ഹസീനയുമായുള്ള പക, ഇന്ത്യയോടുള്ള ശത്രുത; ഖാലിദ സിയയുടെ വിയോഗം നയതന്ത്ര ലോകത്തും ചർച്ചയാകുന്നു

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) അധ്യക്ഷയുമായ ഖാലിദ സിയ (80) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു ഖാലിദ. ബംഗ്ലാദേശിന്റെ ചരിത്രത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായിരുന്നു അവർ. ബംഗ്ലാദേശ് മുൻ പ്രസിഡന്റ് സിയാവുർ റഹ്മാന്റെ ഭാര്യയായിരുന്ന ഖാലിദ, 1981-ൽ അദ്ദേഹത്തിന്റെ വധത്തെത്തുടർന്നാണ് രാഷ്ട്രീയത്തിൽ സജീവമായത്.
ഒരു സാധാരണ വീട്ടമ്മയിൽ നിന്നും പോരാട്ടവീര്യമുള്ള രാഷ്ട്രീയ നേതാവിലേക്കുള്ള അവരുടെ വളർച്ച നാടകീയമായിരുന്നു. ‘ബീഗം’ എന്ന് അനുയായികൾ ആദരവോടെ വിളിച്ചിരുന്ന ഖാലിദ , ഷെയ്ഖ് ഹസീനയുടെ കടുത്ത രാഷ്ട്രീയ എതിരാളിയായാണ് അറിയപ്പെട്ടിരുന്നത്. ബംഗ്ലാദേശ് രാഷ്ട്രപിതാവ് ഷെയ്ഖ് മുജീബുർ റഹ്മാന്റെ മകളാണ് ഹസീന. മുജീബുർ റഹ്മാന്റെ വധത്തിന് പിന്നിൽ സിയാവുർ റഹ്മാന് പങ്കുണ്ടെന്ന ആരോപണം ഹസീന ഉയർത്തിയിരുന്നു. മുജീബുർ റഹ്മാൻ കൊല്ലപ്പെട്ട ഓഗസ്റ്റ് 15-ന് ഖാലിദ സിയ തന്റെ ജന്മദിനം ആഘോഷിക്കുന്നത് ഷെയ്ഖ് ഹസീനയെ ചൊടിപ്പിച്ചിരുന്നു.

2009-ൽ ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തിലെത്തിയതോടെ ഖാലിദ സിയയുടെ രാഷ്ട്രീയ ജീവിതം പ്രതിസന്ധിയിലായി. അഴിമതിക്കേസുകളിൽ ഖാലിദ ജയിലിലായി. ഒടുവിൽ 2024 ഓഗസ്റ്റിൽ ഉണ്ടായ വലിയ ജനകീയ പ്രക്ഷോഭത്തെത്തുടർന്ന് ഷെയ്ഖ് ഹസീനയ്ക്ക് അധികാരം ഒഴിഞ്ഞു ഇന്ത്യയിലേക്ക് പലായനം ചെയ്യേണ്ടി വന്നു. തൊട്ടുപിന്നാലെ ഖാലിദ സിയ ജയിൽമോചിതയായി.
Also Read : ഷെയ്ഖ് ഹസീനയെ കൈമാറണം; ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ട് ബംഗ്ലാദേശ്
ഖാലിദ സിയയുടെ ഭരണകാലത്ത് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം പലപ്പോഴും സങ്കീർണ്ണമായിരുന്നു. ഖാലിദയുടെ ഭരണത്തിന് കീഴിൽ ബംഗ്ലാദേശ് സ്വീകരിച്ച തീവ്ര ദേശീയ നിലപാടുകളും ചില ഇന്ത്യാ വിരുദ്ധ സമീപനങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളലുകൾ വീഴ്ത്തി. ഖാലിദ സിയയുടെ പാർട്ടി ജമാഅത്തെ ഇസ്‌ലാമി പോലുള്ള സംഘടനകളുമായി സഖ്യത്തിലായിരുന്നു.
Also Read : ലാമ മുതൽ ഷേക്ക് ഹസീന വരെ; രാഷ്ട്രീയാഭയം തേടിയവരെ കൈവിടാത്ത ഇന്ത്യയുടെ ചരിത്രം
ഇത് പലപ്പോഴും ഇന്ത്യാ വിരുദ്ധ വികാരങ്ങൾ രാഷ്ട്രീയമായി ഉപയോഗിക്കാൻ അവരെ പ്രേരിപ്പിച്ചു. ഫരാക്ക ബാരേജ് ഉൾപ്പെടെയുള്ള നദീജല പങ്കിടൽ വിഷയങ്ങളിൽ ഇന്ത്യയുമായി കടുത്ത വിയോജിപ്പുകൾ പ്രകടിപ്പിക്കുകയും അന്താരാഷ്ട്ര തലത്തിൽ ഈ വിഷയം ഉയർത്താൻ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും, ഏഷ്യൻ രാഷ്ട്രീയത്തിൽ ഇന്ത്യക്ക് അവഗണിക്കാൻ കഴിയാത്ത സ്വാധീനശക്തിയായിരുന്നു ഖാലിദ സിയ.
അഴിമതി ആരോപണങ്ങളെത്തുടർന്ന് ദീർഘകാലം ജയിൽവാസവും വീട്ടുതടങ്കലും അവർക്ക് അനുഭവിക്കേണ്ടി വന്നു. ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നെങ്കിലും തന്റെ പാർട്ടിയുടെ ആവേശമായി അവർ നിലകൊണ്ടു. ഷെയ്ഖ് ഹസീന സർക്കാർ അധികാരമൊഴിഞ്ഞതിന് പിന്നാലെയാണ് ഖാലിദ സിയ പൂർണ്ണമായി മോചിതയായത്. ഖാലിദ സിയയുടെ വിയോഗത്തോടെ ബംഗ്ലാദേശ് രാഷ്ട്രീയത്തിലെ ഒരു സുപ്രധാന യുഗത്തിനാണ് അന്ത്യമാകുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here