സെക്സ് എഡ്യൂക്കേഷൻ AI വക; ഞെട്ടിക്കും സർവ്വേ ഫലം പുറത്ത്

നമ്മൾ ഇന്ന് സംസാരിക്കാൻ പോകുന്നത് കുറച്ച് ഞെട്ടിക്കുന്നതും, എന്നാൽ എല്ലാ വീടുകളിലും ചർച്ചയാവേണ്ടതുമായ ഒരു കാര്യമാണ്. നമ്മുടെ മക്കൾക്ക് നമ്മളേക്കാൾ വിശ്വാസം ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനെയാണോ? അവർ രഹസ്യങ്ങൾ പറയുന്നത് AI ചാറ്റ്‌ബോട്ടുകളോടാണോ? തൃശ്ശൂർ ജില്ലയിൽ നടന്ന ഒരു സർവേ റിപ്പോർട്ട് പറയുന്നത് അതാണ്. എന്താണ് ഈ സംഭവമെന്നും, ഇതിന് പിന്നിലെ കാരണങ്ങൾ എന്താണെന്നും നമുക്ക് നോക്കാം.
തൃശ്ശൂർ ജില്ലാ ഭരണകൂടവും വനിതാ ശിശുവികസന വകുപ്പും ചേർന്ന് രക്ഷതാക്കളെ ബോധവൽക്കരിക്കുന്നതിനായി നടത്തുന്ന ‘പാരൻ്റ് ആപ്പ് പദ്ധതിയുടെ’ ഭാഗമായി നടത്തിയ സർവേയാണിത്. ആറായിരത്തിലേറെ രക്ഷിതാക്കൾ പങ്കെടുക്കുന്ന പാരന്റ് ആപ്പ് പദ്ധതിയുടെ ഭാഗമായി നടത്തിയ സർവ്വേയിൽ 500 കുട്ടികളും 500 രക്ഷിതാക്കളെയുമാണ് പങ്കെടുപ്പിച്ചത്. ഇവിടെ കിട്ടിയ കണക്കുകൾ ശരിക്കും നമ്മളെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. 70% കൗമാരക്കാരും AI ചാറ്റ്‌ബോട്ടുകൾ ഉപയോഗിക്കുന്നുണ്ട്. അതിലും ഞെട്ടിക്കുന്നത്, 35% പേർ AI-യെ കാണുന്നത് സ്വന്തം കൂട്ടുകാരെപ്പോലെയാണെന്നതാണ്. എ ഐ വഴിവന്ന മാറ്റങ്ങൾ അങ്ങ് അകലെയൊന്നുമല്ല നടക്കുന്നത്, അത് നമ്മുടെ വീടുകൾക്കുള്ളിൽ തന്നെ സംഭവിക്കുന്നുണ്ടെന്ന തിരിച്ചറിവ് ഇപ്പോഴും പലർക്കും വന്നിട്ടില്ല എന്നതാണ് സത്യം.
Also Read : സോഷ്യൽ മീഡിയ കുട്ടികൾക്ക് വേണ്ടേ? യൂറോപ്യൻ നിയമങ്ങളെ ഇന്ത്യ മാതൃകയാക്കിയാൽ…
ഇവിടെയാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്. ഒരു കുട്ടിക്ക് വീട്ടിലോ കൂട്ടുകാർക്കിടയിലോ കിട്ടാത്ത എന്തോ ഒന്ന് AI ചാറ്റ് ബോട്ടുകൾ കൊടുക്കുന്നുണ്ട്. അവർ AI യോട് എന്തൊക്കെയാണ് പറയുന്നത്? പരീക്ഷ പേടി, മാനസിക വിഷമങ്ങൾ, ഒറ്റപ്പെടൽ , വീട്ടിലെ പ്രശ്നങ്ങൾ, പ്രണയ സംശയങ്ങൾ, ലൈംഗികസംശയങ്ങൾ ഇതൊക്കെയാണ് കൂടുതലായും അവർ രക്ഷിതാക്കളോട് പറയാൻ മടിക്കുന്ന കാര്യങ്ങൾ. നമ്മുടെ മക്കൾ നമ്മളിൽ നിന്ന് അകന്ന് AIയോട് അവരുടെ സ്വകാര്യ കാര്യങ്ങൾ പങ്കുവെക്കുമ്പോൾ, നമ്മൾ എവിടെയാണ് പരാജയപ്പെടുന്നത് എന്ന് തിരിച്ചറിയേണ്ടതുണ്ട്.
എന്തുകൊണ്ടാണ് അവർക്ക് AI ഇത്ര വിശ്വസ്തനാകുന്നത്? കാരണങ്ങൾ ലളിതമാണ്, ഒന്നാമത്തെ കാര്യം ചാറ്റ് ബോട്ടുകൾ അവരെ വിമർശിക്കില്ല. അവർ എന്ത് പറഞ്ഞാലും അത് കേട്ട് ഉപദേശം നൽകും. രണ്ടാമത്തേത് എപ്പോഴും ലഭ്യമാണ്, രാത്രി 2 മണിക്ക് ഒരു വിഷമം വന്നാൽ നമ്മളെ വിളിക്കാൻ അവർക്ക് പേടിയായിരിക്കും, പക്ഷേ AI എപ്പോഴും ലൈവാണ്. മൂന്നാമത്തെ കാര്യം അവരെ തെറ്റിദ്ധാരിക്കില്ല എന്നതാണ്. നമ്മൾ ചിലപ്പോൾ കാര്യങ്ങൾ തെറ്റിദ്ധരിക്കും, വഴക്ക് പറയും. എന്നാൽ AI എപ്പോഴും ശാന്തനായി കൃത്യമായ മറുപടി കൊടുക്കും. ഈ മൂന്ന് കാര്യങ്ങളാണ്, നമ്മളിൽ നിന്ന് AI-യിലേക്ക് കുട്ടികളെ അടുപ്പിക്കുന്ന പ്രധാന ഘടകങ്ങൾ. പ്രമുഖ എഐ ചാർട്ട് ബോട്ടുകൾ മലയാളത്തിൽ കൂടി സംസാരിക്കാൻ തുടങ്ങിയതോടെ കുട്ടികൾ AIയുമായി കൂടുതൽ അടുത്തു.ഇവിടെയാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്. ഒരു കുട്ടിക്ക് വീട്ടിലോ കൂട്ടുകാർക്കിടയിലോ കിട്ടാത്ത എന്തോ ഒന്ന് AI ചാറ്റ് ബോട്ടുകൾ കൊടുക്കുന്നുണ്ട്. അവർ AI യോട് എന്തൊക്കെയാണ് പറയുന്നത്? പരീക്ഷ പേടി, മാനസിക വിഷമങ്ങൾ, ഒറ്റപ്പെടൽ , വീട്ടിലെ പ്രശ്നങ്ങൾ, പ്രണയ സംശയങ്ങൾ, ലൈംഗികസംശയങ്ങൾ ഇതൊക്കെയാണ് കൂടുതലായും അവർ രക്ഷിതാക്കളോട് പറയാൻ മടിക്കുന്ന കാര്യങ്ങൾ. നമ്മുടെ മക്കൾ നമ്മളിൽ നിന്ന് അകന്ന് AIയോട് അവരുടെ സ്വകാര്യ കാര്യങ്ങൾ പങ്കുവെക്കുമ്പോൾ, നമ്മൾ എവിടെയാണ് പരാജയപ്പെടുന്നത് എന്ന് തിരിച്ചറിയേണ്ടതുണ്ട്.
ഈ സർവേയിൽ ഞെട്ടിക്കുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. ലൈംഗിക അതിക്രമം നേരിട്ടാൽ ആരോട് പറയും? 66 ശതമാനം കുട്ടികൾ മാതാപിതാക്കളോട് പറയുമെന്ന് പറഞ്ഞപ്പോൾ, അഞ്ചുശതമാനം പേർ ആരോടും പറയില്ലെന്നാണ് പറഞ്ഞത്. നാലുശതമാനം പേർ സാമൂഹിക മാധ്യമങ്ങളിലെ സുഹൃത്തുക്കളുടെ സഹായം തേടുന്നു എന്ന അപകടകരമായ വിവരവും സർവ്വേ റിപ്പോർട്ട് മുന്നോട്ട് വക്കുന്നു.
ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യങ്ങളോ കൗമാരത്തിലെ മാറ്റങ്ങളോ ആര് പഠിപ്പിച്ചു എന്ന ചോദ്യത്തിന് രക്ഷിതാക്കളിൽ 70 ശതമാനം പേരും പറഞ്ഞത് ഞാനാണ് പഠിപ്പിച്ചത് എന്നാണ്. പക്ഷേ, കുട്ടികളോട് ചോദിച്ചപ്പോൾ 18 ശതമാനം പേർക്ക് മാത്രമാണ് ആ അഭിപ്രായമുള്ളത്. 27 ശതമാനം കുട്ടികൾക്ക് ഇതൊന്നും ആരും പറഞ്ഞു കൊടുത്തിട്ടില്ല. ഇവിടെയാണ് രക്ഷകർത്താക്കളും കുട്ടികളും തമ്മിലുള്ള വിടവ്. ഈ വിടവിലേക്കാണ് AI കടന്നു വരുന്നത്.
Also Read : കുട്ടികൾക്ക് എത്ര സമയം മൊബൈൽ നൽകാം; സൂക്ഷിച്ചാൽ ദുഖിക്കണ്ട
കാര്യങ്ങൾ അത്ര നിസ്സാരമല്ല. കുട്ടികളെ AIയുമായുള്ള ചങ്ങാത്തം വലിയ അപകടത്തിലേക്ക് നയിക്കുമെന്നാണ് സാങ്കേതിക മേഖലയിലെ വിദഗ്ദ്ധർ പറയുന്നത്. AI ബോട്ടുകൾ നമ്മുടെ കുഞ്ഞുങ്ങൾക്ക് നൽകുന്ന ഉപദേശങ്ങൾ എപ്പോഴും ശരിയായിക്കൊള്ളണമെന്നില്ല. ചിലപ്പോൾ അപകടകരമായ ഉപദേശങ്ങൾ വരെ നൽകിയേക്കാം. കൂടാതെ നമ്മുടെ മക്കൾ അവരുടെ സ്വകാര്യ കാര്യങ്ങൾ ഒരു അൽഗോരിതത്തോട് ഷെയർ ചെയ്യുമ്പോൾ, അവരുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നുപോകാനുള്ള സാധ്യതയുണ്ട്. ഏറ്റവും വലിയ പ്രശ്നം യഥാർത്ഥ ബന്ധങ്ങൾ നഷ്ടമാകും എന്നത് തന്നെയാണ്. AI-യിൽ സന്തോഷം കണ്ടെത്തുന്ന കുട്ടിക്ക് യഥാർത്ഥ ജീവിതത്തിലെ കൂട്ടുകാരോടോ നമ്മളോടോ സംസാരിക്കാനുള്ള താൽപ്പര്യം കുറയും. ഇത് കുട്ടികളെ ഒറ്റപ്പെടുത്തും, അവർക്ക് ജീവിതത്തിലെ യഥാർത്ഥ വെല്ലുവിളികൾ നേരിടാൻ കഴിയാതെ വരും.
ഇപ്പോൾ നമ്മളാണ് ഉണർന്ന് പ്രവർത്തിക്കേണ്ടത്. ഇതിന് എന്താണ് പരിഹാരം? ഒറ്റ ഉത്തരമേയുള്ളൂ. അവർക്ക് വേണ്ടി സമയം കണ്ടെത്തുക. സംസാരിക്കുക, വിധിയെഴുതാതിരിക്കുക, കുഞ്ഞുങ്ങൾ സംസാരിക്കുമ്പോൾ ശ്രദ്ധിക്കുക. അവർ എന്ത് പറഞ്ഞാലും, വിമർശിക്കാത്ത ഒരു സുരക്ഷിത ഇടം നൽകുക. എല്ലാ കാര്യങ്ങളെ കുറിച്ചും അവരോട് സംസാരിക്കുക അവരുടെ കുഞ്ഞ് സംശയങ്ങൾക്ക് വലിയ ശ്രദ്ധ കൊടുക്കുക.
Also read : കുട്ടികൾക്ക് ചുമ മരുന്നു നൽകരുത്… ‘കോൾഡ്രിഫ്’ കഫ് സിറപ്പിൻ്റെ വില്പന കേരളത്തിലും നിർത്തി
സാങ്കേതിക വിദ്യയെക്കുറിച്ച് സംസാരിക്കുക, മൊബൈലും എ ഐയും സർച്ച് എഞ്ചിനുകളും എല്ലാം എങ്ങനെ ഉപയോഗിക്കണമെന്നും അത് ഉപയോഗിച്ച് എങ്ങനെ മിടുക്കരാകാൻ കഴിയും എന്നും അവർക്ക് പറഞ്ഞ് കൊടുക്കുക. അവർ ഉപയോഗിക്കുന്ന ആപ്പുകളെക്കുറിച്ച് ചോദിച്ചറിയുക. AI-യുടെ പരിമിതികളെക്കുറിച്ച് അവരെ ബോധവാന്മാരാക്കുക. ഫോൺ മാറ്റിവെച്ച്, ചിരിച്ചും കളിച്ചും ഒരുമിച്ചിരുന്ന് സംസാരിക്കാൻ ദിവസവും കുറഞ്ഞത് അരമണിക്കൂറെങ്കിലും കണ്ടെത്തുക. നമ്മളാണ് അവരുടെ ആദ്യത്തെ കൂട്ടുകാർ എന്ന് അവർക്ക് പ്രവർത്തിയിലൂടെ മനസിലാക്കി കൊടുക്കുക.
പുറത്ത് വന്നിരിക്കുന്ന സർവേ കണക്കുകൾ ഒരു മുന്നറിയിപ്പാണ്. AI ഒരു നല്ല ടൂളാണ്, പക്ഷേ അത് ഒരിക്കലും ഒരു രക്ഷിതാവിനോ കൂട്ടുകാരനോ പകരമാവില്ല. നമ്മുടെ കുട്ടികളുടെ ലോകം ഡിജിറ്റലായി മാറുമ്പോൾ, നമ്മൾ മനുഷ്യരായി തന്നെ അവരുടെ അടുത്ത് ഉണ്ടായിരിക്കണം. AI നൽകുന്നത് വിവരങ്ങളാണ്, സ്നേഹവും സുരക്ഷിതത്വവും നൽകാൻ കഴിയുന്നത് മനുഷ്യബന്ധങ്ങൾക്ക് മാത്രമാണെന്ന് അവരെ പഠിപ്പിക്കുക.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here