അഞ്ചു വട്ടം പിടിക്കപ്പെട്ടാൽ ലൈസൻസ് റദ്ദാക്കും; പിഴയടക്കാൻ 45 ദിവസം മാത്രം; നടപ്പിലാക്കാൻ പോകുന്നത് കർശന നടപടികൾ

സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങൾ തടയുന്നതിനും റോഡപകടങ്ങൾ കുറയ്ക്കുന്നതിനുമായി മോട്ടോർ വാഹന നിയമങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തി കേരള സർക്കാർ. അതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ മുന്നോട്ട് വച്ച പുതിയ ഭേദഗതി കേരളത്തിലും നടപ്പിലാക്കുകയാണ്, അത് പ്രകാരം ഒരു വർഷത്തിനുള്ളിൽ അഞ്ചോ അതിലധികമോ തവണ ഗതാഗത നിയമലംഘനം നടത്തുന്ന ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കപ്പെടും. അമിതവേഗത, ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിക്കാതിരിക്കുക, റെഡ് സിഗ്നൽ മറികടക്കുക, അനധികൃത പാർക്കിംഗ് തുടങ്ങി 24 തരം നിയമലംഘനങ്ങൾ ഈ പരിധിയിൽ വരും. അഞ്ചിൽ കൂടുതൽ തവണ പിടിക്കപ്പെട്ടാൽ ഡ്രൈവർമാരുടെ വാദം കേട്ട ശേഷം ആർ.ടി.ഒ ലൈസൻസ് റദ്ദാക്കും. 2026 ജനുവരി 1 മുതലുള്ള നിയമലംഘനങ്ങൾക്കാണ് ഈ നിയമം ബാധകമാകുക.

കൂടാതെ ടോൾ പ്ലാസകൾ കടന്നുപോകുമ്പോൾ ഇലക്ട്രോണിക് സംവിധാനം വഴി പണം ഈടാക്കാൻ പരാജയപ്പെടുകയോ, മനഃപൂർവ്വം ടോൾ നൽകാതിരിക്കുകയോ ചെയ്താൽ ആ തുക വാഹനത്തിന്റെ കുടിശികയായി രേഖപ്പെടുത്തും. കുടിശിക തീർപ്പാക്കാത്ത പക്ഷം ടോൾ കുടിശികയുള്ള വാഹനം മറ്റൊരാൾക്ക് വിൽക്കാൻ സാധിക്കില്ല. കൂടാതെ വാണിജ്യ വാഹനങ്ങൾക്കുള്ള നാഷണൽ പെർമിറ്റ് പുതുക്കാനോ പുതിയത് എടുക്കാനോ സാധിക്കില്ല.

Also Read : ടെസ്റ്റ് കഴിഞ്ഞാൽ ഉടൻ സ്പോട്ടില്‍ ലൈസൻസ് !! വമ്പൻ മാറ്റങ്ങളുമായി എംവിഡി

ട്രാഫിക് ചലാനുകൾ ലഭിച്ച് നിശ്ചിത സമയത്തിനുള്ളിൽ പിഴ അടയ്ക്കാത്തവർക്കെതിരെയും കർശന നടപടിയുണ്ടാകും. 45 ദിവസത്തിനുള്ളിൽ പിഴ അടച്ചില്ലെങ്കിൽ ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്യാനും വാഹനത്തിന്റെ ആർ.സി ബ്ലാക്ക് ലിസ്റ്റിൽ പെടുത്തുകയും ചെയ്യും. നിയമലംഘനം നടന്നാൽ മൂന്ന് ദിവസത്തിനുള്ളിൽ മൊബൈൽ സന്ദേശമായോ 15 ദിവസത്തിനുള്ളിൽ കത്ത് മുഖേനയോ വാഹന ഉടമയ്ക്ക് വിവരം നൽകും.

കൊച്ചി ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഓട്ടോറിക്ഷകൾ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധനകൾ ആരംഭിച്ചു. മീറ്റർ ഇടാത്ത ഓട്ടോകൾക്കും അനധികൃത സർവീസുകൾക്കുമെതിരെ നടപടി കടുപ്പിക്കും. റോഡിലെ അച്ചടക്കം ഉറപ്പാക്കുകയും അപകടങ്ങൾ ഗണ്യമായി കുറയ്ക്കുകയുമാണ് ലക്ഷ്യം. നിയമലംഘകരുടെ വിവരങ്ങൾ തൽസമയം ‘വാഹൻ’, ‘സാരഥി’ പോർട്ടലുകളിൽ ലഭ്യമാകും. ഇതോടെ പഴയ പിഴകൾ അടയ്ക്കാത്തവർക്ക് വാഹനവുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങളും തടസ്സപ്പെടും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top