സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി പതാക ഉയർത്താതിരിക്കാൻ പ്രഖ്യാപിച്ചത് 11 കോടി; കേസെടുത്ത് എൻഐഎ

പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാക ഉയർത്തുന്നത് തടയാൻ, ഖാലിസ്ഥാൻ ഭീകരൻ വാഗ്ദാനം ചെയ്തത് 11 കോടി രൂപയാണ്. യുഎസ് ആസ്ഥാനമായുള്ള ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂനാണ് ഇത് തടയുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചത്. ഇയാൾക്കും ‘സിഖ്സ് ഫോർ ജസ്റ്റിസ്'(SFJ) സംഘടനയ്ക്കുമെതിരെ എൻഐഎ കേസ് രജിസ്റ്റർ ചെയ്തു.
ഇന്ത്യയുടെ പരമാധികാരത്തെ പന്നൂൻ പരസ്യമായി വെല്ലുവിളിക്കുന്ന വീഡിയോ എൻഐഎയ്ക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് ഫയൽ ചെയ്തത്. ഓഗസ്റ്റ് 10 ന് പാകിസ്ഥാനിലെ ലാഹോർ പ്രസ് ക്ലബ്ബിൽ നടന്ന മീറ്റ് ദി പ്രസ്സ് പരിപാടിയിലാണ് പ്രഖ്യാപനം നടത്തിയത്. യുഎസിൽ നിന്ന് വീഡിയോ കോൺഫറൻസ് വഴിയാണ് ഇയാൾ പരിപാടിയിൽ പങ്കെടുത്തത്. വീഡിയോയിലൂടെ ഇന്ത്യക്കെതിരെ രൂക്ഷ വിമർശനമാണ് നടത്തിയത്. പഞ്ചാബ്, ഡൽഹി, ഹരിയാന, ഹിമാചൽ പ്രദേശ് എന്നിവ ഉൾപ്പെടുന്ന ഖാലിസ്ഥാന്റെ ഭൂപടവും പുറത്തിറക്കി.
ഇന്ത്യയുടെ സുരക്ഷയെ വെല്ലുവിളിക്കുകയായിരുന്നു പന്നൂൻ. സിഖുകാർക്കിടയിൽ ഇന്ത്യയ്‌ക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്ന പ്രവർത്തനങ്ങളും നടത്തിയെന്നും എഫ്ഐആറിൽ പറയുന്നു. കൂടാതെ എസ്‌എഫ്‌ജെ, രക്തസാക്ഷി സംഘത്തെ രൂപീകരിച്ചതായും അവകാശപ്പെട്ടു. വളരെ ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കിയാണ് സർക്കാർ എൻഐഎയ്ക്ക് കേസ് കൈമാറിയത്.
ഇതിന് മുമ്പും മോദി സർക്കാരിനെയും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെയും വിമർശിച്ച് പന്നൂൻ രംഗത്തെത്തിയിരുന്നു. ഏപ്രിലിൽ പ്രധാനമന്ത്രി അസം സന്ദർശിച്ചപ്പോൾ വധഭീഷണിയും മുഴക്കി. നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനാണ് 2020 ൽ ഇന്ത്യ ഇയാളെ ഭീകരരുടെ പട്ടികയിൽ പെടുത്തിയത്. രാജ്യദ്രോഹം ഉൾപ്പെടെ 22 ക്രിമിനൽ കേസുകളാണ് നിലവിലുള്ളത്. യുഎസിലെ ഒരു വാഹനാപകടത്തിൽ ഇയാൾ മരിച്ചെന്ന വാർത്തയും പുറത്തുവന്നിരുന്നു. എന്നാൽ മണിക്കൂറുക്കൾക്കകം തന്നെ ആ മരണവാർത്ത നിഷേധിച്ച് പന്നൂൻ രംഗത്തെത്തുകയായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here