ഇനി രണ്ട് റജിസ്ട്രാറുമായി കേരള വാഴ്സിറ്റി!! ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കി; ഇനി നിര്‍ണായകം ഗവര്‍ണറുടെ നീക്കം

ഒരേ സമയം രണ്ട് റജിസ്ട്രാറുമാര്‍. സമാനതകളില്ലാത്ത പ്രതിസന്ധി തുടരുന്ന കേരള യൂണിവേഴ്‌സിറ്റിയില്‍ ഇനി നിര്‍ണായ തീരുമാനം വരാനുളളത് രാജ്ഭവനില്‍ നിന്ന്. സിന്‍ഡിക്കേറ്റ് യോഗം സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് റജിസ്ട്രാര്‍ കെഎസ് അനില്‍കുമാര്‍ യൂണിവേഴ്‌സിറ്റിയില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ ഇത് അംഗീകരിക്കാത്ത വിസിയുടെ ചുമതലയുള്ള സിസ തോമസ് റജിസ്ട്രാറായി മിനി കാപ്പനെ നിയമിക്കുകയും ചെയ്തിട്ടുണ്ട്.
Also Read: ഭാരതാംബ വിവാദം കത്തിച്ചുനിർത്താൻ എൽഡിഎഫ്; ഒപ്പം സൂംബയും… മതസംഘടനകളെ അവഗണിക്കും
തന്നെ സസ്പെന്‍ഡ് ചെയ്ത നടപടിയെ ചോദ്യം ചെയ്തുകൊണ്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി കെഎസ് അനില്‍കുമാര്‍ പിന്‍വലിച്ചു. ഇതോടെ കോടതി ഇടപെടല്‍ ഉണ്ടാകില്ലെന്ന് ഉറപ്പായതോടെയാണ് രാജ്ഭവന്റെ തീരുമാനം നിര്‍ണായകമാകുന്നത്. ഇന്ന് പരിഗണിച്ചപ്പോള്‍ ഹര്‍ജി പിന്‍വലിക്കുന്നതായി അനില്‍കുമാര്‍ ഹൈക്കോടതിയെ അറിയിച്ചു. താന്‍ ചുമതല തിരികെ ഏറ്റെടുത്തതായും അനില്‍കുമാര്‍ ഹൈക്കോടതിയെ അറിയിച്ചു.
വിസിയുടെ ചുമതലയുള്ള സിസാ തോമസിനു വേണ്ടി ഹാജരായ സ്വകാര്യ അഭിഭാഷകന്‍ ഈ നീക്കത്തെ എതിര്‍ത്തെങ്കിലും കോടതി അത് പരിഗണിച്ചില്ല. എന്തെങ്കിലും ആക്ഷേപം ഉണ്ടെങ്കില്‍ പിന്നീട് മറ്റൊരു ഹര്‍ജി നല്‍കാമെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു. ഇതോടെ ഹൈക്കോടതിയില്‍ നിന്ന് എന്തെങ്കിലും പരാമര്‍ശം ഉണ്ടാകുമോ എന്ന സിപിഎമ്മിന്റെ ആശങ്കയാണ് മാറിയത്.
Also Read: ‘മന്നത്ത് പത്മനാഭന്റെ ചിത്രത്തിനൊപ്പം ഭാരതാംബ’ !! ആർഎസ്എസ് നേതാവിനെ ഇറക്കിവിട്ട് എൻഎസ്എസുകാർ
നിലവിലെ പ്രതിസന്ധിയിൽ ഗവർണർ വിസിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അത് ലഭിക്കുന്ന മുറക്ക് തീരുമാനം ഉണ്ടാകും. ഭാരതാംബ ചിത്ര വിവാദത്തിൻ്റെ തുടർച്ചയായാണ് റജിസ്ട്രാറുടെ സസ്പെൻഷനും ഉണ്ടായത്. ജൂൺ 25ന് സെനറ്റ് ഹാളിൽ ഗവർണർ മുഖ്യാതിഥിയായി നടത്താനിരുന്ന പരിപാടിക്ക് രജിസ്ട്രാർ അനുമതി നിഷേധിച്ചു. കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രംവെച്ചതായിരുന്നു കാരണം.
പിന്നാലെ എസ്എഫ്ഐയും പ്രതിഷേധം ഉയർത്തി. എന്നാൽ ഗവർണർ പങ്കെടുത്ത് പരിപാടി നടന്നു. ഇതിന് തൊട്ടുപിന്നാലെ രജിസ്ട്രാർ പരാതി നൽകി പൊലീസിനെക്കൊണ്ട് കേസെടുപ്പിച്ചു. പരിപാടി അലങ്കോലമാക്കാൻ ചിലരുടെ താൽപര്യപ്രകാരം പ്രവർത്തിച്ചെന്ന് കണ്ടെത്തി വൈസ് ചാൻസലർ സസ്പെൻഡ് ചെയ്ത രജിസ്ട്രാറെ കഴിഞ്ഞ ദിവസമാണ് അസാധാരണ നീക്കത്തിലൂടെ സിൻഡിക്കറ്റ് യോഗം ചേർന്ന് തിരിച്ചെടുത്തത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here