കേരളയില്‍ വലിയ രാഷ്ട്രീയ നീക്കങ്ങള്‍; ജോയിൻ്റ് റജിസ്ട്രാറെ മാറ്റി വിസി; ഗവര്‍ണറും സര്‍ക്കാരും ജഗഡ ജഗഡ…

കേരള സര്‍വകലാശാലയില്‍ ഭാരതാംബ വിവാദത്തിന്റെ ചുവട് പിടിച്ച് നടക്കുന്നത് വമ്പന്‍ രാഷ്ട്രീയ നീക്കങ്ങള്‍. വിസിയുടെ ചുമതലയുള്ള സിസ തോമസിനെ തള്ളി സിന്‍ഡിക്കറ്റ് ഇന്നലെ സസ്‌പെന്‍ഷന്‍ റദ്ദാക്കി തിരിച്ചെടുത്ത രജിസ്ട്രാര്‍ ഡോ.കെ.എസ്. അനില്‍കുമാര്‍ ഇന്ന് സര്‍വകലാശാലാ ആസ്ഥാനത്ത് എത്തി ജോലിയില്‍ പ്രവേശിച്ചു. കൂടാതെ വിസി ചുമതല നല്‍കിയ ജോയിന്റ് രജിസ്ട്രാര്‍ പി.ഹരികുമാര്‍ അവധിയില്‍ പ്രവേശിക്കുകയും ചെയ്തു.
സസ്‌പെന്‍ഷന്‍ നടപടി ചോദ്യം ചെയ്ത് റജിസ്ട്രാര്‍ അനില്‍കുമാര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിക്കും. സിന്‍ഡിക്കറ്റ് സസ്‌പെന്‍ഷന്‍ റദ്ദാക്കിയ പശ്ചാത്തലത്തിലാണ് തീരുമാനം. ഇന്ന് ഹൈക്കോടതി ഹര്‍ജി പരിഗണിക്കുന്ന ഘട്ടത്തില്‍ ഇക്കാര്യം അറിയിക്കാനാണ് തീരുമാനം.
എന്നാല്‍ ഒരിഞ്ച് പിന്നോട്ടില്ല എന്നാണ് വിസിയുടെ ചുമതലയുള്ള സിസ തോമസിന്റെ നിലപാട്. രജിസ്ട്രാറുടെ ചുമതല, ജോയിന്റ് രജിസ്ട്രാര്‍ ഹരികുമാറില്‍ നിന്ന് മാറ്റി മറ്റൊരു ജോയിന്റ് രജിസ്ട്രാറായ മിനി കാപ്പന് നല്‍കി. ഭരണ വിഭാഗത്തിന്റെ ചുമതല ഹേമ ആനനന്ദിനും കൈമാറി.
അനില്‍കുമാറിന്റെ സസ്പെന്‍ഷനില്‍ വി.സി.യും സിന്‍ഡിക്കേറ്റും രണ്ടുതട്ടിലാണ്. സിന്‍ഡിക്കേറ്റ് സസ്‌പെന്‍ഷന്‍ റദ്ദാക്കിയെന്ന് അറിയിച്ചെങ്കിലും സിസാ തോമസ് ഇത് നിഷേധിച്ചിരുന്നു. വിസി യോഗത്തില്‍ നിന്ന് പോയതിന് ശേഷമാണ് സിന്‍ഡിക്കേറ്റ് ഈ തീരുമാനമെടുത്തത്. ഹൈക്കോടതിയില്‍ വിസി ചുമതലപ്പെടുത്തിയ പ്രത്യേക അഭിഭാഷകന്‍ ഹര്‍ജി പരിഗണിക്കുമ്പോള്‍ വ്യക്തമാക്കുകയും ചെയ്യും.
ഗവര്‍ണര്‍ പങ്കെടുത്ത സെനറ്റ് ഹാളിലെ ചടങ്ങില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രംവെച്ചതിലാണ് തര്‍ക്കത്തിൻ്റെ തുടക്കം. മതചിഹ്നങ്ങളോ ആരാധനയോ പാടില്ലെന്ന സര്‍വകലാശാലാചട്ടം സംഘാടകര്‍ ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി രജിസ്ട്രാര്‍, ഹാളിനുള്ള അനുമതി നിഷേധിച്ചു. എന്നാല്‍, ഗവര്‍ണര്‍ ചടങ്ങിനെത്തിയതോടെ സെമിനാര്‍ നടന്നു. പിന്നാലെയാണ് രജിസ്ട്രാറെ വിസി സസ്‌പെന്‍ഡ് ചെയ്തത്.
വിവാദങ്ങളില്‍ റിപ്പോര്‍ട്ട് തേടി ഗവര്‍ണറും നീക്കം ശക്തമാക്കിയിട്ടുണ്ട്. വിസി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയ സിന്‍ഡിക്കറ്റ് യോഗ തീരുമാനത്തെ മരവിപ്പിക്കാനും സാധ്യതയുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here