമാര്‍ എന്നിവരെയാണ് ഉള്‍പ്പെടുത്താന്‍ ശ്രമിച്ചത്. അജിത് കുമാറിനായി ശക്തമായ സമ്മര്‍ദ്ദവും ചെലുത്തിയിരുന്നു. എന്നാല്‍ യുപിഎസ്സി ഇത് പരിഗണിച്ചില്ല.
Also Read: പോലീസ് മേധാവിയാകാന്‍ രവാഡക്ക് കൂത്തുപറമ്പ് വെടിവെപ്പ് വിനയാകുമോ? പിണറായി കനിഞ്ഞാല്‍ ജാതകം തെളിയും
കൂത്തുപറമ്പ് വെടിവയ്പ്പിലടക്കം പ്രതിയായിരുന്നു രവാഡ ചന്ദ്രശേഖർ. എന്നാല്‍ സിപിഎമ്മിന്റെ നിലവിലെ രീതി അനുസരിച്ച് അതെല്ലാം പൊറുക്കും. ഒരുകാലത്ത് കെ കരുണാകരന്റെ വിശ്വസ്തനും, ചാരക്കേസ് അടക്കം വിവാദങ്ങളിൽ ഇടതുപക്ഷം പ്രതിസ്ഥാനത്ത് നിർത്തിയ ഉദ്യോഗസ്ഥനുമായ രമണ്‍ ശ്രീവാസ്തവയെ തൻ്റെ പൊലീസ് ഉപദേഷ്ടാവായി നിയമിക്കാൻ പിണറായി വിജയന് ആശയ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല എന്നത് സമീപകാല ചരിത്രമാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here