തോക്കെടുത്ത് കൊച്ചി വീണ്ടും; പോയിൻ്റ് ബ്ലാങ്കിൽ നിർത്തി തട്ടിയത് 80 ലക്ഷം

കൊച്ചിയില്‍ പട്ടാപ്പകല്‍ തോക്കു ചൂണ്ടി കവര്‍ച്ച. കുണ്ടന്നൂരിലെ നാഷണല്‍ സ്റ്റീല്‍ വില്‍പ്പന കേന്ദ്രത്തിലാണ് കവര്‍ച്ച നടന്നത്. അഞ്ചംഗ സംഘമാണ് സ്ഥാപനത്തില്‍ എത്തിയത്. മുഖം മറച്ച് എത്തിയ സംഘം ആദ്യം തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി. പിന്നാലെ പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ച ശേഷമാണ് പണം തട്ടിയെടുത്തത്. 80 ലക്ഷം രൂപയാണ് കവർച്ച ചെയ്തത്. പിന്നാലെ വേഗത്തില്‍ രക്ഷപ്പെടുകയും ചെയ്തു. നമ്പർപ്ലേറ്റ് മറച്ച കാറിലാണ് സംഘം രക്ഷപ്പെട്ടത്.

സംഭവുമായി ബന്ധപ്പെട്ട ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വടുതല സ്വദേശി സജിയാണ് പോലീസ് കസ്റ്റഡിയില്‍ ഉള്ളത്. പണം ഇരട്ടിപ്പിക്കല്‍ സംഘമാണ് കവര്‍ച്ച നടത്തിയത് എന്നാണ് നിഗമനം. 80 ലക്ഷം രൂപ നല്‍കിയാല്‍ ഇരട്ടിയായി തിരികെ നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് സ്റ്റീല്‍ വില്‍പ്പന കേന്ദ്രം ഉടമയായ സുബിനെ ഒരു സംഘം സമീപിച്ചിരുന്നു. പോലീസ് കസ്റ്റഡിയിലുള്ള സജിയാണ് ഇതിന് ഇടനില നിന്നത്. ഇത് വിശ്വസിച്ച് സുബിന്‍ പണം സ്ഥാപനത്തില്‍ സൂക്ഷിച്ചിരുന്നു. ഈ പണമാണ് കവര്‍ച്ച ചെയ്തത്. പണം ഇരട്ടിപ്പിക്കല്‍ സംബന്ധിച്ച് സംഘവും സുബിനും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഇതേ തുടര്‍ന്നാണ് പട്ടാപ്പകല്‍ കവര്‍ച്ച നടത്താന്‍ പദ്ധതി തയാറാക്കിയത്.

ഇതിന് മുന്‍പ് 2018ലാണ് നടി ലീന മരിയ പോളിന്റെ കൊച്ചി പനമ്പിളി നഗറിലെ നെയില്‍ ആര്‍ട്ടിസ്ട്രി എന്ന ബ്യൂട്ടി പാര്‍ലറില്‍ രണ്ടംഗ സംഘം തോക്കെടുത്ത് വെടിയുതിര്‍ത്തത്. നടിയുടെയും ഭര്‍ത്താവിന്റെയും പക്കല്‍ നിന്ന് കോടികള്‍ തട്ടാനുള്ള ഭീഷണിയുടെ ഭാഗമായി അന്താരാഷ്ട്ര കുറ്റവാളി രവി പൂജാരിയുടെ സംഘമാണ് അത് നടത്തിയതെന്ന് വ്യക്തമായിരുന്നു. സാമ്പത്തികതട്ടിപ്പ് കേസില്‍ തിഹാര്‍ ജയിലില്‍ തടവില്‍ കഴിയുകയായിരുന്നു ലീനയുടെ ഭര്‍ത്താവ് സുകാഷ് ചന്ദ്രശേഖര്‍.

അതിനു മുന്‍പ് 2016 ഫെബ്രുവരി അഞ്ചിനാണ് കൊച്ചിയിലെ അബ്കാരി കരാറുകാരന്‍ മിഥില മോഹനെ അഞ്ജാത സംഘം വെണ്ണലയിലെ വീട്ടില്‍ കയറി വെടിവച്ചു കൊന്നത്. തമിഴ്‌നാട്ടില്‍ നിന്നുള്ള ക്വട്ടേഷന്‍ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് കണ്ടെത്തിയത് വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിന് ശേഷമാണ്. പിന്നെയും ഒരുപാട് നീണ്ട അന്വേഷണങ്ങള്‍ക്ക് ശേഷം 2017ലാണ് കേസിലെ യഥാര്‍ത്ഥ പ്രതി പിടിയിലായത്. കൊല്ലപ്പെട്ട മോഹന്റെ ബിസിനസ് പങ്കാളിയായിരുന്ന കുരുമുളക് കണ്ണന്‍ എന്ന സന്തോഷ് കുമാര്‍ പിന്നീട് പൊലീസിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top