നിങ്ങൾ വോട്ടർപട്ടികയിലുണ്ടോ? 37 ലക്ഷം പേർക്ക് നോട്ടീസ്; രേഖകൾ ഹാജരാക്കാൻ ഫെബ്രുവരി 14 വരെ സമയം

കേരളത്തിലെ വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട എസ്ഐആർ നടപടികൾ കൂടുതൽ സങ്കീർണ്ണമാകുന്നു. പട്ടികയിൽ പേര് നിലനിർത്തുന്നതിനായി രേഖകൾ ഹാജരാക്കേണ്ടവരുടെ എണ്ണം നേരത്തെ കണക്കാക്കിയതിനേക്കാൾ ഇരട്ടിയായി വർദ്ധിച്ചു. നിലവിൽ 37 ലക്ഷത്തോളം വോട്ടർമാരോടാണ് രേഖകൾ ഹാജരാക്കാൻ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഇതിൽ 13.5 ലക്ഷം വോട്ടർമാർക്ക് മാത്രമാണ് ഇതുവരെ നേരിട്ട് നോട്ടീസ് ലഭിച്ചിട്ടുള്ളത്. ഹിയറിംഗിൽ പങ്കെടുത്ത് രേഖകൾ കൃത്യമാക്കാനുള്ള അവസാന തീയതി ഫെബ്രുവരി 14 ആണ്. വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് പരാതി നൽകാനുള്ള സമയം ഈ മാസം 30 വരെ നീട്ടിയിട്ടുണ്ട്.
19.32 ലക്ഷം പേർക്ക് നോട്ടീസ് അയക്കുമെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചിരുന്നത് എങ്കിലും ഇആർഒമാർ 37 ലക്ഷത്തോളം പേർക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഇതോടെ ലക്ഷക്കണക്കിന് ആളുകൾ വോട്ടർപട്ടികയിൽ നിന്ന് പുറത്താകുമോ എന്ന ആശങ്കകളും വിലനിൽക്കുന്നു. കരട് പട്ടികയിൽ നിന്ന് പുറത്തായവരുടെ വിവരങ്ങൾ തദ്ദേശ സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കണമെന്നും രേഖകൾ സമർപ്പിക്കാൻ സമയം നീട്ടി നൽകണമെന്നും സുപ്രീംകോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. വോട്ടർപട്ടികയുടെ അന്തിമ രൂപം ഫെബ്രുവരി 21-ന് പ്രസിദ്ധീകരിക്കും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here