കെഎം മാണി സ്മാരകം എവിടെ? ആറു വര്‍ഷം കഴിഞ്ഞിട്ടും പാലായില്‍ പഠനകേന്ദ്രം വന്നില്ല; ജോസ് കെ മാണിക്ക് മൗനമെന്ന് അണികളുടെ വിമര്‍ശനം

ആറ് വര്‍ഷം കഴിഞ്ഞിട്ടും ഇടത് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത കെഎം മാണി സ്മാരകം കടലാസില്‍ ഉറങ്ങുന്നു. മുന്നണിയിലെ മൂന്നാമത്തെ വലിയ കക്ഷിയായിട്ടും പാര്‍ട്ടി നേതാവിന്റെ ഓര്‍മ്മ നിലനിര്‍ത്താന്‍ ഉചിതമായ പദ്ധതി നടപ്പാക്കാത്തതില്‍ കേരള കോണ്‍ഗ്രസ് അണികള്‍ക്കിടയില്‍ ശക്തമായ അമര്‍ഷമുണ്ട്. അത് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിക്ക് നേരെ വിമര്‍ശനമായി ഉയരുകയാണ്.
മുന്‍ ധനമന്ത്രി കെഎംമാണിക്കു പാലായില്‍ സ്മാരകമന്ദിരം നിര്‍മിക്കുന്നതിന് അദ്ദേഹത്തിന്റെ പേരിലുളള ഫൗണ്ടേഷന് അഞ്ചു കോടി രൂപ അനുവദിച്ചു കൊണ്ട് 2020- 21 ലെ ബജറ്റില്‍ ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപനം നടത്തിയിരുന്നു. പഠന കേന്ദ്രം തുടങ്ങാനായിരുന്നു തുക നീക്കിവെച്ചത്. 2020 ഫെബ്രുവരി ഏഴിന് തോമസ് ഐസക്ക് അവതരിപ്പിച്ച ശേഷം പിന്നീട് ആറ് ബജറ്റുകള്‍ കൂടി നിയമസഭയില്‍ അവതരിപ്പിച്ചു. ഈ മാസം 29 ന് രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റും അവതരിപ്പിക്കും. എന്നാല്‍ മാണി സ്മാരകം മാത്രം കടലാസില്‍ ഇരിക്കുകയാണ്.
ALSO READ : പാലായില്‍ വാടിക്കരിഞ്ഞ് ജോസ് കെ മാണിയുടെ രണ്ടില; മധുരപ്രതികാരവുമായി ബിനു പുളിക്കകണ്ടം
കെഎം മാണിയെ ബഹുമാനിക്കുന്ന വലിയൊരു വിഭാഗം കേരളത്തില്‍ ഉണ്ടെന്നും അദ്ദേഹത്തിന് സ്മാരകം നിര്‍മിക്കാനായി പണം അനുവദിച്ചത് രാഷ്ട്രീയ മാന്യതയാണെന്നുമായിരുന്നു ധനമന്ത്രി തോമസ് ഐസക് അക്കാലത്ത് നല്‍കിയ വിശദീകരണം. പഠന ഗവേഷണ കേന്ദ്രത്തിന് അഞ്ചു കോടി രൂപ നല്കണമെന്ന് താന്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ആവശ്യപ്പെട്ടിരുന്നു എന്ന് ജോസ് കെ മാണി 2020 ഫെബ്രുവരിയില്‍ പറഞ്ഞിരുന്നു്. എന്നിട്ടും സ്മാരക നിര്‍മ്മാണത്തിനായി തുകയോ സ്ഥലമോ ഇതുവരേയും അനുവദിച്ചില്ല. എന്തുകൊണ്ടാണ് സ്മാരക നിര്‍മ്മാണം വൈകുന്നതെന്ന് സര്‍ക്കാരോ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പോ വ്യക്ത വരുത്തുന്നതുമില്ല.
ഉടന്‍ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി എല്‍ഡിഎഫ് നടത്തുന്ന മൂന്ന് മേഖല ജാഥകളില്‍ മധ്യ മേഖല ജാഥ നയിക്കുന്നത് ജോസ് കെ മാണിയാണ്. പാര്‍ട്ടിയുടെ സ്ഥാപക നേതാവിന്റെ പേരില്‍ വാഗ്ദാനം ചെയ്ത സ്മാരകം നിര്‍മ്മാണം വൈകുന്നതിന് ജാഥക്കാലത്ത് ചെയര്‍മാന്‍ എന്തു മറുപടി നല്‍കുമെന്നാണ് അണികള്‍ കാത്തിരിക്കുന്നത്. കെഎം മാണിയുടെ നിര്യാണത്തിനു ശേഷം മാണി ഗ്രൂപ്പ് യുഡിഎഫ് വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലായിരുന്നു പിണറായി സര്‍ക്കാര്‍ മാണിക്ക് സ്മാരക നിര്‍മ്മിക്കാന്‍ ബജറ്റില്‍ തുക അനുവദിച്ചത്. 2020 മെയ് മാസത്തിലാണ് ജോസ് കെ മാണിയും കൂട്ടരും എല്‍ഡിഎഫില്‍ ചേര്‍ന്നത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാലം ധനകാര്യവകുപ്പ് കൈകാര്യം ചെയ്ത മന്ത്രിയാണ് കെഎം മാണി. കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ മന്ത്രിസഭകളില്‍ അംഗമായിരുന്നു അദ്ദേഹം. ഏറ്റവും കൂടുതല്‍ തവണ മന്ത്രിയായ വ്യക്തിയും ഇദ്ദേഹമാണ്. ഏറ്റവും കൂടുതല്‍ നിയമസഭകളില്‍ മന്ത്രിയായിരുന്ന വ്യക്തി എന്ന റെക്കോര്‍ഡും ഇദ്ദേഹത്തിന്റെ പേരിലാണ്. മന്ത്രിയായിരുന്ന കാലത്ത് ഏറ്റവും കൂടുതല്‍ കാലം ധനവകുപ്പും (11 വര്‍ഷം 8 മാസം) നിയമ വകുപ്പും (21 വര്‍ഷം 2 മാസം) കൈകാര്യം ചെയ്തുവെന്ന റിക്കോര്‍ഡ് അദ്ദേഹത്തിന്റെ പേരിലാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here