മുഖ്യമന്ത്രി ഗവര്‍ണറെ കണ്ടിട്ടും കേരളയിലെ പ്രശ്‌നങ്ങള്‍ തീരുന്നില്ല; ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്ന് വിസി; രജിസ്ട്രാറുടെ ശമ്പളം തടയും

കേരള സര്‍വകലാശാലയിലെ വിസി രജിസ്ട്രാര്‍ തര്‍ക്കം പരിഹാരം ഇല്ലാതെ തുടരുന്നു. വിസിയുടെ സസ്‌പെന്‍ഷന്‍ സിന്‍ഡിക്കറ്റ് റദ്ദാക്കിയതിനെ തുടര്‍ന്ന് ജോലിക്കെത്തിയ രജിസ്ട്രാര്‍ കെഎസ് അനില്‍ കുമാറിന്റെ ശമ്പളം തടയും. വിസി മോഹനന്‍ കുന്നുമ്മല്‍ ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കി. ഇതോടെ രജിസ്ട്രാറുടെ കാര്യത്തില്‍ ഒരു വിട്ടവീഴ്ചയ്ക്കും ഇല്ലെന്ന സന്ദേശം തന്നെയാണ് വിസി നല്‍കുന്നത്. അനില്‍ കുമാറിന് നിയമപ്രകാരമുള്ള ഉപജീവന ബത്ത മാത്രം അനുവദിക്കാനാണ് വിസി ഫൈനാന്‍സ് ഓഫീസര്‍ക്കു നിര്‍ദ്ദേശം നല്‍കിയത്.
സെനറ്റ് ഹാളിലെ ഗവര്‍ണര്‍ പങ്കെടുത്ത് പരിപാടിയില്‍ ഭാരതാംബ ചിത്രം വച്ചതിനെ തുടര്‍ന്ന് ആരംഭിച്ച തര്‍ക്കങ്ങളാണ് പരിഹാരമില്ലാതെ തുടരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ രാജ്ഭവനില്‍ നേരിട്ട് എത്തി സംസാരിച്ചിട്ടും പ്രശ്‌ന പരിഹാരം അകലെയാണ്. ആദ്യം വീറോടെ പൊരുതിയെങ്കിലും സിപിഎം നിയന്ത്രണത്തിലുള്ള സിന്‍ഡിക്കറ്റും എസ്എഫ്‌ഐയും പിന്നോട്ട് പോവുകയായിരുന്നു. തെരുവില്‍ വലിയ സമരങ്ങള്‍ നടത്തുകയും വിസിയെ സര്‍വകലാശാലയില്‍ കാലു കുത്തിക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്ത എസ്എഫ്‌ഐ പൊടുന്നനെയാണ് സമരം നിര്‍ത്തിയത്. ഇതോടെയാണ് വിസി സര്‍വകലാശാലയില്‍ എത്തിയത്.
മറ്റ് എന്ത് കാര്യത്തിലും സമവായം ഉണ്ടാക്കിയാലും രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന നിലപാടിലാണ് വിസി. ജൂലൈ രണ്ടിനാണ് പ്രത്യേക അധികാരം ഉപയോഗിച്ച് അനില്‍ കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ ജൂലായ് ആറിന് വിസിയുടെ അസാന്നിധ്യത്തില്‍ ഇടതുപക്ഷ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ യോഗം ചേര്‍ന്ന് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. തുടര്‍ന്ന് വിസിയെ വെല്ലുവിളിച്ച് രജിസ്ട്രാര്‍ ഓഫീസിലെത്തി. ഇത് സിപിഎം ആഘോഷമാക്കുകയും ചെയ്തു. രജിസ്ട്രാറെ തടയണം, വാഹനം പിടിച്ചെടുക്കണം തുടങ്ങിയ വിസിയുടെ ഉത്തരവുകളൊന്നും പാലിക്കപ്പെട്ടില്ല. ഇതോടെയാണ് വിസിയും കടുത്ത നടപടികളിലേക്ക് കടന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here