രാമചന്ദ്രനെ ഭീകരർ കൊന്നത് മകളുടെ മുന്നിൽവച്ച്, മഞ്ജുനാഥിനെ വെടിവച്ചിട്ടത് ഭാര്യയുടെ മുന്നിൽ… കശ്മീർ പഹൽഗാം കൂട്ടക്കൊലയുടെ നടുക്കുന്ന ചിത്രം

വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് ജമ്മുകാശ്മീരീലെ പഹൽഗാമിൽ എൽഇടി ഭീകരർ ആക്രമണം നടത്തിയത് വൈകിട്ടോടെയാണ്. 26 പേർ കൊല്ലപ്പെട്ടെന്ന് വിവരം പുറത്തു വന്നെങ്കിലും കൂടുതൽ ഞെട്ടിക്കുന്ന കാര്യങ്ങളാണ് ഇപ്പോൾ വെളിവാകുന്നത്. ലോകത്തിന് മുന്നിൽ ഭീതിവിതയ്ക്കുക, അതിനാവശ്യമായ വിധത്തിൽ ഭീകരത അഴിച്ചുവിടുക, അതിനൊപ്പം പരമാവധി ജീവനെടുക്കുക, ഇതാണ് ഭീകരർ ലക്ഷ്യമിട്ടത്. കൊലകളുടെ ഞെട്ടിക്കുന്ന രീതി അതാണ് വ്യക്തമാക്കുന്നത്.

കൊച്ചി ഇടപ്പള്ളിയിൽ നിന്ന് സഞ്ചാരികളുടെ സംഘത്തിൽ ഉൾപ്പെട്ട 68കാരൻ രാമചന്ദ്രൻ ഭാര്യ, മകൾ ഉൾപ്പെടെ ഉള്ളവരുമായാണ് യാത്ര ചെയ്തത്. ഇവരിൽ മകളുടെ കൺമുന്നിലാണ് രാമചന്ദ്രനെ വെടിവച്ചിട്ടത് എന്നാണ് വിവരം. വിദേശത്തായിരുന്ന മകൾ അവധിക്ക് നാട്ടിലെത്തിയപ്പോൾ പ്ലാൻ ചെയ്തത് പ്രകാരമായിരുന്നു യാത്ര. ഹൈദരാബാദിൽ നിന്നുള്ള ഐബി ഉദ്യോഗസ്ഥനായ മനീഷ് രഞ്ജനെയും ഇതേമട്ടിൽ ഭാര്യയുടെയും കുട്ടികളുടെയും മുന്നിൽവച്ചാണ് തീവ്രവാദിസംഘം വകവരുത്തിയത്.

കർണാടക ശിവമൊഗ്ഗയിൽ നിന്നുള്ള ബിസിനസുകാരൻ മഞ്ജുനാഥും പല്ലവിയും മകൻ്റെ സ്കൂൾ അവധി പ്രമാണിച്ചാണ് കശ്മീരിലെത്തിയത്. ഇരുവരുടെയും കൺമുന്നിലാണ് ഭീകരർ മഞ്ജുനാഥിനെ പോയിൻ്റ് ബ്ലാങ്കിൽ വെടിവച്ചത്. തന്നെക്കൂടി കൊല്ലൂവെന്ന് അലറിക്കരഞ്ഞ പല്ലവിയോട് തോക്കേന്തിയ ഒരാൾ പറഞ്ഞത്, നിന്നെ കൊല്ലില്ല, നീ പോയി മോദിയോട് പറയണം എന്നാണ്… തിടുക്കത്തിൽ നാട്ടുകാർ രക്ഷപെടുത്തിയ പല്ലവി പിന്നീട് പൊട്ടിക്കരഞ്ഞ് പ്രാദേശിക പത്രക്കാരോടാണ് ഇത് പറഞ്ഞത്.

ഇങ്ങനെയെല്ലാം നടുക്കുന്ന വിവരങ്ങളാണ് മിനി സ്വിറ്റ്സർലണ്ട് എന്ന് ഇതുവരെ അറിയപ്പെട്ട സഞ്ചാരികളുടെ പ്രിയപ്പെട്ട, പഹൽഗാമിലെ ബൈസാരൻ വാലിയിൽ നിന്ന് വരുന്നത്. ഇനിയൊരിക്കലും ഇവിടം സഞ്ചാരികളുടെ പറുദീസയാകില്ല. വിദേശസഞ്ചാരികളെ അടക്കം ഉന്നമിട്ടവരുടെ ലക്ഷ്യവും അത് തന്നെയാകാം. ലോകത്തിൻ്റെയാകെ ശ്രദ്ധ കശ്മീർ താഴ്വരയിലേക്ക് ആയിക്കഴിഞ്ഞു. ആക്രമണത്തിൽ വിവിധ രാഷ്ട്രനേതാക്കളുടെ പ്രതികരണങ്ങൾ വന്നുകൊണ്ടിരിക്കുകയുമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top