സിന്‍ഡിക്കറ്റ് പിരിച്ചുവിടാന്‍ സാധ്യത; കേരളയില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഗവര്‍ണറില്ല; ആര്‍ലേക്കറിന് പുറത്തിറങ്ങാന്‍ കഴിയാത്ത പ്രതിഷേധത്തിന് സിപിഎം

രണ്ട് റജിസ്ട്രാറുമായി പ്രവര്‍ത്തിക്കുന്ന കേരള സര്‍വകലാശാലയില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ കടുത്ത നടപടിക്ക് ഒരുങ്ങുന്നു. സര്‍വകലാശാല സിന്‍ഡിക്കറ്റിനെ മുഴുവനായി പിരിച്ചുവിടാനുള്ള നീക്കമാണ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ നടത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് രാജ്ഭവന്‍ നിയമോപദേശം തേടി.
സെനറ്റ് ഹാളില്‍ ഗവര്‍ണര്‍ പങ്കെടുത്ത ചടങ്ങില്‍ ഭാരതാംബ ചിത്രം വച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് പരിപാടിക്ക് അനുമതി നിഷേധിച്ച റജിസ്ട്രാറെ വിസി സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ സിപിഎം ഭൂരിപക്ഷമുളള സിന്‍ഡിക്കറ്റ് ഈ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. താന്‍ യോഗത്തില്‍ നിന്നും ഇറങ്ങിയ പോയ ശേഷമുള്ള തീരുമാനത്തെ വിസിയുടെ ചുമതലയുള്ള സിസ തോമസ് അംഗീകരിച്ചില്ല.
ചുമതല നല്‍കിയ ജോയിന്റ് റജിസ്ട്രാര്‍ അവധിയില്‍ പോയതോടെ മറ്റൊരു ജോയിന്റ് റജിസ്ട്രാര്‍ മിനി കാപ്പന് ചുമതല നല്‍കി. സിന്‍ഡിക്കറ്റ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതോടെ അനില്‍കുമാറും ഓഫീസില്‍ എത്തിയിട്ടുണ്ട്. ഇതോടെ രണ്ട് റജിസ്ട്രാറുമായാണ് സര്‍വകലാശാല മുന്നോട്ടു പോകുന്നത്.
സര്‍വകലാശാലയിലെ പ്രതിസന്ധികളില്‍ ഗവര്‍ണര്‍ വിസിയോട് റിപ്പോര്‍ട്ട് ചോദിച്ചിരുന്നു. ഇന്നലെ തന്നെ സിസ തോമസ് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സിന്‍ഡിക്കറ്റ് പിരിച്ചുവിടാനുള്ള നീക്കം ഗവര്‍ണര്‍ നടത്തുന്നത്.
സിന്‍ഡിക്കറ്റ് പിരിച്ചുവിട്ടാല്‍ ശക്തമായ പ്രക്ഷോഭം എന്ന നിലപാടിലാണ് സിപിഎം. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന് രാജ്ഭവനില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത തരത്തിലുളള പ്രതിഷേധം എന്നാണ് സിപിഎം പറയുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here